വിസിആര്‍ കാലത്തിനു വിരാമം ; ലോകത്തിലെ അവസാനത്തെ വിസിആര്‍ ഇന്ന് പുറത്തിറങ്ങുന്നു

0

പുതുതലമുറക്ക്‌ അപരിചിതമായ ,ഒരുകാലത്ത് കാഴ്ചയുടെ വസന്തം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ നിറച്ച വിസിആര്‍ യുഗത്തിന് അവസാനം .ജപ്പാനിലെ ഫ്യുണായി ഇലക്ട്രിക് കമ്പനിയില്‍ നിന്നും ലോകത്തിലെ അവസാനത്തെ വിസിആര്‍(വീഡിയോ കാസെറ്റ് റെക്കോര്‍ഡര്‍) ഇന്ന് പുറത്തു വരുന്നതോടെ വിസിആര്‍ യുഗത്തിന് തിരശീല വീഴുകയാണ് .

നിര്‍മാണത്തിനാവശ്യമായ ഘടകങ്ങളുടെ ലഭ്യതക്കുറവും ഉപയോക്താക്കളുടെ അഭാവവുമാണ് നിലവിലുള്ള ഒരേയൊരു വിസിആര്‍ നിര്‍മ്മാണ കമ്പനിയായ ഫ്യുണായി തങ്ങളുടെ വിസിആര്‍ നിര്‍മാണം നിര്‍ത്താന്‍ കാരണം .

വീഡിയോ കാസറ്റ് ലൈബ്രറികളുടെ ഒരു നീണ്ട നിര തന്നെയാണ് വിസിആറിന്റെ ആവിര്‍ഭാവത്തോടെ നാടെങ്ങും ഒരുകാലത്ത് മുളച്ചു പൊന്തിയത് .കേബിള്‍ ടിവിയുടെ വരവോടെയാണ് വിസിആറിന്റെ പദവിയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയത്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി സിഡി, ഡിവിഡി എന്നിവയുടെ ആവിര്‍ഭാവത്തോടെ വിസിആറും വീഡിയോ കാസറ്റും പിന്നെപ്പോഴോ പൂര്‍ണ വിസ്മൃതിയിലാണ്ട് പോകുകയായിരുന്നു .കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെവിസി വിസിആര്‍ നിര്‍മ്മാണം അവസാനിപ്പിച്ചതോടെ ഈ രംഗത്ത് അവശേഷിക്കുന്ന ഒരേയൊരു കമ്പനി ഫ്യുണായി മാത്രമായി മാറിയിരുന്നു  . എന്നാല്‍ ഇപ്പോള്‍ ഫ്യുണായിയും വിസിആര്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ അവസാനിക്കുന്നത് രണ്ടുപതിറ്റാണ്ടോളം നീണ്ട കാഴ്ചയുടെ ഓര്‍മ്മചെപ്പാണ്.