മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ സിംഗപ്പൂരില്‍ തൂക്കിക്കൊന്നു

0

സിംഗപ്പൂര്‍ : മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ സിംഗപ്പൂരില്‍ തൂക്കിക്കൊന്നു.നൈജീരിയന്‍ ഫുട്ബോള്‍ കളിക്കാരനായിരുന്ന സ്റ്റീഫന്‍ ഒബിയോഹ (39),മലേഷ്യക്കാരനായ ദേവേന്ദ്രന്‍ സുബ്രമണ്യന്‍ (31)എന്നിവരെയാണ് അവസാന നിമിഷ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച തൂക്കിലേറ്റിയത് .നൈജീരയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഒബിയോഹ 2005-ലാണ് ഫുട്ബാള്‍ പരിശീലനത്തിനായി സിംഗപ്പൂരില്‍ എത്തിയത് .

2.5 കി.ഗ്രാം കഞ്ചാവ് കടത്തിയതിനാണ് ഒബിയോഹയുടെ വധശിക്ഷ നടപ്പിലാക്കിയത് .500ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കടത്തുന്നത് സിംഗപ്പൂരില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് .സുബ്രമണ്യന്‍ 83 ഗ്രാം ഡയോമോര്‍ഫിന്‍ കടത്തിയതുമായി ബന്ധപ്പെട്ട് 2014-ലാണ് പിടിക്കപ്പെട്ടത് .15ഗ്രാമില്‍ കൂടുതല്‍ ഡയോമോര്‍ഫിന്‍ കടത്തുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .2015-ഇല്‍ സുബ്രമണ്യന്റെ അപ്പീല്‍ കോടതി തള്ളിയിരുന്നു .നവംബര്‍ 17-നു പതിനൊന്നാം മണിക്കൂര്‍ ഹര്‍ജി പരിഗണയിലും വധശിക്ഷ ശരിവച്ചതോടെ ഇരുവര്‍ക്കും തൂക്കുമരം ഉറപ്പായി .

അമ്നെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷ നിര്‍ത്തി വെയ്ക്കാന്‍ സിംഗപ്പൂരിനോട് ആവശ്യപ്പെട്ടു .വധശിക്ഷ ഒന്നിനും പരിഹാരമല്ലെന്നും ,അതുകൊണ്ട് മാത്രം സിംഗപ്പൂരിലേക്കുള്ള മയക്കുമരുന്ന് കടത്തല്‍ നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നും അവര്‍ ആരോപിച്ചു .സിംഗപ്പൂര്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്ന്  അമ്നെസ്റ്റി പറഞ്ഞു .

എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ട്രെയിറ്റ്സ് ടൈംസ്‌ നടത്തിയ സര്‍വേയില്‍  95% സിംഗപ്പൂര്‍ ജനതയും വധശിക്ഷയ്ക്ക് അനുകൂലമായാണ് പ്രതികരിച്ചത് .