തിരുനെൽവേലി: പ്രമുഖ തമിഴ് നോവലിസ്റ്റും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു. 74 വയസായിരുന്നു. തിരുനെൽവേലി പേട്ട വീരബാഹു നഗറിലെ വസതിയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നടന്നു. സമകാലിക ജീവിതവും രാഷ്ട്രീയവും ചര്‍ച്ചചെയ്യുന്ന ഒട്ടേറെ നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.
വൈക്കം ബഷീർ, മോയിൻകുട്ടിവൈദ്യർ, എൻ.പി.മുഹമ്മദ്, യു.എ.ഖാദർ, പാറക്കടവ് തുടങ്ങിയവരുടെ കൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഒരു കടലോര ഗ്രാമത്തിൻകതൈ, തുറൈമുകം, സായ്‌വു നാർക്കാലി, കൂനൻ തോപ്പ്, അഞ്ചുവണ്ണം തെരുവ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ.
താങ്ങരശ്, അൻപുക്ക് മുത്തുമൈ ഇല്ലൈ, അനന്തശയനം കോളനി, ഒരു കുട്ടി തീവിൻ വരിപ്പടം, തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ, ഒരു മാമരവും കൊഞ്ചം പറൈവകളും തുടങ്ങിയവ പ്രശസ്ത ചെറുകഥാ സമാഹാരങ്ങളാണ്.അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ വ്യക്തമാക്കുന്ന സായ്‌വു നാര്‍ക്കാലി എന്ന നോവലിനാണ് 1995 ല്‍ തോപ്പില്‍ മീരാന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
പഴയ തിരുവിതാംകൂറിന്റെ ഭാഗമായ തിരുനെല്‍വേലിയില്‍ തേങ്ങപ്പട്ടണത്തിന് സമീപം അംശിപട്ടണത്തില്‍ 1944 സെപ്റ്റംബര്‍ 26 നാണ് ജനനം. തമഴ്നാട് സര്‍ക്കാരിന്റെ കലൈ ഇലക്കിയ പെരുമന്റം, ഇലക്കിയ ചിന്തനൈ തുടങ്ങിയ പുരസ്കാരങ്ങളും മുര്‍പോക് എഴുത്താളര്‍ സംഗം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജലീലയാണ് ഭാര്യ. ഷമീം അഹമ്മദ്, മിർസാദ് അഹമ്മദ് എന്നിവർ പുത്രന്മാരാണ്.