ലോകം വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. നാല് രാജ്യങ്ങളിൽപ്പെട്ട രണ്ട് കോടിയിലധികം ജനങ്ങൾ പട്ടിണി മരണത്തിലേക്ക് നീങ്ങുകയാണെന്ന് യു എൻ മാനുഷീക വിഭാഗം ഉയർന്ന ഉദ്യോഗസ്ഥൻ സ്റ്റീഫൻ ഒ ബ്രയൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും ബ്രയൻ അറിയിച്ചു.
സൊമാലിയ, നൈജീരിയ, യെമൻ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലാണ് കടുത്ത പട്ടിണിയും ക്ഷാമവും നേരിടുന്നത്. ഉടൻ തന്നെ 440 കോടി ഡോളർ കണ്ടെത്തിയാൽ മാത്രമേ കോടിക്കണക്കിന് ജനങ്ങളെ പട്ടിണി മരണത്തിൽ നിന്ന് രക്ഷിക്കാനാവുകയുള്ളുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.നിലവിൽ യെമനിലേയും സൊമാലിയയിലെയും ജനങ്ങൾക്ക് ജീവൻ നിലനിർത്താൻ സഹായം ആവശ്യമാണെന്നും അല്ലെങ്കിൽ പോഷകാഹാരക്കുറവ് മൂലം ലക്ഷകണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ളവർ മരിക്കാൻ സാധ്യയുണ്ടെന്നും ഇരു രാഷ്ട്രങ്ങളും സന്ദർശിച്ച ശേഷം ബ്രയൻ അറിയിച്ചു.