തുഷാറിനെതിരായ കേസ് ഒത്തുതീർപ്പാക്കാന്‍ ആറ് കോടി ആവശ്യപ്പെട്ട് നാസില്‍

0

ദുബായ്: യുഎഇയില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പാക്കാൻ ആറ് കോടി ആവശ്യപ്പെട്ട് നാസില്‍അബ്‍ദുല്ല. എന്നാല്‍ മൂന്നു കോടി നല്‍കാമെന്നാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്. 90 ലക്ഷം യുഎഇ ദിര്‍ഹം (17 കോടിയിലധികം ഇന്ത്യന്‍ രൂപ) തുക രേഖപ്പെടുത്തിയ ചെക്കാണ് കേസിനായി നാസില്‍ അബ്‍ദുല്ല കോടതിയില്‍ ഹാജരാക്കിയത്. മധ്യസ്ഥര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് നാസില്‍ ആറു കോടി ആവശ്യപ്പെട്ടത്.എന്നാല്‍ ഇത് കൂടുതലാണ് എന്നാണ് തുഷാര്‍ നല്‍കിയ മറുപടി. ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്ന് തുഷാര്‍ പറയുന്നു.

അതിനിടെ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കണമെങ്കില്‍ ആറ് കോടി രൂപയാണ് നാസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു കോടി രൂപ നല്‍കാമെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ നാസില്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്നുകോടി രൂപ നല്‍കാമെന്ന് ഇന്ന് തുഷാര്‍ അറിയിച്ചെങ്കിലും നാസില്‍ അബ്‍ദുല്ല തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസുമായി മുന്നോട്ട് പോയാല്‍ തനിക്ക് വിജയിക്കാന്‍ കഴിയുമെന്ന നിയമോപദേശമാണ് നാസിലിന് ലഭിച്ചിരിക്കുന്നത്.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.എന്നാല്‍ സ്വദേശി പൗരന്റെ ആള്‍ ജാമ്യത്തില്‍ യുഎഇ വിടാന്‍ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം. തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി കൈമാറുകയും അതു കോടതിയില്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ. യൂഎഇ പൗരന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു നാട്ടിലേക്ക് പോകാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അജ്മാന്‍ കോടതിയില്‍ ഇത് ചെറുക്കാന്‍ നാസിലും ശ്രമിക്കുന്നു.