കെയ്റോ: ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിലെ റെയ്ൽവെ സ്റ്റേഷനിൽ വൻ തീപിടുത്തം. അപകടത്തിൽ 25 പേർ മരിച്ചതായും 50 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സെൻട്രൽ റാംസസ് സ്റ്റേഷനിലെ കോൺക്രീറ്റ് ബഫർ സ്റ്റോപ്പിൽ ട്രെയിൻ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ നിരവധി പേർ അടുത്ത ട്രെയിനിനായി കാത്തു നിൽക്കുകയായിരുന്നു. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
പ്ലാറ്റ്ഫോമും സമീപത്തെ കെട്ടിടങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചു. ഈജിപ്തിലെ റംസീസിൽനിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമിനടുത്തായി കത്തിക്കരിഞ്ഞ് ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലാണ് ട്രെയിൻ കിടക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ബാരിയറിൽ ട്രെയിന്‍ ഇടിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലം ഈജിപ്ത് പ്രധാനമന്ത്രി മോസ്താഫ മദ്ബൗലി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.