
ധാക്ക: രാജ്യത്തേക്ക് തിരികെയെത്തുമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനുസ് ഗുണ്ടാത്തലവനാണെന്നും ഭീകരവാദികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നും രാജ്യത്ത് അരാജകത്വം വളര്‍ത്തുകയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന പോലീസുകാര്‍ക്കുവേണ്ടി പ്രതികാരം ചെയ്യുമെന്നും ഷെയ്ഖ് ഹസീന പ്രസ്താവിച്ചു.
രാജ്യത്താകെ കത്തിപ്പടര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന ഇന്ത്യയിലാണുള്ളത്. കലാപത്തില്‍ കൊലകൊല്ലപ്പെട്ട നാല് പോലീസുകാരുടെ വിധവകളുമായി സൂം മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തിയ ഷെയ്ഖ് ഹസീന അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും രാജ്യത്ത് മടങ്ങിയെത്തിയാലുടൻ ആവശ്യമായ നഷ്ടപരിഹാരനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് രാജ്യത്ത് അക്രമങ്ങൾ അരങ്ങേറിയതെന്നും പോലീസുകാർക്ക് ജീവൻ നഷ്ടമാകാനിടയായതെന്നും അവർ ആരോപിച്ചു. ഞാൻ മടങ്ങിവരും, നമ്മുടെ പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും ഷെയ്ഖ് ഹസീന പറഞ്ഞു.
അന്വേഷണസമിതികളെ പിരിച്ചുവിട്ട മുഹമ്മദ് യൂനുസിന്റെ നടപടിയെ അവർ അപലപിച്ചു. ജനങ്ങളെ കശാപ്പുചെയ്യാൻ ഭീകരരെ ഇടക്കാലസർ കയറൂരി വിട്ടിരിക്കുകയാണെന്നും ബംഗ്ലാദേശിനെ തകർക്കുകയാണെന്നും അവർ ആരോപിച്ചു. ഈശ്വരാനുഗ്രഹം കൊണ്ടാണ് താൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും നന്മ ചെയ്യാൻ ഈശ്വരൻ തന്റെ ആയുസ് ദീർഘിപ്പിച്ചുനൽകിയതാണെന്നും അവർ പറഞ്ഞു. 450ഓളം പോലീസ് സ്റ്റേഷനുകൾ അഗ്നിക്കിരയാക്കിയത് മുഹമ്മദ് യൂനുസിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്റെ മണ്ണിൽത്തന്നെ യൂനുസിനേയും കൂട്ടാളികളേയും കൊണ്ട് തങ്ങളുടെ ചെയ്തികൾക്ക് മറുപടി പറയിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
അതേസമയം, ഷെയ്ഖ് ഹസീനയെ രാജ്യത്ത് തിരികെയെത്തിച്ച് വിചാരണ നടപ്പാക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാലഭരണകൂടം പ്രതികരിച്ചു. അതാണ് സർക്കാരിന്റെ പ്രഥമപരിഗണനയിലുള്ള വിഷയമെന്നും യൂനുസിന്റെ പ്രസ് സെക്രട്ടറി ഷാഫിക്കുൽ ആലം ചൊവ്വാഴ്ച അറിയിച്ചു. ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയപാർട്ടി അവാമി ലീഗ് ബംഗ്ലാദേശിന്റെ രാഷ്ട്രീയരംഗത്ത് തുടരണോയെന്ന കാര്യത്തിൽ ജനങ്ങളും മറ്റു രാഷ്ട്രീയകക്ഷികളും തീരുമാനമെടുക്കുമെന്നും ഷാഫിക്കുൽ ആലം പറഞ്ഞു. ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുണ്ടെന്നും ആലം കൂട്ടിച്ചേർത്തു.