
ന്യൂഡൽഹി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന.നടി ലീനാ മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന മുംബൈ അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലെന്നാണ് വിവരം. 15 വര്‍ഷമായി പോലീസ് തിരയുന്ന നിരവധി കേസുകളിലെ പ്രതിയാണ് പൂജാരി.പുജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുബൈയിലെ അധോലോക നായകൻ ഛോട്ടാരാജന്‍റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്.1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെയാണു പൂജാരി മാധ്യമ ശ്രദ്ധ നേടുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ വലകൈയായിരുന്നു പുജാരിയും ഛോട്ടാ ഷക്കീലും. ആന്‍റണി ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പുജാരി സെനഗലില്‍ കഴിഞ്ഞിരുന്നതെന്ന് സെനഗല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ നടി ലീനാ മരിയാ പോളിന്‍റെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിനുപിന്നില്‍ രവി പുജാരിയാണെന്ന് പോലീസ് അടുത്തിടെ നിഗമനത്തിലെത്തിയിരുന്നു. ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു.