ഷര്‍ബത്ത് ഗുല ഇന്ത്യയിലേക്ക്

0

അഫ്ഗാന്‍ മോണാലിസ’ ഷര്‍ബത് ഗുല ഇന്ത്യയിലേക്ക്. ഹെപ്പറ്റൈറ്റിസ് സി ബാധിതയായ ഷര്‍ബത്ത് ചികിത്സയുടെ ഭാഗമായാണ് ഇന്ത്യയിലേക്കെത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോക്ടര്‍ ഷായിത അബ്ദാലിയാണ് ഷര്‍ബത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ കവര്‍ചിത്രമായി പ്രശസ്തയായതിനു ശേഷം അഫ്ഗാന്‍ ഗേള്‍, അഫ്ഗാന്‍ മൊണാലിസ എന്നിങ്ങനെയാണ് ഇവര്‍ അറിയപ്പെട്ടത്.കഴിഞ്ഞമാസം 26ന് ഷര്‍ബത് ഗുല പാകിസ്താനില്‍ അറസ്റ്റിലായിരുന്നു. പാകിസ്താന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റു ചെയ്തത്. പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ വ്യാജമായി ഉണ്ടാക്കിയതായും ഇതോടെ ഇരട്ടപൗരത്വം നേടിയെടുത്തതായും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ആരോപിച്ചു. പിന്നീട് കോടതി ജാമ്യം നല്‍കിയ ഇവരെ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തുകയായിരുന്നു.

ബംഗളൂരുവിലെത്തി ചികിത്സ തേടാനാണ് ഇവരുടെ പദ്ധതി. ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.1984ല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയം നാഷനല്‍ ജിയോഗ്രഫിക് ഫോട്ടോഗ്രഫര്‍ സ്റ്റീവ് മക്കറിയാണ് ഷര്‍ബദ് ഗുലയുടെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത്. 1985 ല്‍ മാഗസിന്റെ കവര്‍ചിത്രമായി ഈ ഫോട്ടോ അച്ചടിച്ചു. അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ പാകിസ്താനിലേക്കു പലായനം ചെയ്തു.