വെൻഡിങ് മെഷീനിലൂടെ പ്രസാദം അതും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഇന്ത്യ സാക്ഷ്യപ്പെടുത്തിയത്. കുടിക്കാൻ മിനറൽ വാട്ടർ. അംഗപ്രദക്ഷിണത്തിനു മുമ്പ് രക്തസമ്മർദ്ദ പരിശോധന. കാണിക്ക വഞ്ചി കാണാനേ ഇല്ല. ഇതാണ് പുതു തലമുറ ആഗ്രഹിക്കുന്ന അമ്പലം.
നിത്യ പൂജകൾ കഴിഞ്ഞ് നടയടച്ച് പൂജാരി ക്ഷേത്രത്തിനു പുറത്തിറങ്ങിക്കഴിഞ്ഞാൽ ഗർഭഗ്രഹങ്ങളിൽ പാറ്റയുടേയും പല്ലിയുടേയും വിളയാട്ടമായിരിക്കും. അവയുടെ സഞ്ചാരങ്ങൾ കഴിഞ്ഞ് പുലർച്ചെ പൂജാരി നട തുറന്ന് ഭക്തിപുരസ്സരം നിർമ്മാല്യം തൊഴുത് പ്രസാദം വാങ്ങിക്കഴിക്കുമ്പോൾ മലിനീകരണം കൊണ്ട് മാറിയ ഈ കാലത്ത് മനസ്സിലൊരു ആശങ്ക ഉയരാതിരിക്കില്ല. എത്ര ശുദ്ധമാണ് ഈ പ്രസാദം. ചെന്നൈയിലെ പടപ്പയിലെ ജയദുർഗാ പീഠത്തിലേക്കു വരൂ. കണ്ണടച്ച് പ്രാർത്ഥിക്കാം. കണ്ണടച്ച് പ്രസാദവും കഴിക്കാം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയതാണ് ഈ അമ്പലത്തിൽ നൽകുന്ന പ്രസാദം. ക്ഷേത്രത്തിലേക്കു പ്രവേശിച്ച ഉടൻ അവിടത്തെ ഭാരവാഹികൾ നിങ്ങളുടെ പേരും മൊബൈൽ നമ്പരും നക്ഷത്രവും നിങ്ങളിൽ നിന്ന് ചോദിച്ച് കമ്പ്യൂട്ടറിൽ രേപ്പെടുത്തിക്കഴിയുമ്പോൾ നിങ്ങളുടെ മൊബൈലിൽ “ജയ ദുർഗാ പീഠത്തിലേക്ക് സ്വാഗതം” എന്ന സന്ദേശം എത്തും. കുടിക്കാൻ നിങ്ങൾക്ക് അപ്പോൾ തന്നെ ഒരു കുപ്പി മിനറൽ വാട്ടറും നൽകും. 22 ആരാധനാ മൂർത്തികളെ കുടിയിരുത്തിയിരിക്കുന്ന ഈ അമ്പലം ശുചിത്വത്തിലും ഭക്തരുടെ ആരോഗ്യത്തിലും അങ്ങേയറ്റം ജാഗ്രത പുലർത്തുന്നു. മിനറൽ ജലം കൊണ്ടാണ് ഇവിടെ പ്രസാദം പാചകം ചെയ്യുന്നതെന്നു പറയുന്നു ക്ഷേത്ര ഭാരവാഹികൾ. ‘ഫുഡ് സേഫിറ്റ് ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയതാണ് ഞങ്ങളുടെ ക്ഷേത്രത്തിലെ പ്രസാദം,” മേൽശാന്തിയും ഹെർബൽ ഓങ്കോളജിസ്റ്റുമായ ഡോ. കെ ശ്രീ ശ്രീധർ അവകാശപ്പെടുന്നു.
വെള്ളച്ചോറ്, ധാന്യങ്ങൾ, പച്ചക്കറികൾ, അച്ചാർ, ഡൈജസ്റ്റീവുകൾ, സലാഡ്, ഡെസേർട്ട് എന്നിവ അടങ്ങുന്ന പ്രസാദം ഒരു കാർഡ്‌ബോർഡ് ബോക്‌സിൽ ആണ് നൽകുന്നത്. വിശേഷ ദിവസങ്ങളിൽ ഡെസേർട്ട് ആയി ബ്രൗണീസും ലഭിച്ചേക്കാം. ഈ പ്രസാദം ഒരു ലോജിസ്റ്റിക് കമ്പനി വഴി നിങ്ങളുടെ വീട്ടിലും എത്തിച്ചു തരും. ഇത്തരത്തിലുള്ള പ്രസാദ പായ്ക്കിനോടൊപ്പം ടിഷ്യൂവും ഫോർക്കും സ്പൂണും ഉണ്ടായിരിക്കും. എന്നാൽ ഈ സൗകര്യം എല്ലാവർക്കും ലഭിച്ചു കൊള്ളണമെന്നില്ല. മേന്മയേറിയ അരി അടക്കം പണമല്ലാത്ത വസ്തുക്കൾ കാണിക്കയായി സമർപ്പിക്കുന്ന ഭക്തർക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നതെന്ന് പറയുന്നു മേൽശാന്തി. പൂമാലകൾക്കും വസ്ത്രങ്ങൾക്കും പകരം കാണിക്കയായി അന്നദാനത്തിന് പണം നൽകാനാണ് ഞങ്ങൾ ഭക്തരോട് ആവശ്യപ്പെടുന്നത്.
ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ടോക്കൺ വെൻഡിങ് മെഷിനിൽ ഇട്ടാൽ പ്രസാദപ്പെട്ടി നിങ്ങൾക്ക് മുന്നിലെത്തും. പ്രസാദത്തിന് പണം ഈടാക്കുകയില്ലെന്നു പറയുന്നു ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രത്തിൽ അംഗപ്രദക്ഷിണം നടത്താൻ ഉദ്ദേശിക്കുന്ന ഭക്തരുടെ രക്ത സമ്മർദ്ദം ആ നേർച്ച നിർവഹിക്കും മുമ്പ് പരിശോധിക്കാറുണ്ടെന്ന് പറയുന്നു ഡോ. ശ്രീധർ. അംഗപ്രദക്ഷിണം കഴിഞ്ഞ് മുടി ഉണക്കാൻ ഹെയർ ഡ്രയറും ലഭ്യമാണ്. കൂടാതെ ക്ഷേത്രത്തിന്റെ ആപ്പിലൂടെ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ലഭ്യമാണ്. ആക്‌സെസബിലിറ്റിയിലും ആരോഗ്യത്തിലുമാണ് ഈ ക്ഷേത്രം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നു പറയുന്നു ശ്രീധർ. ലോകത്തെവിടെ ആയിരുന്നാലും നിങ്ങൾക്ക് ക്യു ആർ കോഡ് സ്‌കാൻ ചെയ്തു കൊണ്ട് ആപ്പ് ആക്‌സെസ് ചെയ്യുകയും നിങ്ങളുടെ പേരിൽ പ്രാർത്ഥനകൾ നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്യാം. ഇനി ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിൽ എല്ലാ പോഷകാവശ്യങ്ങളും നിറവേറ്റുന്നതാണ് ഈ പ്രസാദം. ഭാവിയിൽ ബയോമെട്രിക് പ്രസാദം വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുകയാണത്രെ ക്ഷേത്രത്തിന്റെ ലക്ഷ്യം.