മംഗ്ളൂരു: പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ലഖ്‌നൗവിലെ സംഘര്‍ഷത്തില്‍ ഒരാൾ മരിച്ചു. മംഗ്‌ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വൈകീട്ട് നാലരയോടെയാണ് വെടിവെപ്പ് നടന്നത്.
ജലീല്‍, നൗസീന്‍ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാത്രിയോടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അവര്‍തന്നെ സ്ഥിരീകരിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ മംഗ്ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് മംഗളൂരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലഖ്‌നൗവില്‍ ഒരാള്‍ മരിച്ചു. പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷത്തിനിടെ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അസമില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.