സൗദിയിൽ ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്

0

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്​ സൗദിയിൽ നടപ്പിൽ വരും.  മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ന് ആണെന്ന് സക്കാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.

പ്രതിവർഷ വരുമാനം 3,75,000 റിയാലും അതിൽ കൂടുതലും വിറ്റുവരവുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ് എന്നതാണ് പുതിയ വിവരം. നേരത്തെ പത്തു ലക്ഷം റിയാലിന് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഈ മാസം 20 ന് മുമ്പായി രജിസ്‌ട്രേഷൻ നിർബന്ധമായിരുന്നുള്ളൂ.

മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
എന്നാൽ 1,87,500 റിയാൽ മുതൽ 3,75,000 റിയാൽ വരെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമില്ല. 1,87,500 റിയാലിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുമില്ല.

സക്കാത്ത് നികുതി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ വാറ്റ് ഈടാക്കിയാൽ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. കൂടാതെ സ്ഥാപന നടത്തിപ്പുകാർക്കെതിരെ നിയമം അനുശാസിക്കുന്ന മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കും. വാറ്റ് ബില്ലിൽ കൃത്രിമം കാണിക്കുന്ന പക്ഷം സേവനത്തിന് ഈടാക്കുന്ന തുകയുടെയും ചരക്കുകളുടെ വിൽപന മൂല്യത്തിന്റെയും മൂന്നിരട്ടി വരെ പിഴയൊടുക്കേണ്ടിവരുമെന്നും സക്കാത്ത് നികുതി അതോറിറ്റി താക്കീത് നൽകി.

ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഇ-ആപ്പുകൾ വഴിയും ഉൽപന്നങ്ങൾ വാങ്ങുന്നതിനും മൂല്യവർധിത നികുതി ബാധകമായിരിക്കുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു. നികുതി അടയ്ക്കാതെ ഒരു ഉൽപന്നങ്ങൾക്കും സൗദി കസ്റ്റംസ് ക്ലിയറൻസ് നൽകില്ല. ജനുവരി ഒന്നു മുതൽ സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽവരും.

ഓൺലൈൻ വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട ആഗോള കമ്പനികൾ സക്കാത്ത്, നികുതി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. ഓൺലൈൻ വ്യാപാര മേഖലയിൽ നിന്ന് മൂല്യവർധിത നികുതി ഈടാക്കുന്നത് ക്രമീകരിക്കുന്ന സംവിധാനം സക്കാത്ത്, നികുതി അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പരസ്യപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

വാറ്റ് രജിസ്റ്റർ ചെയ്യുന്നതിനായി ആദ്യം അതോറിറ്റി നിശ്ചയിച്ച വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷം വാറ്റ് രജിസ്‌ട്രേഷൻ സെലക്ട് ചെയ്യണം. സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയതിന് ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതോടെ രജിസ്റ്റർ നടപടികൾ പൂർത്തിയാകും. തുടർന്ന് വാറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയെന്ന് റസീപ്റ്റ് പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഇതുസംബന്ധമായ മുഴുവൻ വിവരങ്ങളും https://www.gazt.gov.sa/ വെബ്‌സൈറ്റിൽ ലഭ്യമാണ്. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെയും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും അംഗീകാരമുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങൾക്കൊപ്പം വികലാംഗർക്കുള്ള ഉപകരണങ്ങൾക്കും വാറ്റ് ബാധകമല്ലെന്നും അതോറിറ്റി വ്യക്തമാക്കി.