ന്യൂഡൽഹി: ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യാൻ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസർക്കാർ ഉടൻ ആവശ്യപ്പെട്ടേക്കും. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തു കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.
മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം, കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. എന്നാല്‍ ആപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതാണ് ഇത് വൈകാന്‍ കാരണം. വിധിക്ക് സ്റ്റേ അനുവദിക്കാത്തതിനാല്‍ ഉടന്‍ സര്‍ക്കാര്‍ ആപ്പ് നിരോധന നടപടികള്‍ തുടങ്ങുമെന്നാണ് കരുതുന്നത്.
എന്നാൽ, ടിക് ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിസമ്മതിച്ചിരുന്നു. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി. അതേസമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും.