നവതലമുറ സിനിമാ നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ ‘ട്രാഫിക്’ മലയാള സിനിമാ ലോകത്തിന് നൽകിയ ഉണർവ്വ് ചെറുതായിരുന്നില്ല. നിർമ്മാണത്തിലും അവതരണത്തിലും മാർക്കറ്റിങ്ങിലും തൊട്ട് സിനിമ സംബന്ധിക്കുന്ന സകലയിടങ്ങളിലും ചെറുതും വലുതുമായ പരീക്ഷണങ്ങളും പുതുമകളും കൊണ്ട് വരാൻ സിനിമാക്കാർ നിർബന്ധിതരാകാൻ തുടങ്ങുന്നതും ആ കാലത്താണ്. രാജേഷ് പിള്ളയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമക്ക് ഒരു തീരാനഷ്ടമാണ് എന്ന് പറയാൻ പറ്റാത്ത വിധം മരണശേഷവും അദ്ദേഹം മലയാള സിനിമാ പരിസരത്തു ജീവിച്ചു കാണിക്കുന്നതിന്റെ തെളിവ് കൂടിയാണ് ടേക് ഓഫ്. അത് കൊണ്ട് തന്നെയാകാം രാജേഷ് പിള്ളയുടെ ഓർമ്മകളുമായി രാജേഷ് പിള്ള ഫിലിംസ് അവതരിപ്പിക്കുന്ന ‘ടേക് ഓഫ്’ പ്രേക്ഷകർക്ക് ഇന്ദ്രിയാതീമായ ഒരു സിനിമാ ആസ്വാദനവും അനുഭവവും കൂടിയായി മാറുന്നത്.
സിനിമ കാണാത്തവർക്കും കൂടി കണ്ണടച്ച് ഒറ്റ വാക്കിൽ പറയാനാകുന്ന ഒന്നാണ് ടേക് ഓഫിന്റെ കഥ. ഇറാഖിൽ വച്ച് ഐ.എസ് ഭീകരരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ സുരക്ഷിതരായി കേരളത്തിലേക്കെത്തിക്കുന്നതോടു കൂടെ തീരുന്ന ഒരു സിനിമയിൽ എന്തിത്ര കാണാനും പറയാനുയി വലിയ കാര്യങ്ങൾ അവശേഷിക്കുന്നത് എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇവിടെയാണ് ‘സിനിമ’ എന്ന വാക്കിന്റെ പ്രസക്തി. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന ബെന്യാമിൻ വാക്കുകൾ ഓർമ്മയില്ലേ. സിനിമയുടെ കാര്യത്തിൽ അതൊന്നു തിരുത്തി പറയണം എന്ന് മാത്രം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുടെ കൂടെ ജീവിതങ്ങളാക്കി അനുഭവപ്പെടുത്തുന്നതാണ് ഒരു യഥാർത്ഥ സിനിമ. നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ തീർത്തും ഭാവനപരമായി അവതരിപ്പിക്കുന്നതിന്റെ മൂന്നിരട്ടി ശ്രമങ്ങൾ വേണം നമുക്കറിയാവുന്ന ഒരു സംഭവത്തെ വിശ്വാസയോഗ്യമാം വിധം ദൃശ്യവത്ക്കരിക്കാൻ. തുടക്കവും ഒടുക്കവുമെല്ലാം മുന്നേ കൂട്ടി അറിയാവുന്ന അത്തരം ഒരു സംഭവ കഥയുടെ പശ്ചാത്തലത്തിൽ ജീവസ്സുറ്റ കഥാപാത്രങ്ങളെയും അനുഭവങ്ങളേയും വീക്ഷണങ്ങളെയുമൊക്കെ തുന്നി ചേർത്ത് അവതരിപ്പിക്കുകയാണ് മഹേഷ് നാരായണൻ. അത് കൊണ്ട് തന്നെ യഥാർത്ഥ സംഭവങ്ങൾക്കൊപ്പം തന്റേതായ സാങ്കൽപ്പികതകളെയും സംവിധായകൻ സിനിമക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു വേള ഇറാഖിൽ ഭീകരരുടെ പിടിയിലാകുന്ന മലയാളി നഴ്സുമാരുടെ ദുരിതങ്ങൾ എന്നതിനേക്കാൾ കൂടുതലായി നഴ്‌സുമാരുടെ ജീവിതത്തെയാണ് സംവിധായകൻ സിനിമയിൽ ഫോക്കസ് ചെയ്യാൻ ശ്രമിക്കുന്നത്. നഴ്സ്‌മാരെ ഭൂമിയിലെ മാലാഖമാർ എന്നൊക്കെ വിളിക്കുമ്പോഴും നഴ്സിങ്ങ് ജോലിയെ ഒരു വശപ്പിശക് ജോലിയായി നോക്കി കാണുന്നവരാണ് സമൂഹത്തിൽ അധികവും. നൈറ്റ് ഡ്യൂട്ടിക്ക് പോയി വരുന്ന നഴ്സുമാരെ ഉന്നം വച്ച് കൊണ്ട് സമൂഹത്തിൽ പ്രചരിക്കുന്ന ക്രൂര പരിഹാസങ്ങളും തമാശകളും പിന്നീട് ആൺ സദസ്സുകളിൽ ഇക്കിളി കഥകളായി പോലും പരിണമിക്കാറുണ്ട്. ‘കുട്ടേട്ടൻ’മാരുടെ പഞ്ചാര വർത്തമാനങ്ങളിൽ വീണ് ഒരു നിമിഷം കൊണ്ട് സ്വയം അലിഞ്ഞു പോകുന്നവരും, നായകന്റെയോ സഹനടന്റെയോ ചന്തിക്ക് ഇഞ്ചക്ഷൻ വച്ച് കൊണ്ട് കോമഡിക്ക് രസക്കൂട്ടുണ്ടാക്കുന്നവരുമൊക്കെയാണ് മലയാള സിനിമകളിൽ നമ്മൾ കണ്ടു ശീലിച്ച നഴ്സ് കഥാപാത്രങ്ങളിൽ കൂടുതലും. എന്തിനേറെ പറയുന്നു, നഴ്സുമാരെ വാക്കുകൾ കൊണ്ട് മാലാഖയോളം വിശുദ്ധവത്ക്കരിക്കുമ്പോഴും 22 ഫീമെയിൽ കോട്ടയം പോലുള്ള സ്ത്രീപക്ഷ സിനിമകളിൽ പോലും (മനഃപൂർവ്വമല്ലെങ്കിൽ കൂടി) അവരുടെ ജീവിതം വശപ്പിശക് തന്നെയാണെന്ന് സ്ഥിരീകരിച്ചു കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ മലയാള സിനിമ കാലങ്ങളായി പൊതുവത്ക്കരിച്ചു കാണിച്ച നഴ്സ്മാരുടെ ജീവിതത്തെ സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് പുറത്തു കൊണ്ട് വരുന്ന സിനിമ കൂടിയാണ് ടേക് ഓഫ്.
നഴ്സിങ്ങ് കോഴ്സും ജോലിയും തിരഞ്ഞെടുക്കുന്നവർ സേവന താല്പര്യത്തോടൊപ്പം തന്നെ ആ ജോലിയിലൂടെ ഉയർന്ന വേതനം കൂടി സ്വപ്നം കാണുന്നവരാണ്. തൊഴിൽപരമായി ഒരേ ഫാമിലിയിലാണെങ്കിലും ഡോക്ടർമാർക്ക് കിട്ടുന്ന ബഹുമാനമോ പരിഗണനകളോ അർഹിക്കപ്പെടുന്ന അളവിൽ പോലും നഴ്സ്മാർക്ക് കിട്ടുന്നില്ല. ഒരേ സമയം തൊഴിലിടങ്ങളിലും അതിനു പുറത്തും അവർ പല വിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും അതിനെയെല്ലാം അതിജീവിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തന്നെ സമീപ കാലങ്ങളിലായി നടന്ന നഴ്സ് സമരങ്ങൾ ആലോചിച്ചു നോക്കൂ, അതൊന്നും അനർഹമായ എന്തെങ്കിലും നേടിയെടുക്കാൻ വേണ്ടിയായിരുന്നില്ല. എന്നിട്ടും വെറും നാല് കോളം വാർത്തക്ക് വേണ്ടി നടത്തുന്ന സൊ കാൾഡ് (അ)രാഷ്ട്രീയ വിപ്ലവ സമരങ്ങൾക്ക് കിട്ടുന്ന പിന്തുണ പോലും അവരുടെ സമരങ്ങൾക്ക് കിട്ടാറില്ല എന്നതാണ് സത്യം. കേരളത്തിലെ തൊഴിലിടങ്ങളിലെ അത്തരം പ്രശ്നങ്ങളുടെ രംഗാവിഷ്‌ക്കാരത്തിലേക്കൊന്നും കടക്കുന്നില്ലെങ്കിലും സ്വന്തം രാജ്യം വിട്ട് ജീവന് പോലും ഭീഷണിയുണ്ടായേക്കാവുന്ന മറ്റൊരു രാജ്യത്തിലേക്ക് ജോലിക്കായി പോകാൻ തീരുമാനിക്കുന്നവരുടെ മാനസികാവസ്ഥയിലൂടെ സിനിമ പലതും നമ്മളെ ബോധ്യപ്പെടുത്തുണ്ട്. ജീവനും പണയപ്പെടുത്തി കൊണ്ട് യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് എന്തിനാണ് ജോലിക്ക് വരുന്നത്, നാട്ടിൽ തന്നെ കിട്ടുമല്ലോ ജോലി എന്ന് ചോദിക്കുന്ന ഇന്ത്യൻ അംബാസിഡറോട് സമീറ പറയുന്ന മറുപടി ശ്രദ്ധേയമാണ്. നഴ്സ്സ്മാരെ മാലാഖമാരെന്നു വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല എന്ന് സമീറ പറയുമ്പോൾ സിനിമയിൽ അംബാസിഡറും തിയേറ്ററിൽ പ്രേക്ഷകരും തല കുനിച്ചു പോകുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം, മരണമുഖത്തു പോലും ജീവനേക്കാൾ വലുതാണ് കൂലി എന്ന മട്ടിൽ നിലയുറപ്പിക്കാൻ നിർബന്ധിതരാകുന്നവരുടെ ഗതികേടിനെ പരിഹസിക്കാനോ വിമർശിക്കാനോ ടേക് ഓഫ് കണ്ടിറങ്ങിയ ഒരു പ്രേക്ഷകനും സാധിക്കില്ല.
നഴ്സ് ജീവിതങ്ങളുടെ സാമൂഹിക മൂല്യം ഉയർത്തി കാണിക്കുന്നതോടൊപ്പം പെൺ ജീവിതങ്ങളെ വ്യക്തിത്വ ബോധമുള്ളവരായും കൂടി അവതരിപ്പിക്കുന്നുണ്ട് സിനിമ. ആ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് സമീറ എന്ന നായിക കഥാപാത്ര സൃഷ്ടി. പറഞ്ഞു വരുമ്പോൾ നായികയെ മുസ്‌ലിംവത്ക്കരിക്കുന്നതിനു പിന്നിൽ പോലുമുണ്ട് സമർത്ഥമായ ചില ആവിഷ്ക്കാര ഉദ്ദേശ്യങ്ങൾ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകളുടെ പ്രവർത്തന മേഖല അടുക്കള തന്നെയാകണം എന്ന നിർബന്ധിത്വം മത സമുദായ ഭേദമന്യേ ഉള്ള ഒന്നാണെങ്കിലും ഇവിടെ സിനിമയിൽ യാഥാസ്ഥിതിക ചിന്തകൾ വിമർശിക്കപ്പെടുന്നത് സമീറയുടെ സമുദായ പശ്ചാത്തത്തിലാണ്. വിശ്വാസപരമായ മത കൽപ്പനകൾ ഒന്നുമില്ലെങ്കിലും സമുദായത്തിനിഷ്ടം ജോലിക്ക് പോകാതെ അടുക്കളപ്പുറങ്ങളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകളെയാണ് എന്ന ആൺ ശാസനകളെ അവഗണിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്നവളാണ് സമീറ. പ്രവാചക കാലത്ത് പോലും യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉണ്ടായിട്ടുണ്ട് എന്നിരിക്കേ അടുക്കളപ്പുറങ്ങളിൽ ഒതുങ്ങേണ്ടവളല്ല സ്ത്രീ എന്ന് തറപ്പിച്ചു പറയാൻ അവളാരെയും ഭയപ്പെടുന്നില്ല. ഈ ഒരു ധൈര്യം തന്നെയാണ് ഐ സ് ഭീകരരുടെ തടവിലായിരിക്കുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ അവളെ പ്രാപ്തയാക്കുന്നത്. സ്ത്രീയോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ കാഴ്ചപ്പാടുകൾ ചൂണ്ടി കാണിച്ചു കൊണ്ട് വാചാലയാകുന്ന സമീറക്ക് മുന്നിൽ ഐസ് ഭീകരൻ പോലും ഉത്തരമില്ലാതെ നിന്ന് പോകുന്നുണ്ട്. സമീറയുടെ വ്യക്തിജീവിതത്തിൽ പല കാര്യങ്ങളിലായി അവൾ സ്വീകരിച്ച നിലപാടുകളിലെ ശരി തെറ്റുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള സാധ്യതകളെയൊക്കെ ഇല്ലാതാക്കി കൊണ്ട് അവളുടെ വ്യക്തിത്വത്തെയും തന്റേടത്തെയും കൃത്യമായി വരച്ചിടുകയാണ് സിനിമ മുഴുവൻ. അത് കൊണ്ട് തന്നെ സമീറയിൽ തുടങ്ങി സമീറക്കൊപ്പം സഞ്ചരിച്ച് സമീറയിൽ തന്നെ അവസാനിക്കുന്ന ഒരു സിനിമയാണ് ടേക് ഓഫ് എന്നും പറയാം.
ചില സങ്കുചിത മനോഭാവക്കാർ ‘ടേക് ഓഫ്’ മായി ബന്ധപ്പെട്ടു നടത്തിയ ചില ആരോപണങ്ങൾ കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നാൽപ്പത്തി ആറോളം നഴ്സ്മാർ തങ്ങളുടെ നിയന്ത്രണത്തിലായിട്ടും അവരെ ലൈംഗികമായോ ശാരീരികമായോ ഉപദ്രവിക്കാതെ പൊന്നു പോലെ നോക്കിയ ഇറാഖിലെ സായുധരായ സുന്നി വിമതരോട് മലയാള സിനിമ നന്ദി കാട്ടിയില്ല എന്നതായിരുന്നു അക്കൂട്ടത്തിലെ പ്രധാന ആരോപണം. ഈ ആരോപണം ശരിവെക്കാനായി ഇറാഖിൽ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാരിൽ ചിലർ പറഞ്ഞ ഭീകരരുടെ ‘ആങ്ങളമാരെ’ പോലെയുള്ള പെരുമാറ്റം എന്ന പരാമർശത്തെയും അവർ ചൂണ്ടി കാണിക്കുന്നു. എന്നാൽ നഴ്സ്മാരിൽ ചിലർ പ്രകടിപ്പിച്ച ഈ അഭിപ്രായത്തെ പോലും സിനിമ മാന്യമായി അവതരിപ്പിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. എന്നാൽ ഭീകരരെ ഭീകരായി തന്നെ കാണിക്കുന്ന നിലപാടിൽ സിനിമ യാതൊരു വിട്ടു വീഴ്ചക്കും നിന്നിട്ടില്ല. നഴ്സുമാരോട് മാന്യമായി പെരുമാറിയെങ്കിൽ തന്നെ ഭീകരർ ഭീകരർ അല്ലാതാകുന്നുണ്ടോ ? തങ്ങളെ കയറ്റി കൊണ്ട് പോയ വണ്ടിയിൽ നിറച്ചും തോക്കും ബോംബും നിറച്ചിരുന്നു എന്നൊക്കെയും നഴ്സ്മാർ വിശദീകരിച്ചിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ ‘ആങ്ങള പെരുമാറ്റം’ മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഭീകരരെ സ്നേഹമുള്ളവരും സമാധാനപ്രിയരുമായി സിനിമയിൽ അവതരിപ്പിച്ചു കാണിക്കാത്തതിന്റെ പേരിൽ ആർക്കെങ്കിലും അരിശം മൂക്കുന്നുണ്ടെങ്കിൽ അത് അസുഖം വേറെയാണ്. ഭീകരരെ സുന്നി വിമതരെന്നൊക്കെ തൊട്ടും തലോടിയും അഭിസംബോധന ചെയ്യുമ്പോഴും ഐ എസിന്റെ പേര് ബോധപൂർവ്വം പറയാതെ മറക്കുകയാണ് വിമർശകർ. അതിനുമുണ്ട് അവർക്കൊരു വിചിത്ര വാദം. അതായത് ഐഎസ്സ് അല്ല മലയാളി നഴ്സ്മാരെ തടവിലാക്കിയത് മറിച്ച് സായുധരായ സുന്നി വിമതരാണെന്നാണ് ആ വാദം. അവരെ ഐ എസ് ഭീകരരായി ചിത്രീകരിച്ചതിലാണത്രെ നീതികേട്. ഇനി ആ വാദത്തെ ശരി വച്ചാൽ തന്നെ അവരെ ഐ എസായി അവതരിപ്പിച്ചു കാണിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം കൂടി വിമർശകർ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാടിയിരുന്ന സായുധ ജിഹാദി ഗ്രൂപ്പായിരുന്നു ഇറാഖിലും സിറിയയിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ്. 2014 പകുതിയോടു കൂടെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന രൂപത്തിലേക്ക് മാറിയ അവർ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഖിലാഫത് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ നിരവധി ജിഹാദി സംഘടനകളുടെ പിന്തുണയും അവർക്ക് ലഭിക്കുകയുണ്ടായി. ഇറാഖിലാണെങ്കിൽ ഷിയാ ഗവർമെന്റിന്റെ സുന്നി വിരുദ്ധ ഭരണം അരങ്ങേറുന്ന കാലവുമായിരുന്നു അത്. പ്രക്ഷോഭങ്ങളെ ഗവർമെന്റ് സൈനികമായി നേരിട്ടതും സുന്നി പാർലമെന്റ് അംഗങ്ങളുടെ വീട് റൈഡ് ചെയ്തതും അടക്കം ഹവീജ കൂട്ടക്കൊലയും കൂടി ആയപ്പോൾ സുന്നികൾക്കിടയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും അവരുടേതടക്കമുള്ള പിന്തുണ നേടാനും ISISനു കഴിഞ്ഞു. പ്രത്യക്ഷത്തിൽ രണ്ടു ഗ്രൂപ്പാണെന്നു തോന്നിപ്പിച്ചവർ ഒരു പൊതു കാര്യത്തിനായി ഒരുമിച്ചത് അങ്ങിനെയാണ്. അത് കൊണ്ട് തന്നെ ഐ എസ് അല്ല സായുധരായ സുന്നി വിമതർ എന്ന വാദത്തിന്റെ പ്രസക്തിയും അവിടെ തീരുന്നു. പറഞ്ഞു വരുന്നത് ഇതൊക്കെ നടക്കുന്ന അതേ 2014 ജൂൺ കാലത്ത് പ്രസ്തുത പരിസര പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് നഴ്സ്മാർ തടവിലായ വാർത്തയും വരുന്നത് എന്നാണ്. മോചിതരായ ശേഷമുള്ള നഴ്‌സുമാരുടെ തന്നെ വിവരണങ്ങളിൽ നിന്ന് വ്യക്തമാണ് അവിടെ നിലനിന്നിരുന്ന ഭീകരാന്തരീക്ഷം എത്ര വലുതായിരുന്നെന്ന്. അത് കൊണ്ട് തന്നെ ഒരേ സമയം ഐ എസിന്റെ ഭീകരതക്കെതിര് പറയുകയും സായുധ സുന്നി വിമതരെ തലോടി സംസാരിക്കുകയും ചെയ്യുന്നവർ കണ്ണടച്ച് കൊണ്ട് ഭീകരതക്ക് പോലും വെള്ള പൂശുകയാണെന്ന് പറയാതെ വയ്യ. നഴ്സ്മാരെ ദേഹോപദ്രവം ഏൽപ്പിക്കുന്നവരായി കാണിക്കാതിരിക്കുമ്പോഴും ഭീകരരെ ഭീകരരായി തന്നെ കാണിക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മലയാള സിനിമയെ പഴി ചാരുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത്.
സമീപ കാല മലയാള സിനിമകളേക്കാൾ എല്ലാ അർത്ഥത്തിലും എല്ലാ തലങ്ങളിലും മികവും പുതുമയും സമ്മാനിച്ച ഒരു സിനിമ. പാർവ്വതിയുടെ സമീറ എന്ന കഥാപാത്രം തന്നെയാണ് ടേക് ഓഫിനെറ് ആത്മാവ്. ശാരീര ഭാഷയിലും വേഷ പകർച്ചയിലും പ്രകടനത്തിലുമൊന്നും തന്നോളം പോന്ന മറ്റൊരു ന്യൂ ജനറേഷൻ നടൻ വേറെയില്ല എന്ന് അടിവരയിട്ടു പറയുന്നതാണ് ഫഹദ് ഫാസിലിന്റെ ഇന്ത്യൻ അംബാസിഡർ വേഷം. ഒതുക്കമാർന്ന അഭിനയ ശൈലിയിലൂടെ ഷഹീദ് എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ കുഞ്ചാക്കോ ബോബനും സാധിച്ചിട്ടുണ്ട്. സാങ്കേതിക മികവും എഡിറ്റിങ്ങിലെ ചടുലതയുമാണ് ടേക് ഓഫിന്റെ മറ്റൊരു എടുത്തു പറയേണ്ട കാര്യം. അന്താരാഷ്‌ട്ര സിനിമകളോട് പോലും മത്സരിക്കാൻ തക്ക മികവുറ്റ മേക്കിങ്ങിലൂടെ മലയാള സിനിമയുടെ യശസ്സുയർത്താൻ ടേക് ഓഫിന് സാധിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ മലയാള സിനിമയുടെ കൂടി ‘ടേക്ക് ഓഫ്’ ആയി മാറുകയാണ് മഹേഷ് നാരായണന്റെ ആദ്യ സിനിമാ സംരംഭം. മലയാള സിനിമ പറന്നുയരുമ്പോൾ രാജേഷ് പിള്ളയെ നന്ദിപൂർവ്വം സ്മരിച്ചു പോകുകയാണ് പ്രേക്ഷക സമൂഹം.
Originally Published in സിനിമവിചാരണ