കാമാത്തിപുരയിലെ നരച്ച കാഴ്ചകളില്‍ നിന്നും ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളില്‍ ഒരാളായി അറിയപെട്ട ശ്വേതയുടെ കഥ

0

അമ്മയില്‍ നിന്നും വേര്‍പെട്ടു ഈ ഭൂമിയിലേക്ക്‌ വീണ നാള്‍ മുതല്‍ അവളുടെ പകലുകള്‍ക്ക്‌ രാവിനോളം തന്നെ ഇരുട്ടായിരുന്നു.ചുറ്റും നരച്ച കാഴ്ചകള്‍ മാത്രം. മുംബൈയിലെ കാമാത്തിപുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നു വീണ പെണ്‍കുട്ടിയ്ക്ക് മുന്നില്‍ കാലം എഴുതിവെച്ചത് ‘അമ്മയുടെ വഴി’യെന്നു പറഞ്ഞവരോട് ഇന്ന് ശ്വേതയ്ക്ക് പറയാനായി ഒന്നുമില്ല. പക്ഷെ സ്വന്തം ജീവിതം കൊണ്ടാണ് അവള്‍ തനിക്ക് മുന്നില്‍ വന്നടിഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

യു എന്നിന്റെ യൂത്ത് കറേജ് അവാര്‍ഡ്, ഗൂഗിളിന്റെ പ്രത്യേക അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരം, ന്യൂസ് വീക്ക് മാഗസിന്‍ തയ്യാറാക്കിയ ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടികയില്‍ ഒരാള്‍. കാമാത്തിപുരയിലെ ലൈംഗികതൊഴിലാളിയായിരുന്ന ഒരമ്മയുടെ മകള്‍ ഇന്ന് സ്വന്തമാക്കിയത് ഈ നേട്ടങ്ങളാണ്. സാഹചര്യങ്ങള്‍കൊണ്ട്, ചതിയിലൂടെ, മറ്റനവധി വഴികളിലൂടെ എത്തപെട്ടവരാണ് കമാത്തിപുരിയിലെ ഓരോ സ്ത്രീയും. അവിടെ പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞിനേയും കാത്തിരിക്കുന്നതും ഈ വിധി തന്നെ. പക്ഷെ ഇരുള്‍മൂടിയ ആ ജീവിതങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ജനിച്ചവള്‍ ആയിരുന്നു ശ്വേത. ആ ഇരുട്ടില്‍ നിന്നും അവളെ വഴികാട്ടി പുറംലോകത്ത് എത്തിച്ചത്പകല്‍ വെളിച്ചത്തില്‍ കപടലോകം അറപ്പോടെ നോക്കിയിരുന്ന അവളുടെ അമ്മയും.

വന്ദന, അതാണ്‌ അവളുടെ അമ്മയുടെ പേര്. പ്രണയത്തിന്റെ ചതിക്കുഴിയില്‍ വീണു കാമുകനാല്‍ വന്ചിക്കപെട്ട ഒരു പെണ്‍ജന്മം. ചതിയുടെയും വഞ്ചനയുടെയും നോവുകള്‍ അറിഞ്ഞ് ലൈംഗികത്തൊഴിലാളിയായി തുടരുമ്പോഴാണ് ശ്വേതയുടെ ജനനം. രണ്ടാം ഭര്‍ത്താവിനൊപ്പമുള്ള ദുരിതജീവിതത്തിനിടയിലും തന്റെ മകളെ ചുവന്ന തെരുവിന് വിട്ടുകൊടുക്കാന്‍ വന്ദന തയ്യാറായില്ല. ദുരിതങ്ങള്‍ ഓരോന്നും താണ്ടുന്നതിനു ഇടയില്‍ പലവട്ടം ശ്വേതയുടെ പഠിപ്പു മുടങ്ങി. ആ സമയങ്ങളില്‍ ദൈവം അവളുടെ കരംപിടിച്ചത് അധ്യാപകരിലൂടെയായിരുന്നു.Shweta Katti 2 dailyreports

പത്താം ക്ലാസ് വിജയിച്ച ശേഷം ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളുടെയും അവരുടെ മക്കളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്രാന്തി എന്ന സംഘടനയില്‍ ശ്വേത അംഗമായി. അങ്ങനെയാണ് ചുവന്നതെരുവിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ശ്വേത പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇന്ന് അമേരിക്കയിലെ പ്രശസ്തമായ ബാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ സൈക്കോളജി പഠിക്കുന്ന ശ്വേത ഒരു നേരത്തെ അന്നത്തിനായി ശരീരം വിറ്റ്ജീവിക്കുന്ന ചുവന്നതെരുവിലെ തന്റെ അമ്മമാര്‍ക്ക് വേണ്ടി സഹോദരിമാര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.