ഗ്രേറ്റ തുന്‍ബര്‍ഗ് ടൈം മാഗസിന്‍ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’

0

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019ലെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ടൈം പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ. ടൈം മാഗസിന്‍ എഡിറ്റര്‍ എഡ് ഫെല്‍സന്‍താള്‍ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്‌സണ്‍ ഓഫ് ദ യേര്‍ ആയി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി.

അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്‌നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന്‍ വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുമാണ് പറയാനുള്ളത്’, യു.എന്നിലെ ഗ്രേറ്റയുടെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായി.

സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യു.എന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടന്ന സമരത്തിനും നേതൃത്വം നല്‍കിയിരുന്നു.

ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയില്‍നിന്നാണ് സമ്മാനാര്‍ഹരെ കണ്ടെത്തുന്നത്. ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പെട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ ഇടംപിടിച്ചിരുന്നു.