സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ സെപ്തംബര്‍ മാസത്തിലെ മലയാളം കുര്‍ബ്ബാന ദിനമായ മൂന്നാം ശനിയാഴ്ച 17 നു പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനത്തിരുനാള്‍ ആഘോഷിഷിക്കുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ ആഘോഷവും,അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ എട്ടുനോമ്പാചരണവും നടത്തുന്ന സെപ്റ്റംബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍ ഏറ്റവും വിപുലവും, ഭക്തിപുരസ്സരവുമായിട്ടാവും സ്റ്റീവനേജില്‍ ആഘോഷിക്കുക.
പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധിക്കായുള്ള പ്രാര്‍ത്ഥനാദിനം ആയി ആചരിക്കുന്ന സെപ്തംബര്‍ 17 നു രാവിലെ 9:30 നു സ്റ്റീവനേജിലെ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സെന്റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ.വിന്‍സന്റ് ഡയിക്ക് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്. സെന്റ് ഹില്‍ഡാ ദേവാലയ വികാരി ഫാ.മൈക്കിള്‍ തിരുന്നാളിന് ആതിഥേയത്വം വഹിക്കുകയും പ്രാരംഭമായി ആശംശകള്‍ നേരുകയും ചെയ്യും.തുടര്‍ന്ന് നടത്തപ്പെടുന്ന സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്‍റെ രൂപം വെഞ്ചരിക്കല്‍, ആഘോഷമായ സമൂഹ ബലി,വാഴ്വ് തുടങ്ങിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ആഘോഷമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാലായില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.
സ്റ്റീവനേജില്‍ നടത്തപ്പെടുന്ന രണ്ടാമത് തിരുന്നാള്‍ ആഘോഷം കൂടുതല്‍ ഗംഭീരവും,ഭക്ത്യാദരവും ആക്കുവാനുള്ള ഒരുക്കങ്ങള്‍ക്കായി സെബാസ്റ്റിയന്‍ അച്ചന്‍റെ അദ്ധ്യക്ഷതയില്‍ യോഗം കൂടുകയും വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു.
പരിശുദ്ധ ദൈവമാതാവിന്‍റെ തിരുന്നാള്‍ ഓരോ കുടുംബത്തിനും അനുഗ്രഹത്തിന്‍റെ അവസരമാകുവാനും,സ്വന്തം നിയോഗങ്ങള്‍ പരിശുദ്ധ അമ്മയുടെ സമക്ഷം വിശ്വാസപൂര്‍വ്വം സമര്‍പ്പിച്ചു ഫലസിദ്ധി പ്രാപ്യം ആകുവാനും, പ്രാര്‍ത്ഥനയില്‍ ഒരുങ്ങിക്കൊണ്ട് തിരുനാളില്‍ ഭക്തി പുരസ്സരം പങ്കു ചേരുന്നതിലേക്ക്,തിരുനാള്‍ കമ്മറ്റി ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ പ്രിന്‍സണ്‍ പാലാട്ടി ( 07429053226)
ടെറീന ഷിജി (07710176363) എന്നിവരുമായി ബന്ധപ്പെടുക
വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കന്നഞ്ചിറ