‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് നീങ്ങുന്നു; കേരളത്തിൽ അതീവ ജാഗ്രതാ നിര്‍ദേശം

0

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപം മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ രൂപപ്പെട്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിമീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിനൊപ്പം ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്ത് തീരത്തെ ലക്ഷ്യമിട്ടാണ് വായൂ നീങ്ങുന്നത്. ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവാ, വെരാവല്‍ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളോടും കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കടലിലുള്ള മത്സ്യത്തൊഴിലാളികളോട് ഉടന്‍ അടുത്ത തീരത്ത് എത്താ നും നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റ് കടന്നുപോകുന്ന കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 4.5 മീറ്റര്‍ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ടും നാളെ ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളയിടങ്ങളില്‍ ജാഗ്രത പാലിക്കുകയും രാത്രിയാത്ര ഒഴിവാക്കുകയും വേണം. കനത്തമഴയില്‍ സംസ്ഥാനത്ത് ഇന്നലെ മൂന്നുപേര്‍ മരിച്ചിരുന്നു.