സൗദിയില്‍ വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീക്കി; ഇനി യാത്ര ചെയ്യാൻ പുരുഷന്‍റെ അനുമതി വേണ്ട

0

റിയാദ്: സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ഇല്ലാതെ വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം. സല്‍മാന്‍ രാജാവാണ് ഉത്തരവിലൂടെ നിര്‍ണായക തീരുമാനമെടുത്തത്. 21 വയസ്സിന് മുകളില്‍ പ്രായമുള്ള സൗദി സ്ത്രീകള്‍ക്ക് പുറത്തേക്കുള്ള ഏത് യാത്രക്കും രക്ഷകര്‍ത്താവിന്റെ അനുമതി വേണമായിരുന്നു. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവോ അല്ലാത്ത പക്ഷം പിതാവിന്റേയോ അനുമതി പത്രം വേണം. ഇതിനി മുതല്‍ വേണ്ട. അപേക്ഷ സമര്‍പ്പിക്കുന്ന സൗദി പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുമെന്ന് ഔദ്യോഗിക ഗസറ്റ് വിഞ്ജാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സൗദി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുരുഷ രക്ഷകര്‍ത്താവിന്‍റെ അനുമതി വേണമെന്നത് കാലങ്ങളായി സൗദിയിലെ നിയമമാണ്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഹാഷ്ടാഗുകളുമായി സജീവമായിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന തീരുമാനം ചരിത്രമാണെന്നും ഏറെ സന്തോഷമുണ്ടെന്നും സൗദി സ്ത്രീകളിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.

വര്‍ഷങ്ങളായുള്ള സൌദി പൊതു പ്രവര്‍ത്തകരുടെ ആവശ്യം കൂടിക്കാണ് പുതിയ രാജ കല്‍പനയിലൂടെ അംഗീകാരം. സല്‍മാന്‍ രാജാവിന്റെ ഉത്തരവോടെ രാജ്യത്ത് വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീങ്ങി. പുരുഷര്‍ക്ക് സമാനമായി പുതിയ ഉത്തരവോടെ സ്ത്രീകള്‍ക്കുമുള്ള സ്വാതന്ത്ര്യം. കഴിഞ്ഞ വര്‍ഷം വനിതകള്‍ക്കുള്ള ഡ്രൈവിങ് നിയന്ത്രണവും നീക്കിയിരുന്നു. സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ സ്വാഗതം ചെയ്തു.