പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറും

0

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും പൂരത്തിന് ആരംഭം കുറിച്ചാണ് ഇന്ന് കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15ന് ദേശക്കാര്‍ ചേര്‍ന്ന് കൊടിയേറ്റും. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. പാരമ്പര്യ അവകാശികളായ താഴത്തു പുരയ്ക്കല്‍ സുന്ദരനും സുശിത്തുമാണ് കൊടിമരം തയ്യാറാക്കുന്നത്.

10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്‍റെ ഉയരം. ഭൂമി പൂജ കഴി‍‌ഞ്ഞ് രാശി നോക്കി ലക്ഷണം പറ‍ഞ്ഞ ശേഷമാണ് കൊടി ഉയർത്തുക. മുകളിൽ നിന്ന് 13 വിരൽ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്.

ഉച്ചയ്ക്ക് 12.05 നാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം. പറവട്ടാനിയിലെ ചെമ്പിൽ കുടുംബമാണ് കൊടിമരത്തിനുള്ള കവുങ്ങ് ഒരുക്കുന്നത്. 9 കോൽ ആണ് മരത്തിന്‍റെ ഉയരം. മാവില ആലില പർപ്പടകപ്പുല്ല് എന്നിവ കൊണ്ടാണ് കൊടിമരം അലങ്കരിക്കുക. പെരുവനം കുട്ടൻ മാരാരുടെ മേളവും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും കൊടിയേറ്റത്തിന്‍റെ ഭാഗമായി നടക്കും.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചും മുൻവർഷത്തേക്കാളേറെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുമാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
പൂരം കാണാനെത്തുന്നവർ ക്യാരി ബാഗുമായി എത്തുന്നന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതൽ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് നിലവിൽ പൊലീസ് മുന്നോട്ട വെച്ചിരിക്കുന്ന നിർദ്ദേശം. വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്നു വരികയാണ്.