നിര്‍ധനരായ ഇരുപത് കുടുംബങ്ങള്‍ക്ക് ഇന്ന് മുതല്‍ സ്വന്തം വീടുകളില്‍ സുരക്ഷിതമായി ഉറങ്ങാം. ഫ്‌ളവേഴ്‌സ് ചാനലാണ് ‘സ്വപന ഗ്രാമം’ പദ്ധതിയിലൂടെ ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്.
ഫ്‌ളവേഴ്‌സിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ ഇന്ത്യന്‍ മ്യൂസിക് ലീഗ് വിജയികള്‍ പ്രതിനിധീകരിച്ച ഇടുക്കി ജില്ലയ്ക്കായി സ്വപ്‌നഗ്രാമം ഭവനപദ്ധതി ഇന്ന് ഒദ്യോഗികമായി യാഥാര്‍ഥ്യമാവും.
പൈനാവ് താന്നിക്കണ്ടം നിരപ്പിലാണ് നിര്‍ധനര്‍ക്കായ് 20 വീടുകള്‍ ഉയര്‍ന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ ആണ് അര്‍ഹരായവരെ കണ്ടെത്തിയത്.
ഫ്‌ളവേഴ്‌സും എസ്.ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച വീടുകള്‍ കൈമാറ്റം ചെയ്യുന്ന ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ വൈകിട്ട് മൂന്നുമണിക്കാണ് ചടങ്ങ്.
റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഫ്‌ളവേഴ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ മുന്‍ റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും. എസ്.ഡി ഫൗണ്ടേഷന്‍ മാനേജിങ്ങ് ട്രസ്റ്റി എസ്.ഡി ഷിബുലാലും, പേട്രന്‍ കുമാരി ഷിബുലാലും ചടങ്ങില്‍ പങ്കെടുക്കും.
ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ്, ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ.ബി ഗോവിന്ദന്‍, ഇന്‍സൈറ്റ് മീഡിയസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ ശ്രീകൺഠന്‍ നായര്‍, ഫഌവേഴ്‌സ് ഡയറക്ടര്‍ സതീഷ് ജി.പിള്ള, ഇടുക്കി ജില്ലാ കളക്ടര്‍ ജി ഗോകുല്‍, ആര്‍ക്കിടെക്ട് ജിശങ്കര്‍, എസ്.ഡി ഫൗണ്ടേഷന്‍ ട്രസ്റ്റി പ്രഫ.എസ്.രാമാനന്ദ്, എസ്.ഡി ഫൗണ്ടേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ അഭിലാഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഫ്‌ളവേഴ്‌സില്‍ പ്രേക്ഷകരുടെ അഭിനന്ദനം ഏറെ നേടിയ പരിപാടിയായിരുന്നു ഇന്ത്യന്‍ മ്യൂസിക് ലീഗ് എന്ന റിയാലിറ്റി ഷോ. ജില്ലകള്‍ തമ്മിലായിരുന്നു മത്സരം. ഓരോ ജില്ലയിലേയും ഗായകരാണ് ഓരോ ടീമിന്റേയും നേതൃസ്ഥാനത്തേക്ക് എത്തിയത്. വിജയിയാവുന്ന ജില്ലയ്ക്ക് എസ് ഡി ഫൗണ്ടേഷന്‍റെ സ്വപ്‌നഗ്രാമം ഭവനപദ്ധതി എന്നതും പരിപാടിയെ വ്യത്യസ്തമാക്കി. 20 വീടുകളുടെയും നിര്‍മ്മാണം ആര്‍കിടെക്ട് പദ്മശ്രീ ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു. ഗായകന്‍ ശ്രീനിവാസ് രഘുനാഥനായിരുന്നു ഇടുക്കി ടീമിന്‍റെ ക്യാപ്റ്റന്‍.
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് തന്നെ പുതിയ മത്സര സംസ്‌കാരത്തിന് തുടക്കം കുറിച്ച ഒന്നായിരുന്നു ഫ്‌ളവേഴ്‌സ് ടിവി സംഘടിപ്പിച്ച ഇന്ത്യന്‍ മ്യൂസിക്ക് ലീഗ്.