മെല്‍ബണില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ കൊടിയേറി

0

മെല്‍ബണ്‍: – ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ക്ലേയ്റ്റണ്‍ സൗത്തില്‍ പണികഴിപ്പിച്ചിട്ടുള്ള സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവല്‍ പിതാവുമായിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 114- ാ മത് ഓര്‍മ്മപെരുന്നാള്‍ സഭയാകമാനം കൊണ്ടാടുന്നതിന്റെ ഭാഗമായി മെല്‍ബണിലും നവംബര്‍ 5 ശനിയാഴ്ചയും 6 ന് ഞായറാഴ്ചയും വളരെ വിപുലമായ തോതില്‍ ആഘോഷിക്കും. തിരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചന്‍ നിര്‍വ്വഹിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ന് നടക്കുന്ന സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ.ഫാ. വര്‍ഗീസ് ചെറിയാന്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വ്വാദം, കൈമുത്തല്‍, നേര്‍ച്ച, തുടര്‍ന്ന് ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും 8.45 ന് വിശുദ്ധ കുര്‍ബ്ബാനയുംപള്ളിക്ക് ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. തുടര്‍ന്ന് നേര്‍ച്ചയായി പഴവും നെയ്യപ്പവും വിശ്വാസികള്‍ക്ക് നല്‍കും 11.30 ന് വഴിപാടര്‍പ്പിക്കുന്ന സാധനങ്ങളുടെ ലേലവും ഒരു മണിക്ക് നേര്‍ച്ചസദ്യ വിളമ്പും കഴിയുന്നതോടെ പെരുന്നാളുകളുടെ ചടങ്ങുകള്‍ പര്യവസാനിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റവ.ഫാ. പ്രദീപ് പൊന്നച്ചന്‍, അസിസ്റ്റന്റ് വികാരി റവ.ഫാ. സജു ഉണ്ണൂണ്ണി, ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജി ബിന്‍ മാത്യൂ, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.