ഈ ശ്വാസകോശം സ്‌പോഞ്ച് പോലെയല്ല; പുകവലിക്ക് അടിമയായി മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

0

ജിയാങ്‌സു(ചൈന)∙ മുപ്പതുവര്‍ഷത്തോളം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നത് പുകവലിക്കാരെ ഞെട്ടിക്കും. ചൈനയിലെ ജിയാങ്‌സുവിനെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിഡിയോ പുറത്തുവിട്ടത്. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ 25 മില്യണ്‍ പ്രാവശ്യമാണ് ഈ വിഡിയോ കണ്ടത്.

ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം.

സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഇയാളുടെ ശ്വാസകോശം കരിക്കട്ടയ്ക്കു സമാനമായത്.പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്. മരണശേഷം ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് അമ്പത്തിരണ്ടുകാരന്‍ മരിച്ചത്. അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

https://youtu.be/mrOBF7CrHEM?t=16

മരണത്തിന് മുന്‍പ് ഒരിക്കലും ഇയാളെ സിടി സ്‌കാനിന് വിധേയനാക്കിയിരുന്നില്ലെന്ന് ശസ്ത്രക്രിയ നയിച്ച ഡോക്ടര്‍ ചെന്‍ വിശദമാക്കി. ശ്വാസകോശം ദാനം ചെയ്യാനുള്ള ഓക്‌സിജനേഷന്‍ പരിശോധനയില്‍ തകരാര്‍ കാണാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഡോക്ടര്‍ ചെന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയില്‍ നേരിയ അണുബാധയുള്ള ശ്വാസകോശങ്ങള്‍ ദാനം ചെയ്ത് പുനരുപയോഗിക്കുന്നത് ചൈനയില്‍ അനുവദനീയമാണ്. എന്നാല്‍ ഇയാളുടെ ശ്വാസകോശം ഒരു തരത്തിലും പുനരുപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

പള്‍മോനറി എംഫിസീമയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധനിമിത്തം സ്വസ്ഥമായി ശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത്. അതില്‍ വിങ്ങി വീര്‍ത്ത അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശമുണ്ടായിരുന്നത്. മാറ്റിവക്കല്‍ ചികിത്സയ്ക്ക് ഈ ശ്വാസകോശം ഒരിക്കലും ഉപയോഗിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരിക്കല്‍ പോലും പുകവലിക്കാത്ത ആളുടെ ശ്വാസകോശത്തിനൊപ്പം ഇയാളുടെ ശ്വാസകോശം വച്ചുള്ള ചിത്രവും ആശുപത്രി പുറത്ത് വിട്ടു. ശ്വാസകോശ കാന്‍സറുമായി വരുന്ന 70 ശതമാനം ആളുകളും പുകവലിയ്ക്ക് അടിമകളാണ്. എല്ലാവര്‍ഷവും ലോകത്തില്‍ 1.2 മില്യണ്‍ ആളുകള്‍ പുകവലി സംബന്ധിയായ അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ഈ ശ്വാസകോശത്തിന്റെ വീഡിയോയ്ക്ക് വന്‍പ്രതികരണമാണ് ലഭിക്കുന്നത്.