മെതിയടിയിട്ട കാലം ചിട്ടയോടെ ചവുട്ടിക്കടന്നു പോകുമ്പോള്‍ അനുനിമിഷം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്!
അതിവേഗത്തിലുള്ള ഈ മാറ്റങ്ങള്‍ അത്ര തന്നെ വേഗതയോടെ നെഞ്ചേറ്റാനുള്ള വ്യഗ്രതയിൽ പരിഭ്രമിക്കുന്ന പുതിയ തലമുറയും, അത് പലപ്പോഴും ഉള്‍ക്കൊള്ളാൻ കഴിയാത്ത, അല്ലെങ്കിൽ തയ്യാറകാത്ത പഴയ തലമുറയും തമ്മിലുള്ള അന്തരം എന്നുമുണ്ടായിരുന്നു.
സാധാരണയായി നാം കേള്‍ക്കുന്ന ചില പരിദേവനങ്ങളുണ്ട്… കാലം മാറി, തകർന്ന ബന്ധങ്ങള്‍.., മൂല്യച്യുതി സംഭവിച്ച തലമുറ.., ഇരുളടഞ്ഞ ഭാവി..!!
ഇങ്ങിനെ പോകുന്നു പഴമക്കാരുടെ ആവലാധികള്‍. പക്ഷെ അതിലൊന്നും വലിയ കാര്യമില്ല. കാലത്തിന്‍റെ അതിവേഗത്തിലുള്ള ഈ പാച്ചിലിൽ… പഴയ തലമുറ അന്ധാളിച്ചു നില്ക്കുമ്പോള്‍… ഒട്ടൊരു വെല്ലുവിളിയോടെ ജീവിതത്തെ നേരിടുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ.
എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തരാവണം എന്നു ശഠിക്കുന്ന അവർ പക്ഷെ ഒറ്റപ്പെടുകയാണ്. കുടുംബം എന്നുള്ള ആ സുന്ദരമായ കൂട്ടായ്മയെ ഒരു സ്ഥാപനമാക്കി ചുരുക്കിക്കളഞ്ഞു. ഇതിനിടയിലെവിടെയോ നഷ്ടമായതും,കൈമോശം വന്നതു മായ ഒന്നിനേയും കുറിച്ചു പറയുന്നില്ല. മറിച്ച്, തീനാളത്തിലേക്കു പറന്നടുത്തു ചിറകു കരിഞ്ഞു നിലം പതിക്കുന്ന ഇയ്യാം പറ്റകളെ പോലെ സ്വയം നഷ്ടപ്പെട്ട്, ഇത്തിരി പ്രാണനായി നിലത്തിഴയേണ്ടി വരുന്ന ഹതഭാഗ്യരായ ചെറുപ്പക്കാരെ കുറിച്ചാണു ചിന്തിക്കാനുള്ളത്.
പൊതുവായ ഒരു പരാമർശം മാത്രമാണിത്. അതിവേഗത്തിൽ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഇലക്ട്രോണിക്ക്സ് യുഗത്തിൽ കുട്ടികളോട് ഏറ്റവും അടുത്ത് ഇട പഴകുന്ന മാതാവിനു ഏതാണ്ടൊക്കെ അറിഞ്ഞിരുന്നാൽ അവരെ നിരീക്ഷിക്കാനും വേണ്ടിവന്നാൽ മാർഗ്ഗ ദർശനം നൽകാനും കഴിയും. ഏറ്റവും ഉപയോഗപ്രദവും, എന്നാൽ ഏറ്റവും വലിയ പാപക്കനിയും ആയ മൊബൈൽ ഫോൺ ആണല്ലൊ ഇന്നു നമ്മെ ഭരിക്കുന്നത്.
കൈകള്‍ക്കുള്ളിലെ ലോകമാണത്. ഇന്‍റർനെറ്റിലൂടെ എല്ലാം നമ്മുടെ വീട്ടുമുറ്റത്ത്. ലോകം മുഴുവൻ നമുക്കു ചുറ്റും. എത്ര മനോഹരമായ സങ്കല്‍പ്പമാണ് യാഥാർത്യമായത്. പക്ഷെ അതിന്‍റെ ദുരുപയോഗമാണു ഇന്നു സമുദായം നേരിടുന്ന വെല്ലുവിളി.
ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, എണ്ണമറ്റ ചാറ്റ് റൂംസ്, ഒട്ടനവധി വെബ്സൈറ്റുകള്‍.., വാട്സ്-ആപ്പ്, അതിൽതന്നെ എണ്ണമറ്റ ഗ്രൂപ്പുകള്‍, അങ്ങിനെ ഒരുപാട് സൗകര്യങ്ങള്‍ മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നു. അടിപ്പിക്കുകയും ചെയ്യുന്നു.!!
ഇത്തരം കൂട്ടായ്മകള്‍ ഒരുപാടു സല്‍പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. പെട്ടന്നു തന്നെ പരസ്പരം ബന്ധപ്പെടാൻ കഴിയുന്നത് വഴി പെട്ടന്നു തന്നെ പ്രവർത്തിക്കാനും കഴിയുന്നു.
അതിനേക്കാള്‍ വേഗതയിലാണ് ഈ മീഡിയ വെച്ചു പരദൂഷണവും വ്യക്തിഹത്യയും നടക്കുന്നതും. ഫെയിസ് ബുക്കിൽ ‘ക്വൊട്ടേഷൻ ടീമുകള്‍’ പ്രവർത്തിക്കുന്നുണ്ട്. ആരെയെങ്കിലും തേജോവധം ചെയ്യണമെങ്കിൽ അവരുടെ ഐ.ഡി കൊടുത്തു ഈ ക്വൊട്ടേഷൻ ടീമിനെ ഏല്പ്പിച്ചാൽ മതി. വിവാഹം മുടക്കുന്നതു മുതൽ എന്തു കാര്യവും ഇവർ സാധിച്ചു തരും. മനുഷ്യനെ ആത്മഹത്യയിലേക്കു വരെ നയിച്ച എത്രയോ കേസുകള്‍ നാം വായിക്കുന്നു.
വാട്ട്സ് ആപ്പിലാണെങ്കിൽ ഒരു പെയ്ഡ് ഗ്രൂപ്പുണ്ട്. പണത്തിനു വേണ്ടി എന്തും ചെയ്യുന്നവർ സമൂഹനന്മയല്ലല്ലൊ ആഗ്രഹിക്കുന്നത്.
ഇതിൽ ഒരു തുക കൊടുത്തു മെംബർഷിപ്പു എടുത്താൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണാൻ കഴിയും. ഇത്തരം വീഡിയോകളും ചിത്രങ്ങളും അപ് ലോഡ് ചെയ്യുകയാണെങ്കിൽ അതിനുള്ള പ്രതിഫലവും വാങ്ങാം. അതിനു വേണ്ടി ചെയിഞ്ചിംഗ് റൂംസും, കുളിമുറിയും മറ്റും തേടിപ്പോകുന്നവർ എത്രയോ. കൊച്ചു കുട്ടികളെ വരെ ഭയപ്പെടുത്തിയും മറ്റും പലതും ചെയ്യിച്ചു ഫോട്ടോസും വിഡിയോയും എടുക്കുന്നു. പലരും സ്നേഹം അഭിനയിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് അതിന്‍റെ വിഡിയോ എടുത്തു കാണിച്ചും, ആ പെൺകുട്ടിയെ ഭയപ്പെടുത്തിയും മറ്റും പണം തട്ടുന്ന ഹീനമായ പ്രവർത്തികള്‍ക്കും ഒരു ലജ്ജയുമില്ലാത്ത യുവ മനസ്സുകള്‍!! ഫേയ്സ് റ്റൈം, വീഡിയോ കാള്‍ മുതലായവയിൽ അശ്ലീല വർതമാനങ്ങള്‍ പറഞ്ഞും, വിവസ്ത്രരായി കാണിച്ചും പണം ഈടാക്കുന്ന ഏജൻസികളും ഉണ്ട്. അറിഞ്ഞൊ അറിയാതെയോ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ എടുത്തു നാമറിയാതെ ഓരോ അനാശാസ്യ പ്രവർത്തികള്‍ക്ക് ഉപയോഗിക്കുന്നു.
ഹാക്കേഴ്സ്സ് എന്നൊരു വിഭാഗം അനധികൃതമായി കടന്നു കയറി., പലരുടെയും ഐ.ഡി ഉപയോഗിച്ചു പല അതിക്രമങ്ങളും ചെയ്യുന്നുണ്ട്. പലപ്പോഴും ഇതെല്ലാം അറിഞ്ഞു വരുമ്പോഴേക്കും വളരെ വൈകിയിരിക്കും.
ഏറ്റവും ഉപയോഗപ്രദമായ ഇന്‍റെർനെറ്റ് വളരെയധികം കരുതലോടെ മാത്രം ഉപയോഗിക്കേണ്ടതായിട്ടാണു വന്നിരിക്കുന്നത്.കമ്പ്യൂട്ടർ ‘ബ്രെയിനികള്‍’ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചു വെച്ചിട്ടുണ്ട് ഈ വഴിയിൽ.
ഇപ്പോഴത്തെ ഏറ്റവും വലിയ “ക്രേയ്സ്സ്” ആണല്ലൊ വൈറൽ എന്ന പ്രയോഗം. സിരകളെ ത്രസിപ്പിക്കുന്ന ഏതെങ്കിലും ഒരു കാഴ്ച അല്ലെങ്കിൽ ഫോട്ടോ യുറ്റുബിലോ വാറ്റ്സ് അപ്പിലോ ഇട്ടു നിമിഷക്കുള്ളിൽ തന്നെ ഏറ്റവും കൂടുതൽ പേർ കാണുകയും പ്രതികരിക്കുകയും മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുമ്പോള്‍ ‘വൈറൽ’ ആവുന്നു.
വൈറൽ എന്നാൽ വിറളി പിടിക്കുക, വെറി പിടിക്കുക എന്നൊക്കെ അർഥങ്ങളുണ്ടോ എന്നറിയില്ല.
അതിക്രൂരമായ കൊലകളോ.., കൂട്ടമാനഭംഗമോ, ലൈംഗിക വൈകൃതമോ ഒക്കെ വൈറൽ ആവുമ്പോള്‍.. ഇതു പകർത്തിയവർ എന്തു കൊണ്ട് അതു തടഞ്ഞില്ല എന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ?
ഐസിസുകാർ തലയറുക്കുന്നതും മറ്റും വൈറൽ ആയി പ്രചരിക്കുന്നതു കൗതുകത്തോടെ മറ്റുള്ളവർക്കു ‘ഷെയർ’ ചെയ്യുമ്പോള്‍ അതാണു അവർ ഉദ്ദേശിച്ചതും എന്നറിയുന്നില്ല..
മാനസിക വൈകൃതം ഒരു രോഗം പോലെ ഇന്നത്തെ സമൂഹത്തെ എങ്ങിനെ കീഴടക്കി കഴിഞ്ഞു എന്നു ഒരു ഞെട്ടലോടെയേ കാണാൻ കഴിയൂ.
ഭീകരത കണ്ടും, കേട്ടും, ചെയ്തും, അനുഭവിച്ചും, യുവമനസ്സുകളുടെ നടുക്കം മാറിയിരിക്കുന്നു.
സ്വന്തം പ്രവർത്തികള്‍ക്കു സ്വന്തം ന്യായീകരണം. ‘ആഫ്റ്റർ ആള്‍ ഇറ്റ്സ് മൈ ലൈഫ്’. അതാണ് യുവാക്കളുടെ പക്ഷം.
കേരളത്തിലെന്നു വേണ്ട എല്ലായിടത്തും മയക്കു മരുന്നിന്‍റെ കച്ചവടം പലപ്പോഴും സാധ്യമാവുന്നത് ഇന്‍റെർനെറ്റ് വഴിയാണല്ലൊ. ചില പ്രത്യേക കോഡുകളും നമ്പറുകളും അതിനായി ഉപയോഗിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും വീട്ടിൽ അറിയാതെ ഇങ്ങിനെ ഉണ്ടാക്കുന്ന പോക്കറ്റ് മണി പുതിയ ഗാഡ്ജറ്റുകള്‍ വാങ്ങാനോ, ആഢംബരജീവിത ശൈലിക്കായോ ഉപയോഗിക്കുന്നു. അവർ തങ്ങളുടെ സമൂഹത്തിനും കൂടപ്പിറപ്പുകള്‍ക്കും ചെയ്യുന്ന ദ്രോഹത്തെപറ്റി ബോധവാന്മാരല്ല.
ഭീകരവാദത്തിന്‍റെ സാഹസികതയിലേക്കും പലരേയും ആകർഷിച്ചതും ഈ ഇന്‍റെർനെറ്റ് വഴി തന്നെ. ഏത് രീതിയിൽ നോക്കിയാലും വല എന്ന പ്രയോഗം അന്വർഥമാക്കുന്ന ഒരുപാടു ദുരുപയോഗം ഈ മീഡിയക്കുണ്ട്. പക്വമാകാത്ത പ്രായത്തിൽ കാണുന്ന ലൈംഗിക വൈകൃതങ്ങൽ അതിക്രമങ്ങള്‍ എല്ലാം മനസ്സിനെ വല്ലാതെ മഥിക്കുന്നു. പല കാഴ്ചകളും പിന്നീട് ആരുടെയെങ്കിലും മേൽ പരീക്ഷിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും കുഞ്ഞു മക്കള്‍ ഇരകളാവുന്നത് അങ്ങിനെയാണ്.
കംപ്യുട്ടര്‍ ഗെയിംസ് എന്ന നേരം പോക്കിൽ, ആദ്യം പക്ഷികളെ വേട്ടയാടുന്നതിൽ തുടങ്ങി, കാർ, ബൈക്കു റെയ്സുകള്‍ ഒക്കെ ആയിരുന്നു. യുവാക്കളുടെ റോഡ് പരാക്രമങ്ങള്‍ പലതിലും ഈ സ്വാധീനം ഉണ്ടെന്നു പറയപ്പെടുന്നു. എണ്ണമറ്റ യുദ്ധമുറകള്‍, അരും കൊലകള്‍, പെൺകുട്ടികളെ വിവസ്ത്രയാക്കുക പീഡിപ്പിക്കുക, തുടങ്ങി ഒരുപാടു ഗെയിമുകള്‍ ലഭ്യം. ഇന്‍റെർനെറ്റിൽ എല്ലാ തരം രോഗങ്ങള്‍ക്കും മരുന്നും ഓരോരുത്തരുടെ രോഗാനുഭവങ്ങളും ഒക്കെ ലഭ്യം. പലപ്പോഴും വ്യാജഡോക്ടർമാരാണത്രെ രംഗത്ത്.
ഇപ്പോഴത്തെ തലമുറ ഒരു ആശുപത്രിയിലെ ഡോക്ടർ കുറിച്ച മരുന്നാണെങ്കിലും ആദ്യം നെറ്റിൽ തപ്പും. എന്നിട്ടേ അതു കഴിക്കൂ.
എന്തിനും ഏതിനും പുതിയ “ആപ്പു”കള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ “ഇ-യുഗത്തിൽ” കുട്ടികളുടെ മസ്തിഷ്കത്തിനോ ചിന്താശക്തിക്കൊ വലിയ പ്രസക്തി ഉണ്ടാവുമെന്നു തോന്നുന്നില്ല. ഹോം വർക്കു മുതൽ എല്ലാം സ്കാൻ ചെയ്തു ഉത്തരം പറഞ്ഞു തരുന്നതു കൊണ്ട് സ്വന്തമായി ഒന്നും ചെയ്യാനില്ല.. എല്ലാം ഒരു വിരൽതുമ്പിന്‍റെ ദൂരത്താണിപ്പോള്‍.
അങ്ങേയറ്റം എളുപ്പമായ ജീവിത ശൈലി. ഇരുപത്തിനാലുമണിക്കൂറും തികയാത്ത ദിനരാത്രങ്ങള്‍. അത്യാധുനികസൗകര്യങ്ങള്‍ മനുഷ്യന്‍റെ ജീവിത രീതിയും കാഴ്ചപ്പാടും എല്ലാം മാറ്റിയിരിക്കുന്നു.
ആർക്കും പരസ്പരം ആശ്രയിക്കുകയോ, സഹായിക്കുകയോ ചെയ്യേണ്ടിവരുന്നില്ല. കുടുംബത്തിലെ അംഗങ്ങള്‍ പോലും അപരിചിതർ!!
ഒന്നിച്ചിരിക്കുമ്പോഴും, അവരവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം, സ്വന്തമായൊരു ലോകത്തിലായിരിക്കും. ഒരു പക്ഷെ ഒരു മോഹവലയത്തിൽ എന്നു വേണമെങ്കിൽ പറയാം. സ്വന്തം മുറി മറ്റൊരു വീടു പോലെയാണു കുട്ടികള്‍ ഉപയോഗിക്കുന്നത്. അതിന്‍റെ സ്വകാര്യതയിൽ ലാപ്ടോപ്പിലോ, ഫോണിലോ തികച്ചും അപരിചിതരുടെ കൂടെയാണവർ!!. അവരുടെ ഭാഷയിൽ പറഞ്ഞാൽ “ഒരേ വേവ് ലെങ്ങ്ത്” ഉള്ളവർ.
ഒരുപക്ഷെ അങ്ങേയറ്റത്തെ അപകടകാരികളായ കുറ്റവാളികളുടെ കൂടെയായിരിക്കും! അവർക്കു മാതാപിതാക്കളോടോ കൂടപ്പിറപ്പുകളോടോ ഒന്നും പറയാൻ ഉണ്ടാവുകയില്ല. ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന ആരോ ആണു മാതാപിതാക്കള്‍. അതു അവരുടെ കടമയും അനുഭവിക്കുന്നത് മക്കളുടെ അവകാശവും!!
മനുഷ്യരുടെ ‘സോഷ്യൽ ബിഹേവിയറിനു ’ഇത്തരം ആപ്പുകളും ഗാഡ്ജറ്റ്സും ഒരു വലിയ പങ്കുവഹിക്കുന്നു എന്നു മനശാസ്ത്രജ്ഞന്മാർ പറയുന്നു.
ഏറ്റവും കൂടുതൽ വിഷാദ രോഗികള്‍ ഫെയ്സു ബുക്കു ഉപയോഗിക്കുന്നവരിലാണെന്നു പറയപ്പെടുന്നു.
ഇതിൽ മുതിർന്നവരും ഉള്‍പ്പെടുന്നു. യു ..ആർ അൺഹാപ്പി ബിക്കോസ് യു ആർ ഓവർ എസ്റ്റിമേറ്റിംഗ് അതേർസ് ഹാപ്പിനെസ്സ്, എന്നതാണു സത്യം.
ഫെയിസ് ബുക്കിലൂടെ ഉള്ളതും ഇല്ലാത്തതുമായ സൗഭാഗ്യങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് കാണുമ്പോള്‍ മത്സരമായി. മത്സരം ഒട്ടൊരു പരിധിവരെ മാതാപിതാക്കളും പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെ താരതമ്യം ചെയ്തു അനാരോഗ്യകരമായ മൽസരബുദ്ധി വളർത്തിയെടുക്കുന്നു. ഇപ്പോള്‍ ഇന്‍റെർനെറ്റ് ഒബ്സഷനിൽ മുതിർന്നവരും ഒട്ടും പിന്നിലല്ല. മക്കള്‍ക്കു നല്ല മാതൃകയാവേണ്ടവർ തന്നെ അവരുടെ ഉത്തരവാദിത്വത്തിൽ നിന്നു വിട്ടുനില്‍ക്കുന്നു. സ്വന്തം ക്യാരിയർ.. സ്വർഥത.. അന്യം വന്നു പോയത് സ്നേഹമാണ്. അല്ലെങ്കിലും പ്രണയത്തിനോ സ്നേഹത്തിനോ വലിയ പ്രസക്തിയൊന്നും ഇല്ല. ജീവിതം മുഴുവൻ ഒരാളുടെ കൂടെ മാത്രം കഴിച്ചു കൂട്ടണമെന്നൊന്നും നിർബന്ധമില്ലാത്തതു കൊണ്ട് വിട്ടുവീഴ്ചക്കോ ത്യാഗത്തിനോ ഒന്നും ആരും തയ്യാറല്ല.
ഫലം അനുഭവിക്കുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍.!!
തെറ്റും ശരിയും തിരിച്ചറിയാൻ കൂട്ടാക്കാത്ത ഒരു തലമുറയെ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്വം മുതിർന്നവർക്കുണ്ട്. ഒരു ചെറിയ ശതമാനം മാത്രമാണു എന്നും എവിടേയും പിഴക്കുന്നത്. പ്രായോഗികത മാത്രമല്ലാതെ, എല്ലാ നല്ല മൂല്യങ്ങളും ഉള്‍ക്കൊണ്ട് ചിന്താഗതികള്‍ക്കു തന്നെ മാറ്റം വരുന്ന ഒരു കാലം വരും. നമ്മുടെ ചുറ്റും വളരുന്ന പുതിയ മനസ്സുകളുടെ സ്പന്ദനങ്ങള്‍ തിരിച്ചറിയുക. അവരുടെ ജീവിതങ്ങളെ അട്ടിമറിച്ച്.. ഊഹാപോഹത്തിൽ സത്യം പുകച്ചു കളയുന്നവരെ തിരിച്ചറിയുക. വലകള്‍ കെട്ടി മക്കളെ കുരുക്കി, വിഷം കുത്തിവെച്ചു ഭീകര ജന്തുക്കളാക്കാൻ അനുവദിക്കാതിരിക്കുക.
ഞാൻ നിന്നെ നിരീക്ഷിക്കും, നിന്നെ സംരക്ഷിക്കും, നിന്നെ പിന്തുടരും, വേണ്ടിവന്നാൽ ഗുണദോഷിക്കും, ശിക്ഷിക്കും.. കാരണം ഞൻ നിന്‍റെ മാതാവാണ് എന്നു പറയാനുള്ള ധൈര്യം സംഭരിക്കുക. പുതിയ തലമുറയുടെ ഓരോ ഹൃദയമിടിപ്പും കാലത്തിന്‍റെ ജീവനാണ്. അതു സംരക്ഷിക്കേണ്ടത് മുമ്പേ നടക്കുന്ന മുതിർന്നവരുടെ കടമയും അവരുടെ അവകാശവുമാണ്.!!