യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി എളുപ്പത്തിൽ

0

അബുദാബി: വീസ ഉൾപ്പെടെ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് യുഎഇ ഐസിപി, യുഎഇ പാസ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) താമസക്കാരോട് അഭ്യർഥിച്ചു.

സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭിക്കാൻ സ്വദേശികൾക്കും വിദേശികൾക്കും ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ് അത്യാവശ്യമാണ്. 2 ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്താൽ ഒട്ടുമിക്ക സേവനങ്ങളും ലോകത്ത് എവിടെ ഇരുന്നും ഉപയോഗപ്പെടുത്താം. സർക്കാർ ഉദ്യോഗസ്ഥർ വിദേശ യാത്ര പോകേണ്ടി വരുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ നൽകുന്നതിനും ഇവ അത്യാവശ്യമാണ്. വീസ, എമിറേറ്റ്സ് ഐഡി, കെട്ടിട വാടക കരാർ തുടങ്ങിയവ പുതുക്കുന്നതിനും മറ്റു ഓൺലൈൻ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധം.

യുഎഇ ഐസിപി ആപ് ഡൗൺലോഡ് ചെയ്താൽ വ്യക്തിഗത സേവനങ്ങൾക്കു പുറമേ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരുന്നതിന് വിസിറ്റ് വീസയ്ക്കും. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫിസ് കയറിയിറങ്ങുന്നത് ഒഴിവാക്കാമെന്നതാണ് പ്രത്യേകത. ഇതുമൂലം പണവും സമയവും ലാഭിക്കാം.പാസ്പോർട്ടിൽ വീസ പതിക്കുന്നതിനു പകരം എമിറേറ്റ്സ് ഐഡിയിൽ വിവരങ്ങൾ ചേർത്ത് യുഎഇ പാസുമായി ബന്ധിപ്പിച്ചതോടെ വ്യക്തിഗത വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും. വീസയുടെ കാലാവധി പരിശോധിക്കുന്നതിനും എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പ് എടുക്കുന്നതിനും പിഴ അടയ്ക്കുന്നതിനും സൗകര്യമുണ്ട്.