മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ സോഹൻ റോയി എഴുതിയ 501 അണുകവിതകളടങ്ങിയ ‘അണുമഹാകാവ്യം’ എന്ന കാവ്യസമാഹാരമാണ് ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തത് . നവംമ്പർ 4ന് വൈകീട്ട് 5:30ന് ഷാർജയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ സോഹൻ റോയിയുടെ ഭാര്യയും ചലച്ചിത്ര നിർമാതാവും നർത്തകിയും ഇന്റീരിയർ ഡിസൈനറുമായ അഭിനി സോഹനിൽനിന്നും ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ എഴുത്തുകാരനായ ഒ എസ് എ റഷീദ് സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ബഷീർ തിക്കൊടി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് സോഹൻ റോയ് പുസ്തകത്തേക്കുറിച്ച് സദസ്സിനോട് സംവദിച്ചു.
ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവൻ പ്രണയം, സാമൂഹ്യ വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകൾ അനുസരിച്ച് എട്ട് സർഗ്ഗങ്ങളായി ഈ സമാഹാരത്തിൽ വിഭജിച്ചിരിക്കുന്നു . ഈ കവിതകളെല്ലാംതന്നെ നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതൽ കർണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ ‘വൃത്തങ്ങളിലെ ‘ വിവിധ ശീലുകളിൽ ചിട്ടപ്പെടുത്തി ‘പൊയട്രോൾ ‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട് . ഇത്തരത്തിൽ, വായിക്കുവാനും കേട്ട് ആസ്വദിക്കുവാനും ഒരേപോലെ സാധിക്കുന്ന ഈ സമാഹാരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ മഹാകാവ്യമാണ്.
ആധുനിക സമൂഹത്തിലുണ്ടാവുന്ന പല അസമത്വങ്ങൾക്കുമെതിരേ നവമാധ്യമങ്ങളിൽ കവിതകളിലൂടെ ഏറ്റവും ആദ്യം പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് ശ്രീ സോഹൻ റോയ്.
അത്തരം കവിതകളിൽ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളും ഏറ്റെടുക്കാറാണ് പതിവ്.
സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ തരംഗമായി മാറിയ 125 കവിതകളുടെ സമാഹാരം കഴിഞ്ഞ വർഷം ഡി സി ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ആദര സൂചകമായി ‘അഭിനന്ദൻ ‘ എന്ന പേരിൽ ഒരു കവിതാസമാഹാരവും ഡിജിറ്റൽ രൂപത്തിൽ ഈ വർഷം ആദ്യം പുറത്തിറക്കിയിട്ടുണ്ട്.