സൗദിയില്‍ പ്രവാസി അക്കൗണ്ടന്‍റുമാര്‍ക്ക് രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കി

0

സൗദിയില്‍ അകൗണ്ടന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കി. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ താമസ രേഖയും തൊഴില്‍ പെര്‍മിറ്റും മുഹറം ഒന്ന് മുതല്‍ പുതുക്കി നല്‍കില്ല. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിബന്ധന പ്രഖ്യാപിച്ചത്.

വ്യാജ രേഖകൾ ഉപയോഗിച്ച് അക്കൗണ്ടന്‍റായും ഓഡിറ്ററായും ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. 2020 അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിൽ 20,000 അക്കൗണ്ടിംഗ് തസ്‌തികകൾ സ്വദേശിവൽക്കരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അകൗണ്ട്‌സ്‌മെന്റിന് കീഴിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. മുഹറം ഒന്ന് അഥവാ ആഗസ്റ്റ് മുപ്പത്തിയൊന്ന് മുതല്‍ നിയമം പ്രാബല്യത്തിലാകും. അകൗണ്ട് തസ്തികയിലുള്ളവര്‍ക്ക് പുതിയ വര്‍ക് പെര്‍മിറ്റ് നല്‍കുന്നതിനും പുതുക്കുന്നതിനും പ്രഫഷന്‍ മാറ്റുന്നതിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.