ക്ലാസ്സില്‍ വീഴാന്‍ പോയപ്പോള്‍ കുഞ്ഞു ‘അയ്യോ’ എന്ന് അറിയാതെ വിളിച്ചു; സിബിഎസ്ഇ സ്‌കൂളില്‍ മലയാളം പറഞ്ഞതിന് കുരുന്നിന് ഇംഗ്ലീഷ് ഇംപോസിഷന്‍

0

മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ശകാരിക്കുന്നതും ഇന്ന് കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും നടക്കുന്ന സംഭവം ആണ് . ഭരണ ഭാഷ പോലും മലയാളമാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്നുകളില്‍ നിന്നുവരെ ഭാഷയെ അകറ്റി നിര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ സ്‌കൂളുകളില്‍ നടക്കുന്നത് .അത്തരത്തില്‍ ഒരു സംഭവം ആണ് ഇടപ്പള്ളി കാംപിയന്‍ സിബിഎസ്ഇ സ്‌കൂളിലെ  അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി  ദേവ സൂര്യ നേരിട്ടത് .

നിലത്ത് വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതാണ് വിദ്യാര്‍ത്ഥി ചെയ്തുവെന്ന് പറയുന്ന കുറ്റം.ക്ലാസില്‍ കളിച്ച് കൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയപ്പോള്‍ അറിയാതെ ‘ അയ്യോ ‘ എന്ന് പറഞ്ഞ് പോയതാണ് പ്രശ്‌നകാരണമായത്. ഇത് കേട്ട മറ്റൊരു വിദ്യാര്‍ഥി കാര്യം ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ കൊണ്ട് I will not talk in Malayalam എന്ന് അമ്പത് പ്രാവശ്യം എഴുതിക്കുകയായിരുന്നു.എന്നാല്‍ ശിക്ഷയെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രധാന അധ്യാപികയുടെ പ്രതികരണം. ഒരു ശിക്ഷയും പാടില്ലെന്ന് അധ്യാപികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. സംഭവം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ശിക്ഷാനടപടി സത്യമാണെങ്കില്‍ ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.