തോമസ് കുക്ക് പാപ്പരായി; 22,000 പേര്‍ക്ക് ജോലിനഷ്ടം

0

178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പ്യരമുള്ള 22,000 പേർ ജോലിചെയ്യുന്നതുമായ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പാപ്പരായി പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടര്‍ന്നാണ് അടച്ചുപൂട്ടുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. ലോകത്താകമാനമുള്ള ഒട്ടുമിക്ക പ്രധാന നഗരങ്ങളിലും പ്രമുഖ വിമാനത്താവളങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫീസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 22,000 പേർ തോമസ് കുക്കിൽ ജോലിചെയ്യുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ഇവരുമായി ബന്ധപ്പെട്ടുകിടക്കുന്ന വിമാന സർവീസുകളും മണി എക്സ്ചേഞ്ചുകളും വേറെ.

തോമസ് കുക്കിലുടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികൾ മാത്രം നിലവിൽ 1,80,000 പേർ വിവിധരാജ്യങ്ങളിലായി സന്ദര്ശനത്തിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്ന പലരുടെയും സ്ഥിതി അനിശ്ചിതത്വത്തിലായി. ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.