പൂരങ്ങളുടെ പൂരത്തിനു അരങ്ങൊരുങ്ങി

0

ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.
പൂരം കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് തൃശൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് പൂരം ചടങ്ങായി മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അന്തിമ അനുമതി ലഭിച്ചതോടെ എല്ലാവര്‍ഷത്തെയും പോലെ എല്ലാ ചടങ്ങുകളുടെയും അകമ്പടിയോടെയാണ് പൂരം നടക്കുക.

കണ്ണിനും കാതിനും ദൃശ്യവിരുന്ന് നല്‍കുന്ന മുപ്പത്താറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരകാഴ്ച്ചയ്ക്ക് അല്‍പ്പ സമയത്തിനകം തുടക്കമാകും. ഇരുന്നൂറ്റി ഇരുപതാമത് പൂരത്തിനാണ് ഇന്ന്  തുടക്കമായത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഘടകക്ഷേത്രമായ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളത്തോടെയാണ് പൂരത്തിന് തുടക്കം കുറിച്ചത്. മറ്റ് ഘടകപൂരങ്ങളും പൂരപ്പറമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.ഇതിനിടെ വിശ്വ പ്രസിദ്ധമായ മടത്തില്‍ വരവ് പഞ്ചവാദ്യവും ലോകത്തിലെ ഏറ്റവും വലിയ ലയവിന്യാസമായ ഇലഞ്ഞിത്തറ മേളവും നടക്കും. തെക്കോട്ടിറക്കവും കുടമാറ്റവും നിറച്ചാര്‍ത്താകും. കുടമാറ്റത്തോടെ പകല്‍ പൂരത്തിന് അവസാനമാകും. ഒടുവില്‍ പുലര്‍ച്ചെ വെടിക്കെട്ട് ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കും. പിറ്റേനാള്‍ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിയും വരെ പൂരലഹിയില്‍ തൃശൂര്‍ അമരും.  എഴുന്നൂറോളം കലാകാരന്‍മാരും നൂറോളം ആനകളും പങ്കെടുക്കുന്ന ആഘോഷത്തിന് പഴുതടച്ച സുരക്ഷയാണ് ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിരിക്കുന്നത്.