ലിനി ജീവിക്കുന്നു ഓർമകളിലൂടെ …

    0

    ലിനി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം…കോഴിക്കോടിന്റെ മണ്ണിൽ മരണത്തിന്റെ ഗന്ധം പരത്തി താണ്ഡവമാടിയ നിപ വൈറസിൽ നിന്നും ഒരു വർഷം കൊണ്ട് അതിജീവനത്തിന്റെ പാതയിലേക്ക് വന്നുകൊണ്ടിരിക്കയാണ് ഈ നാടും നാട്ടാരും. എങ്കിലും ഈ ഒരവസരത്തിൽ ലിനി എന്ന മാലാഖയുടെ നഷ്ട്ടം നമുക്കൊരിക്കലും നികത്താനാവാത്തതാണ്. ആതുരസേവനത്തില്‍ സമര്‍പ്പണമാണ് കരുതല്‍ എന്ന് ഏവരെയും ഓര്‍മപ്പെടുത്തിയ മാതൃകയാണ് ലിനി.

    2018 മെയ് 21നാണ് കോഴിക്കോട് ചെമ്പനോട സ്വദേശിയായ ലിനി പുതുശ്ശേരി മരണപ്പെട്ടത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താത്കാലിക വേതനാടിസ്ഥാനത്തില്‍ നേഴ്‌സിങ് ജോലിചെയ്തിരുന്ന ലിനിക്ക് നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് നിപ വൈറസ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്.

    തികഞ്ഞ നിശ്ചയ ദാർഢ്യത്തോടെ മരണത്തിനു മുന്നിൽ ,കീഴടങ്ങുമ്പോഴും ലിനിയുടെ കണ്ണിൽ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു.മരണക്കിടക്കയില്‍ വച്ച് ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് അന്ന് കേരളത്തെയാകെ കരയിച്ചിരുന്നു. തനിക്ക് നിപ്പ ബാധിച്ചുവെന്നും അതെത്ര ഭീകരമായ അവസ്ഥയാണെന്നും ലിനിക്ക് മനസ്സിലായിരുന്നു. അതിനാല്‍ തന്നെ പ്രിയപ്പെട്ടവര്‍ തന്നെ കാണാനെത്തരുതെന്നും അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ലിനി കുറിച്ചു, ”സജീഷേട്ടാ , am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. please… with lots of love.. ”

    ലിനി അവസാനമായി കുറിച്ച ഈ വാക്കുകൾ കേരളക്കരയെ ഒന്നാകെ കരയിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത രണ്ടുകുരുന്നുകളെയും ജീവനോളം സ്നേഹിച്ച ഭര്‍ത്താവിനെയും അവസാനനിമിഷം ഒരുനോക്കുപോലും കാണാകാതെയാണ് ലിനി മടങ്ങിയത്. പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാവുമ്പോഴും ലിനി സ്വന്തം കൈപ്പടയിലെഴുതി കത്ത് നിധിപോലെസൂക്ഷിച്ച് ലിനിയുടെ ഫോട്ടോയുടെ അടുത്തായി ഫ്രെയിം ചെയ്ത സൂക്ഷിച്ചിരിക്കയാണ് ഭർത്താവ് സജീഷ്.

    എന്നാൽ ലിനി ഒടുവിലായി കുറിച്ച വാക്കുകളൊന്നും വെറും വാക്കല്ല…നോവും നൊമ്പരവും അതിജീവിച്ചു സജീഷ് ആ കുഞ്ഞു മനസുകളിൽ കളിചിരികൾ വീണ്ടും നിറയ്ക്കുകയാണ് അമ്മയുടെ മരിക്കാത്ത ഓർമ്മകളിലൂടെ.

    ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കി. അമ്മയുടെ ആഗ്രഹം പോലെ തന്നെ മകന്‍ കുഞ്ചുവുമായി സജീഷ് ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. മലയാളി നഴ്സസ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അത്. പിന്നീട് നിപ്പ പ്രമേയമായി വരുന്ന വൈറസ് സിനിമയുടെ ലോഞ്ചിങ്ങിലും ഇരുവരും പങ്കെടുത്തു.

    ലിനി മരണത്തിന് കീഴടങ്ങി ഒരുവര്‍ഷമാകുമ്പോഴും സഹജീവികളോടുള്ള സ്നേഹവും കരുതലും ആ മാലാഖയെ ഒരു നന്മ നക്ഷത്രമായി വാഴ്ത്തുകയാണ് ലോകമിപ്പോഴും. ദൂര ദേശങ്ങളിൽ നിന്നു വരെ ലിനിയുടെ കുട്ടികളെ കാണാൻ സമ്മാനങ്ങളുമായി കുറത്തിപ്പാറയിലെ വീട്ടിൽ ഇന്നും ആളുകളെത്താറുണ്ട്…