അലിഗഢ്: ഉത്തര്‍പ്രദേശില്‍ രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അക്രമികള്‍ കണ്ണ് ചൂഴ്‌ന്നെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടംവാങ്ങിയ പതിനായിരം രൂപ പറഞ്ഞ സമയത്ത് തിരികെ നൽകാനാവാതത്തിനെ തുടർന്നാണ് അക്രമികൾ കുഞ്ഞിനെ വകവരുത്തിയതെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപലിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും ശരീരഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിക്കുവേണ്ടി മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവില്‍ ആയിരുന്നു മൃതദേഹം കണ്ടുകിട്ടിയത്.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടികളുടെ അയല്‍വാസികളായ സാഹിദ്, അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.