സുന്ദരിയേ വാ…വെണ്ണിലവേ വാ… 13 വർഷത്തിനിപ്പുറവും

0

ഈ പാട്ട് സൃഷ്ടിച്ച ഓളവും ലഹരിയും ആഘോഷവും..2006ൽ ഇറങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ ഇത്രമേൽ മലയാളി ആഘോഷിച്ച മറ്റൊരു ആൽബം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.എനിക്കോർമയുണ്ട്,ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്തായിരുന്നു ഈ ആൽബം റിലീസായത്.അന്ന് ചായക്കട മുതൽ ബാർബർഷോപ്പിൽ
വരെ,ഒന്നനങ്ങിയാൽ ഈ പാട്ട് തന്നെ.ഇതിന് മുമ്പ് കേരളത്തിൽ ഇങ്ങനെയൊരു ഓളവും തിമിർപ്പും സൃഷ്ടിച്ച ആൽബം,ഒരുപക്ഷേ താജുദീന്റെ ഫാത്തിമയായിരിക്കണം.അതിന്,പക്ഷേ ഇത്രക്ക് മൈലേജും സ്വീകാര്യതയും ലഭിച്ചിരുന്നോ എന്നതും സംശയമാണ്..കത്തുമായി വീട്ടിലേക്ക് വരുന്ന പോസ്റ്റ് വുമണിനോട് വിനുവിന് തോന്നിയ പ്രണയവും പ്രണയപാരമ്യത്താൽ അവൻ പാടിയ #സുന്ദരിയേ_വാ എന്ന ഗാനവും ഇന്നും അത്രക്ക് ഹരമാണ് നമുക്ക്..നായികയെ കണ്ട് മഞ്ഞൾ വാരി വിതറി ചമ്മലോടെ നിൽക്കുന്ന നായകനും,അയാളെ കണ്ട മാത്രയിൽ അവളുടെ കണ്ണുകളിൽ വിടർന്ന,നിറഞ്ഞ പുഞ്ചിരിയും 13 വർഷത്തിനിപ്പുറവും ആർക്കാണ് മറക്കാൻ സാധിക്കുക????

സ്മാർട്ട്ഫോണും മറ്റ് സങ്കേതങ്ങളും കാര്യമായി ഇല്ലാത്തൊരു കാലത്ത്…സിനിമയ്ക്കപ്പുറമുള്ള സംഗീതത്തോട് ഇന്നത്തെയത്രയും പോലും പ്രിയമില്ലാതിരുന്ന കാലത്താണ് സുന്ദരിയേ വാ ഒരു വടക്കൻ കാറ്റിന്റെ സുഖം പകർന്ന് കേരളമൊന്നാകെ ജ്വരമെന്ന കണക്ക് അലയടിച്ചത്.ഒരു കാലഘട്ടത്തിൽ സംഗീത പരിപാടികളുടെ ഉത്സവമായിരുന്നു ഈ ഗാനവും ഈ പാട്ട് പാടിയ ഫ്രാങ്കോയും.#ഫ്രാങ്കോ എന്ന ഗായകനെന്നാൽ അത് സുന്ദരിയേ എന്ന പാട്ടായി പരിണമിക്കുകയായിരുന്നു.അഞ്ചിലധികം ഭാഷകളിൽ പാടി സിനിമയിലും സമാന്തര സംഗീതത്തിലും തന്റേതായ ഇടം കണ്ടെത്തിയ ഫ്രാങ്കോ പക്ഷേ,ഇന്നും #സുന്ദരിയേ_വാ എന്ന‌ പാട്ടു പാടിയ ആളാണു പ്രേക്ഷകന്.

സംഗീതത്തിന്റെ വിശാലമായ ലോകത്ത് മുൻപരിചയമൊന്നുമില്ലാത്ത ഒരുപറ്റം ചെറുപ്പക്കാരുടെ കഠിനാധ്വാനമാണ് ഈ സൂപ്പർഹിറ്റ് ആൽബം എന്ന് പറഞ്ഞാൽ ഒരുപക്ഷേ വിശ്വസിക്കാൻ ഒരല്പം പ്രയാസമായിരിക്കും.പക്ഷേ സംഗതി സത്യമാണ്

കന്നുകാലികച്ചവടവും മറ്റ് ജോലികളും ചെയ്തിരുന്ന കുമാരൻ എന്ന പാട്ടു പ്രേമിയുടെ മനസിലാണ് ഈ സുന്ദരിപ്പാട്ടിന്റ പിറവി.കുമാരനെ സംബന്ധിച്ചിടത്തോളം പാട്ടുകളാണ് അയാളുടെ ലോകം,നന്നായി പാടുകയും ചെയ്യും.അങ്ങനെയിരിക്കെ ഒരു സംഗീത ആൽബം ചെയ്യണമെന്ന് തോന്നി കുമാരന്.പാട്ടു പാടി നടന്ന് കിട്ടിയ ചങ്ങാതിമാരുടെയടുത്താണ് ആദ്യം കാര്യം പറഞ്ഞത്.അങ്ങനെയാണ് സംഗീത സംവിധായകൻ ശ്യാം ധർമനിലേക്ക് സംഗതി എത്തുന്നത്.കാര്യം അറിഞ്ഞപ്പോൾ ശ്യാമിനും സന്തോഷം.

ആൽബത്തിന്റെ പിറവിക്ക് പിന്നീട് അധികം സമയം എടുത്തില്ല.വെറുമൊരു സാധാരണ പെയിന്റിങ് തൊഴിലാളിയായിരുന്ന രാജു രാഘവൻ ആയിരുന്നു #സുന്ദരിയേ_വാ എന്ന ഹിറ്റ് ഗാനത്തിന് അന്ന് പ്രണയാക്ഷരങ്ങൾ കുറിച്ചത്.വാക്കുകൾ തൂലികയിലാവാഹിച്ച് പ്രണയത്തിന് ഒരു പുതിയ ഭാവം പകുത്ത് നൽകുമ്പോൾ രാജു പോലും അന്ന് ഓർത്തുകാണില്ല,#സുന്ദരിയെ കേരളം മുഴുവൻ ഏറ്റെടുക്കുമെന്ന്.എട്ടാം ക്ലാസ് മുതൽ ആകാശവാണിക്ക് വേണ്ടി ഗാനങ്ങൾ എഴുതിത്തുടങ്ങിയ ആളാണ് രാജു രാഘവൻ.ആദ്യമെഴുതിയത് ഓണപ്പാട്ടുകൾ ആയിരുന്നു.പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ഒരുപാട് വിപ്ലവഗാനങ്ങൾ എഴുതി.അഭയമന്ത്രാക്ഷരം ആയിരുന്നു രാജുവിന്റെ ആദ്യ ആൽബം.അയ്യപ്പ ഭക്തിഗാനങ്ങൾ മാത്രമായിരുന്നു ആ ആൽബത്തിൽ ഉണ്ടായിരുന്നത്.രാജുവിന്റെ ആദ്യ പ്രണയ ആൽബമായിരുന്നു #ചെമ്പകമേ.സംവിധായകൻ ലോഹിതദാസിന്റെ അസിസ്റ്റന്റ് ആയി ദീർഘകാലം പ്രവർത്തിച്ച ഉദയ് ശങ്കർ(വാട്ടർമാൻ)ആയിരുന്നു ആൽബത്തിന്റെ സംവിധായകൻ.റാം സുന്ദറിന്റേതായിരുന്നു ഓർക്കസ്ട്രേഷൻ.

വീട്ടുമുറ്റത്ത് കിലുക്കാംപെട്ടിയെ പോലെ ഓടി നടന്ന ഫിലിപ്പ്.ജെ.ഫിലിപ്പ് എന്ന മൂന്നരവയസ്സുള്ള കുട്ടി ആയിരുന്നു അന്ന് ഈ ആൽബത്തിന്റെ പ്രൊഡ്യൂസർ.#ചെമ്പകമേ ആൽബത്തിന്റെ പാർട്ട്ണർ ജിത്ത് ഫിലിപ്പിന്റെ ഏകമകനാണ് ഫിലിപ്പ്.ഒരു ഞാണിന്മേൽ കളിയാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ജിത്ത് ഫിലിപ്പ് #ചെമ്പകമേ മ്യൂസിക് ആൽബത്തിന്റെ പങ്കാളിയാകാൻ തീരുമാനിക്കുന്നത്.എന്നാൽ ആൽബത്തിന്റെ ഗാനചിത്രീകരണത്തിന്റെ ഒരുക്കങ്ങൾ മുഴുവൻ പൂർത്തിയായ വേളയിലാണ്,അത് ചെയ്യാമെന്ന് ഏറ്റിരുന്ന ആൾ കാല് മാറിയത്.എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അണിയറപ്രവർത്തകർ വേറെ ടെക്‌നീഷ്യന്മാരെ വച്ചാണ് പിന്നീട് ചിത്രീകരണം പൂർത്തിയാക്കിയത്.അനിശ്ചിതത്വങ്ങളെല്ലാംമാറി ഏതാണ്ട് ഒന്നരവർഷം കൊണ്ടാണ് ആൽബം പൂർത്തിയായത്.സുന്ദരിയേ വാ പാടി റെക്കോർഡിങ് കഴിഞ്ഞെങ്കിലും പാട്ട് വിതരണം ചെയ്യാനും മാർക്കറ്റിങ്ങിനുമൊന്നും ആരെയും കിട്ടിയില്ല.ഒരു പാട്ടു മാത്രമായി ഏറ്റെടുക്കാൻ‍ ആളുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.പിന്നെയും നീണ്ടു ആ ദൗത്യം.ആൽബം ഏറ്റെടുക്കാനുള്ള ആളിനെ തേടിയായിരുന്നു അണിയറപ്രവർത്തകരുടെ അടുത്ത അന്വേഷണം.അങ്ങനെയാണ് ബിജോയ് എന്ന പ്രൊഡക്ഷൻ ഡിസൈനറിലേക്ക് അവർ എത്തുന്നത്.കുമാരന്റെയും സംഘത്തിന്റെയും ഓഡിയോ റിലീസ് ചെയ്യാൻ ഒരു കമ്പനി തന്നെ അന്ന് ബിജോയ് തുടങ്ങി.#ഹിമഓഡിയോസ്.സുന്ദരിയേ വാ എന്നതിനു ദൃശ്യങ്ങളൊക്കെ വരുന്നത് ബിജോയ് യുടെ കൂടി ആശയത്തിലായിരുന്നു.ചെമ്പകമേ എന്ന ഗാനം സാബു ആദിത്യനും,,സുന്ദരിയേ വായുടെ വീഡിയോ ഉദയ് ശങ്കറുമാണു സംവിധാനം ചെയ്തത്.ആൽബത്തിന് ചെമ്പകമേ എന്ന് പേരുമിട്ടു.സുന്ദരിപ്പാട്ടിനൊപ്പം വേറെയുമെത്തി ഗാനങ്ങൾ.അക്കാലത്ത് മലയാള സിനിമാസംഗീതത്തിൽ തിളങ്ങി നിന്നിരുന്ന ജ്യോത്സ്നയും വിധു പ്രതാപും ആശ.ജി.മേനോനും മധു ബാലകൃഷ്ണനുമൊക്കെ ഈ ആൽബത്തിൽ സഹകരിച്ചു.അവരുടെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങൾ എടുത്താൽ അക്കൂട്ടത്തിൽ ഇവയുമുണ്ടാകും.ആൽബം പുറത്തിറങ്ങിയപ്പോൾ ഏറ്റവും ശ്രദ്ധ നേടിയത് ഫ്രാങ്കോ പാടിയ സുന്ദരിയേ വാ…ചെമ്പകമേ എന്നീ പാട്ടുകളായിരുന്നു..ജനപ്രീതിയിൽ സുന്ദരിക്കൊപ്പം എത്താൻ സാധിച്ചില്ലെങ്കിലും #ചെമ്പകമേ #മേലേമാനത്ത് എന്നീ ഗാനങ്ങളും ആസ്വാദകഹൃദയം കീഴടക്കി.ആൽബത്തിലെ ഓരോ ഗാനവും ഓരോ മൂഡായിരുന്നു ആസ്വാദകന് സമ്മാനിച്ചത്.അഫ്ഗാനിസ്ഥാനിൽ ബന്ദിയായി മരിച്ച മണിയപ്പന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വേദനയുടെ പശ്ചാത്തലത്തിലായിരുന്നു മേലേമാനത്ത് എന്ന ജ്യോത്സന പാടിയ ഗാനം ചിത്രീകരിച്ചത്.

ആൽബം ഇറങ്ങിയതിന് ശേഷം ബിജോയ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ ആൽബവുമായി കാസറ്റ് കടകൾ മുഴുവൻ കയറിയിറങ്ങി..ചിലർക്ക് പുച്ഛം…ചിലർക്ക് പരിഹാസം..ഈ ചെറുപ്പക്കാർക്ക് വേറെ പരിപാടിയൊന്നുമില്ലേ എന്ന ഭാവമായിരുന്നു മറ്റ് ചിലർക്ക്…വേറെ ചിലർ ..”ആൽബമാണോ..എങ്കിൽ വേണ്ട” എന്ന് അറുത്തു മുറിച്ച് പറഞ്ഞു.കുറേയാളുകൾക്കെങ്കിലും ഈ പാട്ടുകൾ ഇഷ്ടമാകണം.അവർ ഈണങ്ങൾ പാടി നടക്കണം.അവരുടെ പാട്ടോർമകളിൽ എന്നും സൂക്ഷിച്ചു വയ്ക്കണം..അത്രയൊക്കെയേ ആൽബത്തിന്റെ അണിയറപ്രവർത്തകരും അന്ന് ചിന്തിച്ചിരുന്നുളളൂ.എന്നാൽ ആൽബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായത് ആൽബത്തിന്റെ ജനപ്രീതി ഇരട്ടിയാക്കി.സിനിമാ ഗാനങ്ങളെ കവച്ചു വയ്ക്കുന്ന ജനപ്രീതിയാണ് അന്ന് ഈ ആൽബം കേരളത്തിൽ കൈവരിച്ചത്.പ്രണയം മരിച്ചിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് കേരളത്തിലെ യുവത ഈ ആൽബത്തിലെ പാട്ടുകളെ നെഞ്ചിലേറ്റിയത്.??

ഗായകൻ ഫ്രാങ്കോയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു സുന്ദരിയെ വാ..പാട്ടിന് വരികളെഴുതുമ്പോഴും ഈണമിടുമ്പോഴും ഫ്രാങ്കോയും അടുത്തുണ്ടായിരുന്നു.തനിക്കു വേണ്ടി മാത്രമുള്ളൊരു പാട്ടാണ് അതെന്ന് ഒരുപക്ഷേ,ഫ്രാങ്കോ പോലും അന്ന് കരുതിക്കാണില്ല.പാട്ടിലെ ഓരോ വാക്കുകളും ഈണവഴികളുമെല്ലാം ഫ്രാങ്കോയുടെ ആലാപന ശൈലിയോട് അത്രമേൽ ചേർന്നു നില്‍ക്കുന്ന ഒന്നായിരുന്നു.

സ്‌നിഗ്ദ മധുരമായൊരു പ്രണയ്സ്മൃതിയോടെ…പ്രണയാതുരമായൊരു ഹൃദയത്തോടെ 13 വർഷത്തിനിപ്പുറവും മലയാളികൾ ഒരേ മനസ്സോടെ ഏറ്റു പാടുന്നു.

????സുന്ദരിയേ വാ…വെണ്ണിലവേ വാ…എൻ ജീവതാളം നീ…പ്രണയിനി????