വാഷിങ്ടണ്‍: വിമാനത്തിന്റെ കക്കൂസില്‍ കാമറ സ്ഥാപിച്ച് കോക്പിറ്റില്‍ ലൈവ് സ്ട്രീമിങ് നടത്തിയ പൈലറ്റുമാര്‍ക്കെതിരെ നിയമനടപടി. അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍നിന്ന് ഫോണിക്‌സിലേയ്ക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ പൈലറ്റുമാരായ ടെറി ഗ്രഹാം, റയാന്‍ റസ്സല്‍ എന്നിവര്‍ക്കെതിരെയാണ് ഫ്ളൈറ്റ് അറ്റന്‍ഡറായ റെനീ സ്റ്റെയ്‌നാക്കര്‍ പരാതി നല്‍കിയത്. 2017 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
താന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കുമ്പോള്‍ അവിടെ കക്കൂസില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഒരു ഐപാഡില്‍ ലൈവ് സ്ട്രീം ചെയ്യുന്നത് കണ്ടതായി അവര്‍ പരാതിയില്‍ പറയുന്നു. കക്കൂസില്‍ സ്ഥാപിച്ചിരുന്ന ഒരു കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഐപാഡിലേതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
റെനീ സ്റ്റെയ്‌നാക്കര്‍ ഈ കാര്യത്തെക്കുറിച്ച് പൈലറ്റിനോട് തിരക്കിയപ്പോൾ ഇത് വിമാനത്തിന്റെ സുരക്ഷയുടെ ഭാഗമാണെന്നും ബോയിങ് വിമാനങ്ങളില്‍ ഇത്തരം കാമറകള്‍ സ്ഥാപിക്കാറുണ്ടെന്നുമായിരുന്നു പൈലറ്റ് പറഞ്ഞതെന്നും റെനീ സ്റ്റെയ്‌നാക്കര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും വീഡിയോ ദൃശ്യങ്ങള്‍ പൈലറ്റുമാര്‍ പകര്‍ത്തിയിരുന്നതായും അവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ അരിസോണ കോടതിയില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ കേസ് ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ കമ്പനി സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായും ഇത്തരമൊരു സംഭവം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.