റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി; ശ്രദ്ധ നേടി സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക പരിപാടി
എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റോമിലെ ഇന്ത്യന്‍ എംബസി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതായിരുന്നു ചടങ്ങുകളുടെ മുഖ്യലക്ഷ്യം.
പ്രവാസികള്‍ക്കിടയില്‍ മഹത്തായ ഇന്ത്യന്‍ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും, അതിലൂടെ പുതിയ കലാകാരെ വളര്‍ത്തുകയും ചെയ്യുന്ന റോമിലെ ശ്രദ്ധേയ സാന്നിധ്യമായ സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡ് പരിപാടിയില്‍ പ്രത്യേക പ്രകടനം നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി റോമില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംഗീതസംഘം, ‘വന്ദേമാതരം’ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചു.
സംഗീതപ്രേമികളുടെ മനസ്സില്‍ ദേശസ്‌നേഹത്തിന്റെ ആവേശം നിറച്ച ഈ അവതരണം ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകവും സാംസ്‌കാരിക ഐക്യവും പ്രതിഫലിപ്പിച്ച പരിപാടി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമായി.