ചൈനയിലെ ഒരു ബിയർ കമ്പനി വലിയ തരത്തിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ബിയറുണ്ടാക്കാനുള്ള സാധനങ്ങളിൽ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്.
ഈ ആഴ്ച ആദ്യമാണ് അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സിങ്‌ടോ ബ്രൂവറി കമ്പനി വെയർഹൗസിലെ ഫാക്ടറി തൊഴിലാളിയാണ് ഒരു വലിയ കണ്ടെയ്‌നറിലേക്ക് മൂത്രമൊഴിച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയകളിൽ വൈറലായി. വെയ്‍ബോയിൽ ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
വീഡിയോ വൈറലായതോടെ കമ്പനി തങ്ങളുടെ നിലപാട് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നു. പൊലീസിൽ സംഭവം അറിയിച്ചിട്ടുണ്ട് എന്നും അന്വേഷണം നടക്കുകയാണ് എന്നുമാണ് കമ്പനി പറയുന്നത്. പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഞങ്ങളുടെ കമ്പനി വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഞങ്ങൾ സംഭവം പൊലീസിനെ ആദ്യം തന്നെ അറിയിച്ചിട്ടുണ്ട്. പൊതു സുരക്ഷാ സംഘടനകളും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും കമ്പനി കൂട്ടിച്ചേർത്തു. സംശയം തോന്നിയ മാൾട്ട് പൂർണമായും അടച്ചു വച്ചിരിക്കുകയാണ്. തങ്ങളുടെ മാനേജ്‍മെന്റിനെ ശക്തിപ്പെടുത്തുകയും ഉത്പന്നത്തിന്റെ ഗുണം ഉറപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പറഞ്ഞു.
അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. പ്രത്യേകിച്ചും ബിയർ പ്രേമികൾക്ക് സംഭവം വിശ്വസിക്കാൻ സാധിച്ചില്ല. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം എന്നും ഇങ്ങനെയാണ് എങ്കിൽ എങ്ങനെ വിശ്വസിച്ച് ബിയർ കഴിക്കുമെന്നും ആളുകൾ കമന്റ് ചെയ്തു. ഒപ്പം, അന്വേഷണം നടക്കട്ടെ എത്രയും പെട്ടെന്ന് ഇത് ചെയ്തയാളെ നിയമത്തിന് മുന്നിലെത്തിക്കണം എന്നും പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നവരും ഉണ്ട്.