മാപ്പ്; ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി

0

വിശന്ന് തളര്‍ന്ന് ലോകത്തില്‍ നിന്ന് വിടപറഞ്ഞ സഹറിന്റെ മെലിഞ്ഞുണങ്ങിയ രൂപം ഒരു വലിയ സമൂഹത്തിന്റെ മുഖമാണ്. സ്വന്തം നാട്ടില്‍ പട്ടിണിയും ദുരിതവും അനുഭവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യജീവനുകളുടെ മുഖം.  ഡമാസ്‌കസിലെ അനേകം കുഞ്ഞുങ്ങളില്‍ ഒരാളാണ് ഈ കുഞ്ഞും. ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി.  അഭ്യന്തരകലാപവും വിമതശല്യവും രൂക്ഷമായ ഒരു ഒരു നാട്ടില്‍ ഇങ്ങനെ എത്ര കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു.

കടുത്ത പോഷകാഹാരക്കുറിവ് അനുഭവിച്ചിരുന്ന സഹറിന് രണ്ട് കിലോയില്‍ താഴെ മാത്രം ഭാരമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മയ്ക്കും പോഷകാഹാരക്കുറവുണ്ട്. അതിനാലാണ് കുട്ടിയ്ക്ക് ആവശ്യമായ മുലപ്പാല്‍ പോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതിരുന്നത്. കുട്ടിയുടെ അച്ഛന് ഇറച്ചി വില്‍പ്പനശാലയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് സഹറിന് അവശ്യമായ പാലും മറ്റും വാങ്ങാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒന്നുറക്കെ കരയാന്‍ പോലുമുള്ള ആരോഗ്യം കുഞ്ഞിനു ഇല്ലായിരുന്നു എന്നതാണ് സത്യം.എഎഫ്പി പുറത്തുവിട്ട ചിത്രത്തിലെ നനുത്ത തൊലിയില്‍ പൊതിഞ്ഞ അവളുടെ കുഞ്ഞ് ശരീരം ആരെയും വേദനിപ്പിക്കുന്നതാണ്.