സുൽത്താൻ അബ്ദുല്ല മലേഷ്യയുടെ രാജാവ്

0

ക്വലാലംപുർ: പാഹങ് ഭരണാധികാരി സുൽത്താൻ അബ്ദുല്ല മലേഷ്യയുടെ പുതിയ രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ രാജാവിന്റെ സ്ഥാനാരോഹണം. മലേഷ്യയിലെ 9 മലയപ്രവിശ്യകളുടെയും തലവൻമാർ പരമ്പരാഗത മലയ മുസ്‌ലിം രാജാക്കന്മാരാണ്. ഇവരിലൊരാളെയാണ് 5 വർഷം കൂടുമ്പോൾ ഭൂരിപക്ഷം നോക്കി മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കുന്നത്. ഭരണഘടനയ്‌ക്കു വിധേയമായാണ് രാജാവ് ചുമതലയേൽക്കുന്നത്. ജനുവരി 31സുൽത്താൻ അബ്ദുല്ല ഭരണമേറ്റെടുക്കും. 47കാരനായ സുൽത്താൻ അബ്ദുല്ല ഈ മാസം ആദ്യമാണ് പാഹങ് രാജാവായി സ്ഥാനമേറ്റത്. മലേഷ്യയിൽ രാജാവിന് ഔപചാരിക പദവിയാണ്. അധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്. അഭ്യൂഹങ്ങൾക്കൊടുവിൽ, മലേഷ്യയിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് (49) ജനുവരി 6 നാണ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. 1954 ബ്രിട്ടീഷുക്കാരിൽനിന്നും സ്വാതന്ത്രം ലഭിച്ച ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ രാജാവായിരുന്നു സുൽത്താൻ മുഹമ്മദ്.