മലയാളസിനിമ ഇതുവരെ കാണാത്തൊരു യുദ്ധമാണ് നാളെ നടക്കുന്നത്. ഇമേജ് തകര്‍ന്ന ജനപ്രിയ നായകന്റെയും, ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയരുടെയും പോരാട്ടം. മുന്പും മലയാളസിനിമ പല പ്രമുഖ താരചിത്രങ്ങളുടെയും റിലീസ് തിയതി കാത്തിരുന്നിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നേര്‍ക്കുനേര്‍ പോരാട്ടം, യുവ താരങ്ങളുടെ പോരാട്ടം, വിജയ സംവിധായകരുടെ പോരാട്ടം എല്ലാത്തിനും മലയാള സിനിമ കാത്തിരുന്നിട്ടുണ്ട്. ഇങ്ങനെ ബോക്‌സോഫീസ് മത്സരങ്ങള്‍ മുറുകിയ നാളുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നാളെ മലയാള സിനിമ കാത്തിരിക്കുന്നത് രാമന്റെയും സുജാതയുടെയും പോരാട്ടത്തിനാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ തടവിലായ ദിലീപും, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും തമ്മിലുള്ള ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് നാളെ മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മഞ്ജു വാര്യരുടെ ‘ഉദാഹരണം സുജാത’, ദിലീപിന്റെ ‘രാമലീല’ എന്നീ ചിത്രങ്ങള്‍ നാളെ പുറത്തിറങ്ങുകയാണ്..
പൂജ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയം രാമലീല തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ റിലീസിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. അതേസമയം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ദിലീപിനും രാമലീലയ്ക്കും എതിരായ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് രാമലീലയുടെ അതേ ദിവസം റിലീസ് പ്രഖ്യാപിച്ച് മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തിയ തമിഴ് ചിത്രം അമ്മ കണക്ക് എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍ക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫാന്റം പ്രവീണ്‍ ആണ്
വിവാഹത്തിന് മുന്‍പോ വേര്‍പിരിയല്‍ കഴിഞ്ഞോ ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നതാണ് അറിയേണ്ടത്.