
വാഷിങ്ടൺ: ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് വർക്ക് ഓതറൈസേഷൻ ഇല്ലാതാക്കാനുള്ള യുഎസ് നീക്കം അമെരിക്കയിൽ നിന്നുള്ള അടുത്ത കുടിയിറക്കത്തിനു നാന്ദിയായേക്കും. സ്റ്റുഡന്‍റ് വിസയിൽ യുഎസിലെത്തി പഠനം പൂർത്തിയാക്കിയ ശേഷം നിശ്ചിത കാലം അമെരിക്കയിൽ തുടർന്ന് ജോലി കണ്ടെത്താൻ സഹായിക്കുന്ന സൗകര്യമാണ് ഒപിടി വർക്ക് ഓതറൈസേഷൻ. ഇതു നിർത്തലാക്കാനുള്ള നടപടികളുമായാണ് അമെരിക്ക മുന്നോട്ട് പോകുന്നത്.
ഒപിടി നിർത്താലാക്കാനുള്ള ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചതോടെ, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് അമെരിക്കയിൽ എത്തിയിട്ടുള്ള ലക്ഷക്കണക്കിനു വിദ്യാർഥികൾ ആശങ്കയിലായി. ബിൽ പാസായി നിയമമായി മാറിയാൽ ഈ വിദ്യാർഥികളെല്ലാം പഠനം പൂർത്തിയായാലുടൻ തന്നെ അമെരിക്ക വിടേണ്ടി വരും.
ട്രംപ് അധികാരത്തിൽ എത്തിയതിനു പിന്നാലെയാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. ഒന്നാം തവണ പ്രസിഡന്‍റായിരുന്നപ്പോൾ താൻ തുടങ്ങി വച്ച പദ്ധതി പൂർത്തിയാക്കുമെന്ന് ഈ ബിൽ സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരുന്നു.
നിലവിൽ എഫ്1, എം1 സ്റ്റുഡന്‍റ് വിസ ഉള്ളവരെയാണ് ബിൽ പ്രതികൂലമായി ബാധിക്കുക. ഇവർക്ക് ഐടി കമ്പനികൾ ഉൾപ്പടെ സ്പോൺസർ ചെയ്യുന്ന എച്ച്-1 ബി വർക്ക് വിസയിലേയ്ക്കു മാറാൻ കഴിയുന്ന സാഹചര്യം ഇല്ലാതാകും.
ഓപ്പൺ ഡോർസ് 2024 റിപ്പോർട്ട് പ്രകാരം യുഎസിൽ പഠിക്കുകയോ പഠനം പൂർത്തിയാക്കുകയോ ചെയ്ത മൂന്നു ലക്ഷം ഇന്ത്യൻ വിദ്യാർഥികളിൽ ഒരു ലക്ഷം പേരും ഒപിടി അർഹതയുള്ളവരാണ്. ബിരുദം നേടിയ വിദ്യാർഥികളെ ഒരു വർഷത്തേക്ക് യുഎസിൽ ജോലി കണ്ടെത്താൻ ഒപിടി അനുവദിക്കുന്നുണ്ട്. കൂടാതെ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് ബിരുദധാരികൾക്ക് യോഗ്യതയുള്ള ഒരു യുഎസ് തൊഴിൽ ഉടമയ്ക്കൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കിൽ രണ്ടു വർഷത്തേയ്ക്കു കൂടി കാലാവധി നീട്ടുകയും ചെയ്യാം. ബിൽ പാസായാൽ, മറ്റൊരു വർക്ക് വിസയിലേയ്ക്കു മാറാനുള്ള ഓപ്ഷൻ ഇല്ലാതെ ഒപിടി പെട്ടെന്ന് അവസാനിച്ചേക്കാം.