ബിൻ ലാദന്‍റെ മകനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

1

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ കുറിച്ച് വിവരങ്ങള്‍ കൊടുക്കുന്നവര്‍ക്ക് പാരിതോഷികമായി പത്ത് ലക്ഷം ഡോളർ വാഗ്ദാനം ചെയ്ത് അമേരിക്ക. ഇപ്പോള്‍ ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്ന ഹംസ ബിന്‍ ലാദന്‍, അമേരിക്കയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇവയെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

നിലവിൽ ഹംസ ബിൻ ലാദൻ പാക്-അഫ്ഗാൻ അതിർത്തിയിൽ ഉണ്ടായിരിക്കാനാണ് സാധ്യത. ഇറാനിലേക്കു പോയിരിക്കാനും സാധ്യതയുണ്ടെന്നും മൈക്കൽ ഇവാനോഫ് പറഞ്ഞു. അൽക്വയ്ദയെയും അവരുടെ ഭാവി നേതാക്കളെയും നേരിടുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. 2001 സെബ്തംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദനാണെന്നറിഞ്ഞതിനു പിന്നാലെ 2011ല്‍ ആണ് ഒസാമ ബിന്‍ ലാദനെ പാകിസ്താനില്‍വെച്ച് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം കൊലപ്പെടുത്തിയത്.