(പ്രവാസി എക്സ്പ്രസ് 2012-ലെ പ്രിന്‍റ് പ്രിന്‍റ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്)
സിംഗപ്പൂര്‍ : “പോളിടെക്നിക് പഠിക്കാന്‍ എന്തിനു വിദേശത്ത് പോകണം ? അതിലും കുറഞ്ഞ ചിലവില്‍ കേരളത്തില്‍ തന്നെ പഠിച്ചാല്‍ പോരെ? “ സിംഗപ്പൂര്‍ ടെമാസെക് പോളിയില്‍ പ്രവേശനം ലഭിച്ച ഏതൊരു മലയാളി വിദ്യാര്‍ഥിയും അഭിമുഖീകരിച്ച ചോദ്യങ്ങളില്‍ ചിലത് ഇവയോക്കെയാകണം .സത്യാവസ്ഥ അന്വേഷിച്ചു ടെമാസെക് പോളിടെക്നിക്കിന്റെ മുന്നില്‍ ചെന്നപ്പോഴല്ലേ ഞെട്ടിപ്പോയത് .സിംഗപ്പൂരിന്‍റെ കിഴക്ക് ഭാഗത്ത് ബെടോക്ക് റിസര്‍വോയറിനു സമീപം ടാമ്പനീസില്‍ 75 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മനോഹരമായ ക്യാമ്പസ്,അതായതു 33 വലിയ ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ ഗ്രൗണ്ടിന്റെ വലുപ്പം .1990,ഏപ്രില്‍ 6-നു ആരംഭിച്ച ഈ കലാലയത്തില്‍ ഇന്നു 15000-ത്തോളം വിദ്യാര്‍ഥികളും 1200-ഓളം ജീവനക്കാരും ഉണ്ട്.1995-ഇല്‍ ആണ് ഗ്രാന്ജി റോഡില്‍ നിന്ന് ഇപ്പോഴത്തെ ടാമ്പനീസ് കാമ്പസ്സിലേക്ക് കോളേജ് മാറ്റി സ്ഥാപിച്ചത് .എഞ്ചിനീയറിംഗ് ,സയന്‍സ് ,ഐ .ടി ,ഡിസൈന്‍ ,,ബിസിനെസ്സ് ,ഹുമാനിടീസ് ,എന്നീ 6 അക്കാദമിക് സ്കൂളുകളായി തിരിച്ചു 52-ഓളം വിവിധതരം കോഴ്സുകള്‍ ആണ് ടെമാസെക് പോളി വിദ്യാര്‍ഥികള്‍ക്കായി ഓഫര്‍ ചെയ്യുന്നത് .
Bringing education to life and life to education എന്നതാണ് ടെമാസെക്കിന്റെ പ്രധാന മുദ്രാവാക്യം .ഇത്രെയും വലുതും മനോഹരമായ കാമ്പസ്സില്‍ എവിടെ തുടങ്ങും എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് മലയാളി എന്ന് തോന്നിപ്പിക്കുന്ന ഒരു വിദ്യാര്‍ഥി നടന്നു പോകുന്നത് കണ്ടത് .രണ്ടും കല്‍പ്പിച്ചു മലയാളി ആണോ എന്ന ചോദ്യത്തിന് പ്രതീക്ഷിച്ച പോലെ തന്നെ അതെ എന്നായിരുന്നു മറുപടി .മലയാളികളെ കൂടുതല്‍ കാണണമെങ്കില്‍ ലൈബ്രറിയിലോ ,ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാന്റീനിലോ ചെന്നാല്‍ മതി എന്ന് അറിയാന്‍ കഴിഞ്ഞു .അവര്‍ പാര്‍ട്ട് ടൈം ജോലിക്ക് പോകുന്ന തിരക്കില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .ഇവിടെ വരുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രധാന ജീവിത മാര്‍ഗം ആണ് പാര്‍ട്ട് ടൈം ജോലി .സൂപ്പര്‍ മാര്‍ക്കറ്റ് ,ഹോട്ടല്‍ ,റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ 4 മുതല്‍ 8 വരെ സിംഗപ്പൂര്‍ ഡോളര്‍ മണിക്കൂറിനു ശമ്പളം കിട്ടുന്ന ജോലികള്‍ സര്‍വസാധാരണമാണ് .അവധിക്കാലങ്ങളില്‍ ദിവസവും 12 മണിക്കൂറിലേറെ ജോലി ചെയ്തു ഫീസും കൂടാതെ അവധിക്കാലത്ത് നാട്ടില്‍ പോകാനുള്ള ചിലവുല്‍പ്പെടെ സംഭാധിക്കുന്ന അനേകം മലയാളികളെ ടെമാസെക്കില്‍ കാണാന്‍ സാധിക്കും .
അങ്ങനെ മലയാളികളെ തേടി ആദ്യം ലൈബ്രറിയില്‍ ചെന്നു .നാട്ടിലെ ഏതോ പഞ്ചായത്ത് ലൈബ്രറിയില്‍ ചെന്ന പ്രതീതി ,ഏതാണ്ട് ലൈബ്രറിയുടെ 80 ശതമാനവും മലയാളികള്‍ കയ്യടക്കി വച്ചിരിക്കുന്നു .എവിടെയും മലയാളികളുടെ കലപില ശബ്ദം .അന്വേഷിച്ചപ്പോഴല്ലേ കാര്യം പിടി കിട്ടിയത് ,ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാന്‍ വേണ്ടിയാണു നല്ലൊരു ശതമാനം പേരും ക്ലാസ്സ് കഴിഞ്ഞിട്ടും ഇവിടെത്തന്നെ ചുറ്റിത്തിരിയുന്നത് .സ്വന്തമായ ലാപ്ടോപ്പും ഇന്റര്‍നെറ്റ് സൗകര്യം ഉള്ള സിംഗപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് കഴിഞ്ഞ ഉടനെ വീട്ടിലേക്കു മടങ്ങും ..
ഏതാണ്ട് 1999 മുതലാണ് ടെമാസെക്കിലേക്ക് മലയാളികളുടെ പ്രവാഹം ആരംഭിച്ചത് എന്ന് ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആയ എല്‍ദോ ജോസും ,ജസ്റ്റിന്‍ കെ ജെയിംസും ഓര്‍മ്മിചെടുക്കുന്നു .കുറഞ്ഞ ഫീസും ,മികച്ച പഠന സൗകര്യങ്ങളും ഉയര്‍ന്ന ജോലി സാധ്യതയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ സിംഗപ്പൂരിലേക്ക് ആകര്‍ഷിച്ചു .പത്താം ക്ലാസ്സ് വിജയ ശതമാനം ആണ് ടെമാസെക്കിലെക്കുള്ള അഡ്മിഷന്‍ യോഗ്യത .ഏതാണ്ട് 2005 ആയപ്പോഴേക്കും ഓരോ സെമസ്റ്റെറിലെക്കും 50-ഓളം മലയാളികള്‍ വീതം എത്തിച്ചേരാന്‍ തുടങ്ങി .തുടര്‍ന്ന് ടെമാസെക് പോളിടെക്നിക് ചെന്നൈയിലുള്ള എസ് .ആര്‍ .എം കോളേജുമായി സഹകരിച്ചു ഒന്നാം വര്‍ഷം അവിടെ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ന്നുള്ള രണ്ടു വര്‍ഷം സിംഗപ്പൂരില്‍ പഠനം തുടരാനുള്ള അവസരം ഒരുക്കിയത് ഏറെ പ്രയോജനം ചെയ്തത് മലയാളികള്‍ക്കാണ് .കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ടെമാസെക്കില്‍ പ്രവേശനം ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 90% -ഇല്‍ കൂടുതല്‍ കേരളത്തില്‍ നിന്നുള്ളവരാണ് .
സിംഗപ്പൂരില്‍ താമസിക്കുവാന്‍ ഏറ്റവും സുപ്രധാനമാണ് ഇവിടത്തെ വിസ .സിറ്റിസണ്‍ഷിപ് കഴിഞ്ഞാല്‍ സിംഗപ്പൂര്‍ നല്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന സ്റ്റാറ്റസ് ആണ് പെര്‍മനന്റ്റ് റെസിഡന്‍റ് അഥവാ സിംഗപ്പൂര്‍ PR.ഇവിടെ ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ തന്നെ ഗവണ്മെന്റ് PR ഓഫര്‍ ലെറ്റര്‍ നല്‍ക്കുന്ന പ്രവണത 2010 വരെ നില നിന്നിരുന്നു ,ഇപ്രകാരം നൂറു കണക്കിന് മലയാളികള്‍ ആണ് ടെമാസെക്കില്‍ നിന്ന് പഠനം കഴിഞ്ഞു സിംഗപ്പൂരില്‍ സ്ഥിര താമസം ആക്കിയിരിക്കുന്നത് .എന്നാല്‍ 2010 മുതല്‍ ഗവണ്മെന്റ് വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത് മൂലം പഠനശേഷം 6 മാസത്തോളം ജോലി ചെയ്‌താല്‍ മാത്രമേ ഇപ്പോള്‍ PR ലഭിക്കുകയുള്ളൂ .തന്‍മൂലം ജോലി കിട്ടാതെ വരുന്ന സാഹചര്യങ്ങളില്‍ പലരും ഏറെ ബുദ്ധിമുട്ടുന്നതായി ഈ അടുത്ത കാലയളവില്‍ പലരില്‍ നിന്നും മനസ്സിലാക്കാന്‍ ഇടയായിട്ടുണ്ട് .
അവസാനമായി പഠിച്ചിറങ്ങിയ ബാച്ചിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരുന്നു .6 പെണ്‍കുട്ടികളും 14 ആണ്‍കുട്ടികളും ഉള്‍പ്പെടെ ഇരുപതോളം മലയാളികള്‍ ഇത്തവണയും ഉണ്ടായിരുന്നു.ഇതില്‍ പകുതിയിലേറെപ്പേര്‍ കണ്ടെത്തിക്കഴിഞ്ഞു എന്ന് 2009/12 ബാച്ചിലെ അനു മുരളീധരന്‍ പ്രവാസി എക്സ്പ്രസ്സിനോട് പറഞ്ഞു .ഏകദേശം 125-ഓളം മലയാളികള്‍ എന്ന് ടെമാസെക്കില്‍ പഠിക്കുന്നുണ്ട്
.കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇവിടെനിന്നു പഠിച്ചിറങ്ങി ഇന്നു സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികളും അവര്‍ ടെമാസെക്കില്‍ ചെയ്ത നേട്ടങ്ങളും വിസ്മരിക്കാന്‍ പറ്റാത്തതാണെന്ന് ഇന്റര്‍നാഷണല്‍ സ്റ്റുടെന്റ്സിന്‍റെ ചുമതലയുള്ള മിസ്സ്.ബോയി സ്യൂട്ട് യിം പറഞ്ഞു .2007-ഇല്‍ മലയാളികല്‍ ചേര്‍ന്ന് സണ്‍ടെക്കില്‍ സംഘടിപ്പിച്ച ഒലിവ് എന്ന സ്റ്റേജ് പ്രോഗ്രാം ആയിരുന്നു ഇതില്‍ ആദ്യതേത് .സിംഗപ്പൂര്‍ മലയാളീ അസ്സോസിയെഷനുമായി ചേര്‍ന്ന് അവതരിപ്പിച്ച ഈ പരിപാടിയില്‍ സിനിമ നടി സീമ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .
അതിനു ശേഷം ടെമാസെക്ക് പോളിയുമായി സഹകരിച്ചു 2009-ഇല്‍ നടന്ന ഓണം ആഘോഷങ്ങള്‍ ആണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം .50-ഓളം പേര്‍ കേരളത്തിന്റെ തനതായ പരിപാടികളുമായി സ്റ്റേജില്‍ അണി നിരന്നപ്പോല്‍ സിംഗപ്പൂര്‍ ജനതയ്ക്ക് അതൊരു പുത്തന്‍ അനുഭവമായി മാറി .ഓണം എന്ന് കേട്ടുകേള്‍വി പോലും ഇല്ലായിരുന്ന പലര്‍ക്കും കേരളത്തെക്കുറിച്ചും ഒപ്പം തനതായ കേരള സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഈ ആഘോഷങ്ങള്‍ ഏറെ സഹായിച്ചു .അതുകൊണ്ട് തന്നെ ടെമാസെക്കിലെ സ്റ്റാഫിന് ഇപ്പോള്‍ ദീപാവലി പോലെ പ്രധാനപ്പെട്ട ഒന്നാണ് ഓണവും.
എന്നാല്‍ കുറച്ചു നാള്‍ ടെമാസെക്ക് പോളിക്ക് തലവേദന സൃഷ്ട്ടിച്ച വിഷയം ആയിരുന്നു മലയാളികളുടെ ഇടയില്‍ കണ്ടു വരുന്ന റാഗിങ്ങ് എന്ന മോശം പ്രവണത .ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ കര്‍ശന നടപടികള്‍ ആരംഭിച്ചത് മൂലം റാഗിങ്ങ് കുറഞ്ഞു വരുന്നതായാണ് ഇന്റര്‍നാഷണല്‍ സ്ടുടെന്റ്സ് ക്ലബ് നല്‍ക്കുന്ന വിശദീകരണം .
ഇതിനുശേഷം കൂടുതല്‍ മലയാളികളെ കാണുവാനായി ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു .എന്ജിനീരിംഗ് സ്കൂളിലെ പ്രധാന കാന്‍റീന്‍ ആണ് ഷോര്‍ട്ട് സര്‍ക്യൂട്ട് .മലയാളികള്‍ ഭൂരിഭാഗവും പഠിക്കുന്നത് എഞ്ചിനീയറിംഗ് സ്കൂളില്‍ തന്നെയാണ് .ഇതുകൂടാതെ ഐ .ടി സ്കൂളിലും മലയാളികളുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നുണ്ട് .പോകുന്ന വഴികളിലെ നോട്ടീസ് ബോര്‍ഡില്‍ വിവിധ തരം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മലയാളികളുടെ ഫോട്ടോ കാണാന്‍ ഇടയായി .റോബോട്ടിക്സ് ഗെയിംസ് ഇനങ്ങളില്‍ ഓരോ വര്‍ഷവും കേരള പ്രതിഭകള്‍ ധാരാളം സമ്മാനങ്ങള്‍ ടെമാസെക്കിലേക്ക് എത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു ..
പ്രതീക്ഷിച്ച പോലെ ഒരു കൂട്ടം ആളുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിലും ഉണ്ടായിരുന്നു .അവരുടെ ഭക്ഷണ രീതി ആകെ അമ്പരിപ്പിച്ചു കളഞ്ഞു .ചൈനീസ് ,മലേഷ്യന്‍,വെസ്റ്റേണ്‍ വിഭവങ്ങളോടാണ് പലര്‍ക്കും താല്‍പ്പര്യം കൂടുതല്‍ .വിലക്കുറവും ആരോഗ്യപ്രഥവുമായ ഭക്ഷണം ആണെന്നാണ് അവര്‍ ഇതിനു കണ്ടെത്തുന്ന പ്രധാന കാരണം .എന്തായാലും നാട്ടിലെ ഒരു ചായക്കടയില്‍ എത്തിയ പ്രതീതി ,ചായകുടിയും സ്വറ പറയലും ആയി ജോലി ഇല്ലാത്ത ദിനങ്ങളില്‍ അവര്‍ ഇവിടെ കൂടും .ദുഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കു വെയ്ക്കും .എന്നാല്‍ വിട്ടു പോന്ന നാടിനോടുള്ള സ്നേഹം അവരുടെ വാക്കുകളില്‍ പ്രകടമാണ് .അടുത്ത തവണ നാട്ടില്‍ പോകുന്ന ദിവസവും എണ്ണി കാത്തിരിക്കുന്നവരും ഏറെയാണ് .എങ്കിലുംഒട്ടു മിക്കവാറും പേരും നിരാശരല്ല .സ്വന്തം കാലില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞതില്‍ അവര്‍ അഭിമാനിക്കുന്നു .
ഒരിക്കല്‍ സിംഗപ്പൂര്‍ പഠനം ഏതു സാധാരണക്കാരനും സാധ്യമായിരുന്നു.എന്നാല്‍ ഇന്ന് അത് സമ്പന്നര്‍ക്ക് വഴി മാറിക്കൊണ്ടിരിക്കുന്നു .രൂപയുടെ വിലയിടവും മറ്റും കണക്ക് കൂട്ടുമ്പോള്‍ ഇന്നു ഏകദേശം പത്തു ലക്ഷത്തോളം രൂപ മൂന്ന് വര്‍ഷത്തെ ഫീസ് ആയി നല്‍കേണ്ടി വരും .എന്നാല്‍ 2007-ഇല ഇതു വരും 2.5 ലക്ഷം മാത്രം ആയിരുന്നു എന്നതു ശ്രദ്ധേയമായ കാര്യമാണ് .മുകളില്‍ പറഞ്ഞ ഫീസ് 80% ട്യൂഷന്‍ ഗ്രാന്‍റ് കഴിഞ്ഞിട്ടുള്ള തുകയാണ് .സാമ്പത്തികമായ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് 75% വരെ ഫീസ് പലിശ ഇല്ലാതെ ലോണ്‍ ആയി കൊടുക്കുവാന്‍ സിംഗപ്പൂര്‍ ബാങ്കുകള്‍ തയ്യാറാണ് .
ഇതുകൂടാതെ ടെമാസെക്ക് ഓഫര്‍ ചെയ്യുന്ന സൗകര്യങ്ങള്‍ വളരെ വലുതാണ് .ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള 30-ഓളം സ്പോര്‍ട്സ് ഇനങ്ങള്‍ സൗജന്യമായി പരിശീലിപ്പികുകയും മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുവാന്‍ സന്നദ്ധമായി ഒരു സ്പോര്‍ട്സ് വിംഗ് തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .അതുകൂടാതെ ഭാരത സംസ്ക്കാരം ഉള്‍പ്പടെയുള്ള വിവിധ സംസ്കാരങ്ങളില്‍ നിന്നുള്ള കലകളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി വിവിധ തരം ക്ലബ്ബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .
61 ലെക്ച്ചര്‍ തിയേറ്റര്‍ ,മൂന്ന് വലിയ ഓഡിറ്റൊരിയം ,11 നിലകളുള്ള വിശാലമായ ലൈബ്രറി ,6 കാന്‍റീന്‍ ,വിവിധ തരം കോര്‍ട്ടുകള്‍ ,സ്വിമ്മിംഗ് പൂള്‍ ,ജിംനേഷ്യം ,മക്‌ഡൊണാള്‍ഡ്സ് ,ബി ബി ക്യൂ പിറ്റ് ,ബുക്ക് സ്റ്റാള്‍ തുടങ്ങിയ അനേകം നൂതനമായ സാങ്കേതികവിദ്യയോട് കൂടിയ കാമ്പസ് ഒരു പക്ഷെ നമ്മുടെ ഇന്ത്യയില്‍ തന്നെ വളരെ വിരളം ആയിരിക്കും .ഏതു സമയവും നേരിട്ടും ഓണ്‍ലൈന്‍ വഴിയും വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ കര്‍മ്മനിരധരായ ഒരു കൂട്ടം അധ്യാപകര്‍ ഇവിടുത്തെ വലിയ പ്രത്യേകതയാണ് . ആറോളം മലയാളികളായ അധ്യാപകരും ഇവിടെ സേവനം അനുഷ്ട്ടിക്കുന്നു എന്നത് തികച്ചും അഭിമാനപൂര്‍വമായ കാര്യം തന്നെയാണ് .
പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട് .ആകെയുള്ള 15000 വിദ്യാര്‍ത്ഥികളില്‍ 1500-ഓളം പേര്‍ പുറം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണ് .ഇതില്‍ ചൈനയും മ്യാന്‍മാറും കഴിഞ്ഞു ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ് .തന്മൂലം വിവിധ രാജ്യങ്ങളുടെ തനത് സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നു പഠിക്കുവാന്‍ സാധിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ് .
സിംഗപ്പൂരില്‍ പഠനത്തിനായി വരുന്നവരോട് ഇവിടെയുള്ളവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം .നിങ്ങളുടെ കഴിവുകള്‍ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം തന്നെയാണ് സിംഗപ്പൂരില്‍ .അഡ്മിഷനായി ശ്രമിക്കുമ്പോള്‍ പരമാവധി ഇവിടെയുള്ള പരിചയക്കാരുമായി ബന്ധപ്പെട്ടു മുന്നോട്ടു പോവുക .ഏജന്റുമാരെ ഒഴിവാക്കുന്നത് മൂലം ഉണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത കുറയ്ക്കുവാനും സാധിക്കും .നേരിട്ട് അപേക്ഷ കൊടുക്കുവാനുള്ള സൗകര്യം കോളേജ് അധികൃതര്‍ ചെയ്യുന്നുണ്ട് .അതിനായി www.tp.edu.sg എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും . പിന്നെ ഒരു കാര്യം കൂടി മനസ്സില്‍ വച്ചോളൂ , ചേരയെ തിന്നുന്ന നാട്ടില് ചെന്നാല് നടുക്കണ്ടം തിന്നണം എന്നാണല്ലോ പ്രമാണം.അത് മനസ്സില്‍ വച്ചുകൊണ്ട് തന്നെ ഇങ്ങോട്ട് വിമാനം കയറിയാല്‍ മതി.
കൂടാതെ നിങ്ങളില്‍ ഉള്ള നമ്മുടെ സംസ്കാരം ,നാടിന്‍റെ നന്മ ,പൈതൃകം ,സ്നേഹം തുടങ്ങിയ നല്ല മാനുഷീക മൂല്യങ്ങള്‍ ചോര്‍ത്തിക്കളയാതെ മുന്നോട്ടു പോവുക .തന്മൂലം നമ്മുടെ നാടിന്‍റെ പേര് സിംഗപ്പൂര്‍ സാംസ്കാരത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ സാധിക്കും എന്നതില്‍ സംശയം ഇല്ല .വൈലോപ്പിള്ളി പാടിയത് പോലെ “ഏതു ദൂസര സന്കല്പത്തില് വളര്ന്നാലും. ഏതു യന്ത്രവല്കൃത ലോകത്തില് പുലര്ന്നാലും. മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വിശുദ്ധിയും. മണവും മമതയും ഇത്തിരി കൊന്നപ്പൂവും..”