സിംഗപ്പൂരിന്റെ ആദ്യ വനിത പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ് ചരിത്രം കുറിച്ചു. വോട്ടെടുപ്പ് നടത്താതെ എതിരില്ലാതെയാണ് ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു നാമനിർദേശപത്രിക സമർപ്പിച്ചവരിൽ മുൻ സ്പീക്കർ കൂടിയായ ഹലീമയ്ക്ക് മാത്രമാണു മത്സരിക്കാൻ യോഗ്യതയുണ്ടായിരുന്നത്. സിംഗപ്പൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കുറി മലയ് ന്യൂനപക്ഷങ്ങൾക്കായി സംവരണം ചെയ്തിരുന്നു. ഹലീമയ്ക്ക് പുറമേ നാലുപേർകൂടി പത്രിക സമർപ്പിച്ചു. രണ്ടു പേർ മലയ് വിഭാഗത്തിൽനിന്നുള്ളവരല്ലായിരുന്നു. മറ്റു രണ്ടുപേർക്കു യോഗ്യത ഇല്ലായിരുന്നുവെന്നും ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ചൈനീസ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് മുസ്ലീം മലായ ന്യൂനപക്ഷത്തില്‍നിന്നുള്ള വ്യക്തിക്ക് മാത്രമേ മത്സരിക്കാനാവൂ എന്ന നിബന്ധന സിംഗപ്പൂരിലെ എല്ലാ വിഭാഗങ്ങള്‍ക്കും നല്കുന്ന തുല്യ പരിഗണയുടെ ഭാഗമായാണ്. മത, ജാതി, ഭാഷ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരുടേയും പ്രസിഡന്റായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഹലീമ ഉറപ്പുനല്‍കി. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഹലീമ സിംഗപ്പൂരില്‍ തൊഴിലാളികളുടെ അഭിഭാഷകയായിരുന്നു. ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയില്‍ അംഗമായിരുന്ന അവര്‍ 2001ലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. നാഷണല്‍ ലീഗല്‍ യൂണിന് കോണ്‍ഗ്രസ്, ലീഗല്‍ സര്‍വീസ് ഡിപ്പാര്‍ട്മെന്റ്, വുമന്‍സ് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും അവര്‍ കഴിവു തെളിയിച്ചിട്ടുണ്ട്.
മലയ് വിഭാഗത്തിൽനിന്നുള്ള യൂസോഫ് ഇഷാഖ് 1965 മുതൽ 1970 വരെ പ്രസിഡന്റായിരുന്നു.6 വര്‍ഷമാണ് സിംഗപ്പൂര്‍ പ്രസിഡന്റിന്റെ കാലവധി.നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ 2011 കടുത്ത മത്സരം നേരിട്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.