അഴിമതിയാരോപണം; സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍

0

സൗദിയില്‍ അഴിമതിയാരോപണം നേരിട്ട 11 സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍.  11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സൗദിയില്‍ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഇതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്.

മന്ത്രി സഭയില്‍ വന്‍ അഴിച്ച് പണിയ്ക്കുള്ള സാധ്യതയാണ് രാജകുമാരന്മാരുടെ അറസ്റ്റോടെ സൗദിയില്‍ നില നില്‍ക്കുന്നത്. മൂന്ന് മന്ത്രിമാരെ തത്സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയത്. കുറ്റം ചെയ്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും, അവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും കമ്മറ്റിയ്ക്ക് അധികാരമുണ്ട്. അദെല്‍ ബിന്‍ മുഹമ്മദ് ഫാക്വിഹ്, മിതെബ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്, അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ സുല്‍ത്താന്‍ എന്നിവരാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍.

ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ അഴിമതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ നിയമിച്ച കമ്മറ്റിയാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.