സെന്‍റിനെല്‍; പുറംലോകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ലാത്ത ബംഗാള്‍ ഉള്‍ക്കടലിലെ നിഗൂഡദ്വീപ്‌

0

ഇന്നേ വരെ പുറംലോകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ലാത്ത ഒരുപാട് സ്ഥലങ്ങള്‍ ഇന്നും ഈ ഭൂമിയിലുണ്ട്. എന്നാല്‍ ഇങ്ങനെയൊരു നിഗൂഡദ്വീപ്‌ നമ്മുടെ ഇന്ത്യയിലും ഉണ്ടെന്നു എത്രപേര്‍ക്ക് അറിയാം.  ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല. കാരണം പുറംലോകത്ത് നിന്നാരെങ്കിലും ചെന്നിട്ടുണ്ടെങ്കില്‍ അവരെയെല്ലാം വിഷം പുരട്ടിയ അമ്പുകള്‍ എയ്തു കൊലപെടുത്തുന്നവരാന് അവിടുത്തെ നിവാസികള്‍.

ആളുകളെ ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞു നില്‍ക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് സെന്‍റിനെല്‍. ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍‍‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമാണ് നോര്‍ത്ത് സെന്‍റിനെല്‍ ദ്വീപ്. ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപിലേക്ക് ഇന്നേ വരെ പുറം ലേകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ല. കടലുകൊണ്ടും കണ്ടല്‍കാടുകള്‍ കൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത് പുറം ലോകം കാണാതെ ഒരു ജനത വസിക്കുന്നുണ്ട്. ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെല്ലാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ അനുവദിക്കാതെ ഈ പ്രദേശം അടക്കി വാഴുന്ന ഒരു ആദിവാസി  സമൂഹം. സമീപപ്രദേശത്ത് കൂടി ഒരു ബോട്ടെത്തിയാല്‍ പോലും അവര്‍ കൂട്ടത്തോടെ തീരത്തേക്കെത്തും. ഈ ദ്വീപിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിൽ വിഷപുരട്ടിയ അമ്പേറ്റ് മരിച്ചവരേറെയാണ്.

ഈ ദ്വീപിലെ നിവാസികളുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലൂടെ മാത്രമെ ആ ദ്വീപിലേക്കെത്താന്‍ സാധിക്കൂ എന്നു മനസിലാക്കിയതോടെ  ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ദ്വീപിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചാരം പോലും നിരോധിച്ച് ദ്വീപ് നിവാസികള്‍ക്കു സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഇവര്‍ എങ്ങനെയാനെന്നോ എന്ത് ഭാഷയാണോ സംസാരിക്കുന്നത് എന്നോ ആര്‍ക്കും അറിയില്ല. കാടിന്റെയും കടലിന്റെയും നിഗൂഡതകള്‍ ഒരിക്കലും അവസാനിക്കാത്ത പോലെയാണ് ഇവരുടെ ജീവിതവും.