രണ്ടു ഭാഷ, 3 ഛായാഗ്രാഹകർ, 11 സംഗീത സംവിധായകർ, 15 ഗാനങ്ങൾ, ഒപ്പം ദുൽഖറിന്റെ 4 കഥാപാത്രങ്ങളും- സോളോ ആവേശമാകുന്നു

0

ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ ഒരുക്കിയ സോളോ ടീം പരിചയപ്പെടുത്തൽ ചടങ്ങ് ചിത്രത്തിന്റെ പ്രത്യേകതകളും പ്രഗത്ഭരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാർ മലയാളത്തിലും തമിഴിലും അണിയിച്ചൊരുക്കുന്ന സോളോയിൽ നാല് വ്യത്യസ്ത കഥകളും നാല് വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് ദുൽഖർ എത്തുന്നത്. “ശരിക്കും എന്റെ ആദ്യ ദക്ഷിണേന്ത്യൻ സിനിമയാണ് സോളോ. മുമ്പ് തമിഴിൽ ഡേവിഡ് ഇറങ്ങിയെങ്കിലും അത് ഡബ് ചെയ്തതായിരുന്നു. അതിനാൽ സോളോ മലയാളത്തിലും തമിഴിലും വെവ്വേറെയാണ് എടുക്കുന്നതും,” ബിജോയ് നമ്പ്യാർ പറഞ്ഞു. “ഇതു വരെ എനിക്ക് ലഭിച്ച സംവിധായകരാകട്ടെ, ചിത്രങ്ങളാകട്ടെ, ഭാഗ്യം എന്നോടൊപ്പം തന്നെയുണ്ടെന്നാണ് എന്റെ വിശ്വാസം. തമിഴിലേയും മലയാളത്തിലേയും പ്രേക്ഷകർ എന്നും നല്ല തിരക്കഥയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഒരേ തിരക്കഥ രണ്ട് വ്യത്യസ്ത ഭാഷകളിൽ ഒരേസമയം ചെയ്യുമ്പോൾ അത് എട്ട് സിനിമയിൽ അഭിനയിക്കുന്ന പ്രതീതിയാണ് നൽകുന്നത്. വളരെ വ്യത്യസ്തമായ പ്രമേയവും അവതരണവും ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത,” ദുൽഖർ സൽമാൻ പറഞ്ഞു. ഛായാഗ്രാഹകൻ രാജീവ് മേനോന്റെ വാക്കുകൾ, “ഒരു സിനിമയിലെ ഒരു ഗാനം ചിത്രീകരിക്കാൻ തന്നെ ഞങ്ങൾ ഇപ്പോൾ പെടാപ്പട് പെടാറുണ്ട്. പക്ഷേ ഈ രണ്ടു സിനിമയിലുമായി ഏതാണ്ട് 30 ഗാനങ്ങളാണ് ഞങ്ങൾ ചിത്രീകരിക്കുന്നത്.” സംവിധായകൻ മണിരത്തിനം പറഞ്ഞു, “ഈ ചിത്രത്തിന്റെ ടീസർ മാത്രമേ ഇപ്പോൾ ബിജോയ് നമ്പ്യാർ നമ്മെ കാട്ടിയുള്ളൂ. അതു തന്നെ എന്റെ മനസ്സിൽ ഈ സിനമ കാണമെന്ന താൽപര്യം ഉണർത്തി.” മൂന്ന് ഛായാഗ്രാഹകരാണ് ചിത്രത്തിൽ ദൃശ്യവിരുന്ന് ഒരുക്കുന്നത്‌. അതു പോലെ തന്നെ പതിനൊന്ന് സംഗീതസംവിധായകർ ചേർന്ന് ഓരോ ഭാഷയിലും 15 ഗാനങ്ങൾക്കും ഈണം നൽകിയിട്ടുണ്ട്.