പമ്പയില്‍ പോലീസിനെ വിന്യസിച്ചു; നിലയ്ക്കലിന്റെ പൂര്‍ണ നിയന്ത്രണം പൊലീസിന്

0

ശബരിമലയില്‍ തുലമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ. പമ്പയിലേയ്ക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് അംഗീകരിച്ചില്ല. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നവരില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം  തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കേ സന്നിധാനത്ത് ഇന്ന് അവലോകന യോഗം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ വനിതകള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് എത്തിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെയും പോലീസുകാരുടെയും സംഘത്തോടൊപ്പമാണ് വനിതകളുമുള്ളത്. 
അതേസമയം, വനിതാ ഉദ്യോഗസ്ഥരെ ഭക്തര്‍ തടഞ്ഞു. എന്നാല്‍ തങ്ങള്‍ 50 വയസ്സുകഴിഞ്ഞുവെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഇവര്‍ കാണിച്ചതിനെ തുടര്‍ന്ന് ഭക്തര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി. സന്നിധാനത്ത് മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും യോഗത്തില്‍ പങ്കെടുത്ത് ദര്‍ശനം നടത്തിയിട്ടേ മടങ്ങൂവെന്നും ഇവര്‍ വ്യക്തമാക്കി. രാഹുല്‍ ഈശ്വരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സ്ത്രീകളെ പമ്പയില്‍ തടയുന്നത്.

അതിനിടെ, ശബരിമലയിലേക്ക് പോകുന്നതിനായി പത്തനംതിട്ടയില്‍ എത്തിയ യുവതിയെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന വിശ്വാസികളായ യാത്രക്കാര്‍ തടഞ്ഞു. ജീന്‍സ് ധരിച്ചാണ് അവര്‍ വന്നതെന്നും വ്രതമെടുത്തിട്ടില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ചേര്‍ത്തല സ്വദേശിനി ലിബി എന്ന യുവതിയെയാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന നിലപാടിലാണ് അവര്‍. പ്രതിഷേധം ശക്തമായതോടെ അവരെ പോലീസ് ജീപ്പില്‍ പത്തനംതിട്ട സ്റ്റേഷനി​ലേക്ക് കൊണ്ടുപോയി. പ്രതിഷേധക്കാരെയും പോലീസ് മാറ്റി.