
ഏപ്രില്‍ മൂന്നിന് വൈറ്റ് ഹൗസില്‍ താരിഫുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുവന്ന നിറത്തിലുളള ടൈ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റൈലിന്റെ ഭാഗമായി എപ്പോഴും ചുവന്ന ടൈ ധരിക്കാന്‍ ട്രംപ് ശ്രദ്ധിക്കാറുണ്ട്. അമേരിക്ക ഫസ്റ്റ് പോളിസിക്കായി നിരന്തരം വാദിക്കുന്നുണ്ടെങ്കിലും ട്രംപ് ധരിക്കുന്ന മിക്ക വസ്തുക്കളും വിദേശത്ത് നിര്‍മ്മിക്കുന്നവയാണ്. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ ഇറ്റാലോ ഫെറെറ്റിയുടെ ടൈ ആണ് ട്രംപ് മിക്കപ്പോഴും ധരിക്കുന്നത്.
ട്രംപ് ചുവന്ന ടൈ ധരിക്കുന്നതിന് രാഷ്ട്രീയവും വ്യക്തിപരവുമായ ചില കാരണങ്ങളുണ്ട്. മനശാസ്ത്രപരമായി ചുവപ്പ് നിറം അധികാരത്തെയും ആധിപത്യത്തെയും ആത്മവിശ്വാസത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ചുവന്ന ടൈ ധരിക്കുന്നതിലൂടെ ട്രംപ് സ്വയം തന്നെ ശക്തനായ നേതാവായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ചുവന്ന ടൈ, വെളള ഷര്‍ട്ട്, നീല സ്യൂട്ട് എന്നിവ അമേരിക്കന്‍ പതാകയുടെ നിറങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ്. ഇത് ധരിക്കുന്നതിലൂടെ അദ്ദേഹം തന്റെ ദേശസ്‌നേഹവും ദേശീയതയെന്ന വികാരവുമാണ് ശക്തിപ്പെടുത്തുന്നത്.
ചുവന്ന ടൈ ഇപ്പോള്‍ ട്രംപിന്റെ ബ്രാന്‍ഡിംഗിന്റെയും ഐഡന്റിറ്റിയുടെയും ഭാഗമായിക്കഴിഞ്ഞു. ട്രംപിന്റെ സിഗ്നേച്ചര്‍ ടൈകള്‍ ഉള്‍പ്പെടെയുളള വസ്ത്രങ്ങള്‍ പ്രധാനമായും വിദേശത്താണ് നിര്‍മ്മിക്കുന്നത്. ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മ്മിച്ചവയാണ് മിക്കതും. അദ്ദേഹത്തിന്റെ ഷൂസ്, സ്യൂട്ടുകള്‍, ഷര്‍ട്ടുകള്‍ എന്നിവ ചൈന, ബംഗ്ലാദേശ്, മെക്‌സികോ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചവയാണ്. ട്രംപ് ധരിക്കുന്ന സ്യൂട്ടുകള്‍ പ്രധാനമായും ഇറ്റാലിയന്‍ ബ്രാന്‍ഡായ ബ്രയോണിയുടേതാണ്. ഓക്‌സ്ഫഡ് ഷൂസ് ഉള്‍പ്പെടെയുളള ബ്രാന്‍ഡുകളുടെ ഷൂസാണ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടത്. ഔദ്യോഗിക പരിപാടികള്‍ക്കുളള വസ്ത്രങ്ങള്‍ക്കായി അദ്ദേഹം വൈറ്റ് ഹൗസില്‍ നിന്നുളള ഫണ്ടല്ല സ്വന്തം പണമാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്.
ടൈ ആയി മാറിയ ‘ക്രാവറ്റ്’
പതിനേഴാം നൂറ്റാണ്ടില്‍ ഫ്രഞ്ച് സൈന്യത്തിലെ ക്രൊയേഷ്യന്‍ പട്ടാളക്കാര്‍ കഴുത്തില്‍ ‘ക്രാവറ്റ്’ എന്ന തുണി ധരിച്ചിരുന്നു. ഇതിന് ഫ്രാന്‍സിലുടനീളം പ്രചാരം ലഭിക്കുകയും അത് യൂറോപ്പിലുടനീളം വ്യാപിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടോടെയാണ് നാം ഇന്ന് കാണുന്ന രീതിയിലുളള ടൈ ആയി അത് മാറിയത്. ഇരുപതാം നൂറ്റാണ്ടോടെ ടൈ പുരുഷന്മാരുടെ ഫാഷന്റെയും പ്രൊഫണല്‍ ഡ്രസ്സിങിന്റെയും ഒരു ഭാഗമായി മാറുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ടൈ ധരിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇത് സാധാരണമായി. ആദ്യകാല പ്രസിഡന്റുമാര്‍ ഔദ്യോഗിക പരിപാടികള്‍ക്ക് മാത്രമാണ് ടൈ ധരിച്ചിരുന്നതെങ്കില്‍ പിന്നീട് അവ അമേരിക്കന്‍ നേതാക്കളുടെ സാധാരണ വസ്ത്രത്തിന്റെ ഭാഗമായി. ഓരോ പ്രസിഡന്റുമാരും അവരുടെ പേഴ്‌സണല്‍ സ്റ്റൈലിനെ പ്രതിഫലിപ്പിക്കുന്ന ടൈകളാണ് തെരഞ്ഞെടുക്കുന്നത്.