പ്രണയമണിത്തൂവൽ പൊഴിയും വിദ്യാസാഗരം…

0

25 വർഷം മുമ്പത്തെ കഥയാണ്,അന്ന് വിദ്യാസാഗർ എന്ന ചെറുപ്പക്കാരൻ സംഗീതലോകത്ത് പിച്ച വച്ച് തുടങ്ങുന്നതേയുള്ളൂ.തെലുങ്കിൽ കുറച്ചധികം സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചെങ്കിലും തമിഴിൽ ഒരു സൂപ്പർഹിറ്റ് ആൽബം ചിട്ടപ്പെടുത്താൻ കഴിയാത്തതിന്റെ നിരാശയിലായിരുന്നു അദ്ദേഹം.മുൻപ് തമിഴിൽ അർജ്ജുൻ നായകനായ ജയ്ഹിന്ദടക്കം മൂന്നിലധികം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചെങ്കിലും അതിലെ പാട്ടുകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.അങ്ങനെയിരിക്കെയാണ് അക്കാലത്തെ തമിഴിലെ ഒരു സൂപ്പർഹിറ്റ് സംവിധായകൻ,തന്റെ പുതിയ സിനിമക്ക് സംഗീതം നൽകാൻ വിദ്യാസാഗറിനെ വിളിക്കുന്നത്.ആ സിനിമയിൽ നായകനായി അഭിനയിക്കുന്ന നടൻ അർജ്ജുന്റെ നിർബന്ധപ്രകാരം തന്നെയായിരുന്നു അത്.നിറഞ്ഞ മനസ്സോടെ തന്നെ വിദ്യാസാഗർ ആ ഓഫർ സ്വീകരിച്ചു.പുതിയ ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കാൻ എസ്.പി.ബാലസുബ്രഹ്മണ്യമടക്കമുള്ള അതികായരെ തന്നെയാണ് വിദ്യാസാഗർ ക്ഷണിച്ചത്.സിനിമയ്ക്ക് തിരക്കിട്ട റിലീസ് നടത്തണം എന്നതിനാൽ സിനിമയിലെ ഗാനങ്ങളുടെ റെക്കോഡിങ് അതിവേഗം ചെന്നൈയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.അങ്ങനെയുള്ള ഒരു ഘട്ടത്തിലാണ് സിനിമയിലെ അടുത്ത പാട്ടിന്റെ കാര്യം സൂചിപ്പിക്കാൻ വിദ്യാസാഗർ എസ്.പി.ബിയുടെ അരികിൽ ചെല്ലുന്നത്.പാട്ടിന്റെ കാര്യം പറഞ്ഞ ഉടനെ റെക്കോർഡിങ് സ്റ്റുഡിയോയിലെ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി എസ്.പി.ബാലസുബ്രഹ്മണ്യം ചോദിച്ചു..”തമ്പീ…ടൈം എന്നാച്ച്”??

“സർ..എട്ട് മണി സാർ” വിദ്യാസാഗർ ക്ലോക്കിലേക്ക് നോക്കി പറഞ്ഞു.

“നൈറ്റ് എട്ട് മണിക്ക് അപ്പ്റം,എനക്ക് എന്ത സോംഗും പാട്റ പഴക്കമേ കെടയാത്…എതുവാ ഇരുന്താലും നാളൈ പാത്ത്ക്ക്റേൻ”.എസ്.പി.ബി എല്ലാ സന്നാഹവും അഴിച്ചു വച്ച് ധിറുതിപ്പെട്ട് തിരിച്ചുപോകാനുള്ള തിടുക്കത്തിലായിരുന്നു.പരമാവധി പാട്ടു പാടി പണം സമ്പാദിക്കുന്നതിലല്ല,മറിച്ച് പാടുന്ന ഗാനം എന്ത് തന്നെയായാലും,അത് ഉള്ളറിഞ്ഞു പാടണം എന്ന പക്ഷക്കാരനാണ് എസ്.പി.ബി..മാത്രമല്ല,രാത്രി എട്ട് മണിക്ക് ശേഷം അദ്ദേഹം റെക്കോഡിങ് നടത്താറില്ല എന്ന് സംഗീതലോകത്ത് അദ്ദേഹത്തെ പരിചയമുള്ള ഏതാണ്ട് എല്ലാവർക്കും അറിയുകയും ചെയ്യും.

“സാർ…ഇന്ത ഒരേ ഒരു സോങ് മട്ടും താൻ സാർ…ഇത് പാടി മുടിഞ്ച്ത്ക്ക് അപ്പ്റം നീങ്ക കലമ്പലാം സാർ….പ്ലീസ് സർ”…വിദ്യാസാഗർ എസ്.പി.ബിയോട് അപേക്ഷിച്ചു.

“മുടിയാത് “എസ്.പി.ബി കട്ടായം പറഞ്ഞു.

എസ്.പി.ബിയുടെ ശീലങ്ങൾ അറിയാവുന്ന ഓർക്കസ്ട്രയിലെ തലമുതിർന്ന അംഗങ്ങളെല്ലാവരും അന്ന് താരതമ്യേനെ പുതുമുഖമായ വിദ്യാസാഗറിനെ നോക്കി ഊറിച്ചിരിച്ചു..അവരെല്ലാം പായ്ക്കപ്പ് ചെയ്ത് പോകാനുള്ള തിടുക്കത്തിലായിരുന്നു.

തിരിച്ചുപോകാനുള്ള ഒരുക്കത്തിൽ മുഴുകിയിരുന്ന എസ്.പി.ബിയോട് വിദ്യാസാഗർ അവസാനശ്രമമെന്ന പോലെ പറഞ്ഞു..”ശരി സാർ…നീങ്ക ഇന്ത സോങ് പാട വേണാ..ആനാ,ഇന്ത പാട്ടുടയ ഫീമെയ്ൽ പോർഷൻ കേട്ട്ക്കിട്ട്,കൊഞ്ചം ഫീഡ്ബാക്ക് എതാവത് സൊല്ലിത്തര മുടിയുമാ”??റെക്കോർഡ് ചെയ്ത പാട്ടിലെ ജാനകിയമ്മ പാടിയ ഭാഗം കേട്ടുനോക്കി എസ്.പി.ബി.യോട് അഭിപ്രായം പറയാനാണ് വിദ്യാസാഗർ അപേക്ഷിച്ചത്.എസ്. ജാനകി പാടിയ പോർഷനിൽ അദ്ദേഹം എന്തെങ്കിലും മാറ്റം നിർദേശിക്കുകയാണെങ്കിൽ അത് ശരിയാക്കിവയ്ക്കാമെന്നും,രാവിലെ എസ്.പി.ബി എഴുന്നേറ്റ് വരുന്ന മുറക്ക് ഒറ്റടേക്കിൽ തന്നെ അദ്ദേഹത്തിന്റെ ഭാഗം മുഴുവനായി തീർക്കാമെന്നുമായിരുന്നു വിദ്യാസാഗറിന്റെ മനസ്സിലുണ്ടായിരുന്ന പ്ലാൻ.

എസ്.പി.ബാലസുബ്രഹ്മണ്യം അപ്പോൾ സ്റ്റുഡിയോയിൽ നിന്ന്
ഇറങ്ങാൻ തുടങ്ങിയിരുന്നു.എന്നാൽ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയിൽ വന്നുകയറിയ ആ ചെറുപ്പക്കാരനെ താനായി നിരാശനാക്കേണ്ടല്ലോ എന്ന് കരുതി പാതിമനസ്സോടെ ജാനകിയമ്മ ആലപിച്ച ആ പാട്ടിന്റെ
Female പോർഷൻ കേൾക്കാൻ അദ്ദേഹം തയ്യാറായി.ജാനകിയമ്മ ആലപിച്ച ഗാനത്തിന്റെ ഭാഗം കേട്ടു കഴിഞ്ഞ ഉടനെ എസ്.പി.ബി കുറേ നേരം കണ്ണടച്ച് മുഖം പൊത്തി ഇരുന്നു..എന്താണ് അവിടെ സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും മനസ്സിലായില്ല..പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി..”തമ്പീ..ശീഘ്രം സ്റ്റുഡിയോ ഓൺ പണ്ണ്…ഇന്ത പാട്ടെ,നാൻ ഇപ്പവേ പാടപ്പോറേൻ..!!!

എസ്.പി.ബിയുടെ മറുപടി കേട്ട് ആദ്യം ഞെട്ടിയത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പിന്നണിവാദകരാണ്,ഒപ്പം വിദ്യാസാഗറും..കാരണം സംഗീതലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള എസ്.ബി.ബാലസുബ്രഹ്മണ്യം ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ട് രാത്രി എട്ട് മണിക്ക് ശേഷം പാടാൻ ഒരുങ്ങുന്നത്!!!

എസ്.പി.ബി നിറഞ്ഞ മനസ്സോടെ തന്നെ തന്റെ ഭാഗം പാടി മുഴുമിപ്പിച്ചു.ആദ്യ ടേക്കിൽ തന്നെ പാട്ട് ഓക്കെയായി.വിദ്യാസാഗറിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.പാട്ട് കേട്ട് കണ്ണുനിറഞ്ഞു നിന്ന വിദ്യാസാഗറിനെ തന്റെ അരികിൽ വിളിച്ച് എസ്.പി.ബി പതിയെ ചെവിയിൽ പറഞ്ഞു…”തമ്പീ..എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം”

അത് കേട്ടപ്പോൾ വിദ്യാസാഗർ അമ്പരന്നു..”എത്ക്ക് സാർ??നീങ്ക പാട്ണ്ത് ഇപ്പൊ ഓക്കെ താൻ സാർ..അപ്പറം എത്ക്ക് സാർ മീണ്ടും പാടപ്പോറീങ്കെ”??

അപ്പോൾ എസ്.പി.ബി പറഞ്ഞു..”തമ്പീ..ഇന്ത പാട്ട് എനക്ക് അവളോം പുടിച്ച് പോച്ച്..നാൻ ഇന്ത പാട്ടെ,മീണ്ടും പാടിയേ ആകണം…കവലപ്പെട വേണാ..ഇന്ത സ്റ്റുഡിയോ റെന്റ് എവളോ ഇരുന്താലും പറവായില്ലൈ..നാൻ പേയ് പണ്ണിക്ക്റേൻ”.സ്റ്റുഡിയോ റെന്റിന്റെ വലിയ തുക വിദ്യാസാഗർ കൊടുക്കേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു എസ്.പി.ബി അന്ന് സംസാരിച്ചത്.

വിദ്യാസാഗർ സമ്മതിച്ചു..എസ്.പി.ബി പാടി. ഒരു വട്ടമല്ല,പലവട്ടം..വീണ്ടും വീണ്ടും പാടിക്കഴിഞ്ഞപ്പോൾ വിദ്യാസാഗർ വിചാരിച്ചു.ഇതാണ് ആ പാട്ടിന്റെ പരമാവധിയെന്ന്..പക്ഷേ,എസ്.പി.ബി നിർത്തിയില്ല..പിന്നെയും പിന്നെയും പുതിയ ഭാവങ്ങൾ ചേർത്ത് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു.അർദ്ധരാത്രി ആകാറായപ്പോൾ വിദ്യാസാഗർ എസ്.പി.ബിയുടെ അടുത്തു ചെന്നു.

“സാർ..എന്ന സാർ ഇത്…ഇത് പോതും സാർ..ഇത് വന്ത് ഓക്കെ സാർ”

അപ്പോൾ എസ്.ബി.പി ഒരു ചെറുമന്ദഹാസത്തോടെ വിദ്യാസാഗറിനോട് പറഞ്ഞു..”തമ്പീ..നീ വേണം ന്ന മൈക്ക് ഓഫ് പണ്ണിക്കോ…ഇല്ലെ നാ സ്റ്റുഡിയോ ക്ലോസ് പണ്ണിക്കോ…ആനാ എനക്ക് ഇന്ത പാട്ടെ നിറുത്ത മുടിയലെ..അവളോം പുടിച്ചിറ്ക്ക്”??അത്രയും പറഞ്ഞപ്പോൾ തന്നെ എസ്.പി.ബിയുടെ ശബ്ദം ഇടറിപ്പോയിരുന്നു..വിദ്യാസാഗറും ശരിക്കും കരഞ്ഞുപോയി.

ശെൽവയുടെ സംവിധാനത്തിൽ അർജ്ജുൻ നായകനായ കർണാ(1995)എന്ന സൂപ്പർഹിറ്റ് തമിഴ്ചിത്രത്തിലെ ‘മലരേ മൗനമാ‘ എന്ന ക്ലാസിക് ഗാനത്തിന്റെ പിറവിയായിരുന്നു അത്.രണ്ട് പതിറ്റാണ്ടിനിപ്പുറവും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡ്യൂയറ്റുകളിൽ ഒന്നായി ഇന്നും ആസ്വാദകരും നിരൂപകരും ഒരേപോലെ പരിഗണിക്കുന്ന അതിപ്രശസ്തമായ ഗാനം..അർജുനും രഞ്ജിതയും ചേർന്ന് അഭിനയിച്ച പ്രണയരംഗങ്ങൾ..വൈരമുത്തുവിന്റെ ഹൃദയഹാരിയായ രചന..കണ്ണടച്ച് ഈ പാട്ടു കേട്ട്,ഒടുവിൽ ഗാനം തീരുമ്പോൾ ആരുടെയും കണ്ണുനിറഞ്ഞുപോകുന്ന വശ്യാനുഭൂതി..പാട്ടുകാരനും ശ്രോതാവുമൊക്കെ ഒരുവേള ഗാനം മാത്രമായി മാറിപ്പോവുന്ന ഇന്ദ്രിയാതീതമായ അനുഭവം.സ്ത്രീ പുരുഷ ശബ്ദങ്ങൾ ഇത്രമേൽ ഇഴുകിച്ചേരുന്നതും പരസ്പരപൂരകമാവുന്നതും ഇന്ത്യൻ സിനിമയിൽ തന്നെ വിരളം.എസ്.പി.ബാലസുബ്രഹ്മണ്യവും എസ്.ജാനകിയും എപ്പോഴൊക്കെ സ്റ്റേജിൽ ഒരുമിച്ചു വന്നാലും ആരാധകർ വീണ്ടും വീണ്ടും പാടാൻ ആവശ്യപ്പെടുന്ന ഗാനങ്ങളിൽ ഒന്ന്..ഒരിക്കൽ തിരുവനന്തപുരത്തെ ഒരു വേദിയിൽ ഈ ഗാനം എസ്.പി.ബിയും എസ്.ജാനകിയും പാടിത്തീർന്നപ്പോൾ ഒരു ചെറുപ്പക്കാരൻ സ്റ്റേജിൽ കയറി ഇരുവരുടെയും കാൽച്ചുവട്ടിൽ വീണു പൊട്ടിക്കരഞ്ഞുവെന്ന വാർത്തയാണ് ഈ പാട്ടിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിമിഷമായി ഓർമയിൽ വരുന്നത്???

ഒരുപക്ഷേ എസ്.പി.വെങ്കിടേഷ് യുഗത്തിന് ശേഷം,മലയാളി ഇത്രമേൽ സ്നേഹിച്ച മറ്റൊരു മറുനാടൻ സംഗീതസംവിധായകനില്ല..ജീവന്റെ സിരകളിലെമ്പാടും ഈണങ്ങളെ മാത്രം സ്വപ്നം കാണുന്ന വ്യക്തി..രണ്ട് പതിറ്റാണ്ടിനിപ്പുറം തമിഴനേക്കാൾ മലയാളിക്ക് പ്രിയപ്പെട്ടവൻ..കാൽനൂറ്റാണ്ടിനിപ്പുറം മലയാളസിനിമാസംഗീതത്തിൽ പതിഞ്ഞ ഏറ്റവും പ്രണയാതുരമായ പേര് .. വിദ്യാസാഗർ..

1963 മാര്‍ച്ച്‌ 2-ന് ആന്ധ്രാപ്രദേശിലെ ബൊബ്ബിലി എന്ന സ്ഥലത്ത് സംഗീതജ്ഞനായിരുന്ന യു.രാമചന്ദറിന്റെയും സൂര്യകാന്തത്തിന്റെയും മകനായാണ് വിദ്യാസാഗര്‍ ജനിച്ചത്.പ്രശസ്ത സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ഈശ്വരചന്ദ്രവിദ്യാസാഗറിനോടുള്ള ആദരസൂചകമായാണ് മാതാപിതാക്കൾ മകന്,വിദ്യാസാഗര്‍ എന്ന് പേരിട്ടത്.സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗര്‍ ജനിച്ചത്.പിതാവ് രാമചന്ദറിന്‌ എട്ടു സംഗീതോപകരണങ്ങള്‍ വായിക്കാനറിയാമായിരുന്നു.അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹമൂര്‍ത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു.നാല് വയസ്സു മുതല്‍ വിദ്യാസാഗര്‍,അച്ഛനില്‍ നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങി.8 വയസ്സുള്ളപ്പോള്‍ ധന്‍‌രാജ് മാസ്റ്ററുടെ കീഴില്‍ നാലു വര്‍ഷത്തോളം ഗിത്താറും പിന്നീട് പിയാനോയും അഭ്യസിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികില്‍ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു.പതിനൊന്ന് വയസ്സുള്ളപ്പോള്‍ തന്നെ പന്ത്രണ്ടോളം സംഗീതോപകരണങ്ങൾ അനായാസം വായിക്കൻ വിദ്യാസാഗറിനായിരുന്നു.അക്കാലത്ത് ചെന്നെയിലായിരുന്നു മിക്ക സിനിമകളുടെയും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്.കരിയറിന്റെ തുടക്കത്തിൽ വിദ്യാസാഗറും എ.ആർ.റഹ്മാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ചെന്നൈയില്‍ ശബ്ദലേഖനം ചെയ്ത വിവിധ ഭാഷകളിലെ പല സംഗീതസംവിധായകരുടെയും സഹായിയായി പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ആരംഭകാലത്ത് ലഭിച്ചു.1989ല്‍ ഇരട്ടസംവിധായകരായ രാജശേഖരന്‍(റോബര്‍ട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എന്‍ അന്‍പേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി.പക്ഷേ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.1993-96 കാലഘട്ടത്തില്‍ തെലുങ്ക് സിനിമയില്‍ ചേക്കേറിയ വിദ്യാസാഗര്‍ അവിടത്തെ തിരക്കേറിയ സംഗീതസംവിധായകനായി മാറി.1994-95ൽ നടൻ അർജ്ജുൻ നായകനായ ചിത്രങ്ങളാണ് അദ്ദേഹത്തെ വീണ്ടും തമിഴില്‍ തിരിച്ചുകൊണ്ടുവന്നത്.അര്‍ജ്ജുന് വേണ്ടി കര്‍ണ്ണ,സുബാഷ്,ജയ്ഹിന്ദ്,ആയുധപൂജൈ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് വിദ്യാസാഗർ സംഗീതം പകര്‍ന്നു.ആ സിനിമകളിൽ ചില നല്ല ഗാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീതസംവിധായകന്നും ശ്രദ്ധിക്കപ്പെട്ടില്ല.നടൻ മമ്മൂട്ടിയുമായുള്ള പരിചയമാണ് 1996-ല്‍ വിദ്യാസാഗറിനെ മലയാളസിനിമയിലെത്തിച്ചത്.”മലയാളചിത്രത്തില്‍ സംഗീതം ചെയ്യാന്‍ താല്പര്യമുണ്ടോ”എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ ‘താങ്കള്‍ നായകനാണെങ്കില്‍ ചെയ്യാം’ എന്നായിരുന്നു വിദ്യാസാഗറിന്റെ മറുപടി.മമ്മൂട്ടി-കമല്‍ ടീമിന്റെ അഴകിയ രാവണന്‍ എന്ന സിനിമ അങ്ങനെ വിദ്യാസാഗറിന്റെ ആദ്യ മലയാളസിനിമയായി.ആ സിനിമയിലെ പാട്ടുകള്‍ എല്ലാം തന്നെ വൻ ജനപ്രീതിയാർജ്ജിച്ചു.മനോഹരമായ ഒരു മെലഡിയെങ്കിലും ഇല്ലാതെ ഒരു ചിത്രം പോലും മലയാളത്തില്‍ ഇത് വരെയും അദ്ദേഹം ചെയ്തിട്ടില്ല.മലയാളത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത ഏതാനും സിനിമകളുടെ ലിസ്റ്റ് ഒന്ന് പരിശോധിച്ചു നോക്കൂ

അഴകിയ രാവണനിൽ തുടങ്ങുന്നു മലയാളത്തിൽ അദ്ദേഹത്തിന്റെ പ്രയാണം.ശേഷം ഒരു മറവത്തൂർ കനവ്,പ്രണയവര്‍ണ്ണങ്ങള്‍,നിറം,സമ്മര്‍ ഇന്‍ ബത്ലഹെം,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്,വർണപ്പകിട്ട്,ചന്ദ്രനുദിക്കുന്ന ദിക്കിൽ,ദേവദൂതൻ,ഡ്രീംസ്,ഉസ്താദ്,രണ്ടാം ഭാവം,മീശ മാധവൻ,ചാന്ത്പൊട്ട്,ഗ്രാമഫോൺ,സി.ഐ.ഡി.മൂസ തുടങ്ങി അനാർക്കലിയും ഇന്ത്യൻ പ്രണയകഥയും ജോമോനും വരെ എത്തി നിൽക്കുന്ന വിജയഗാഥ???

കൗതുകകരമായ മറ്റൊരു വസ്തുത വിദ്യാജി ചിട്ടപ്പെടുത്തിയ മലയാളസിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വളരെ വിരളമാണ് എന്നതാണ്..സിനിമ പരാജയമാണെങ്കിൽ പോലും സിനിമകളിലെ ഗാനങ്ങൾ എന്നും ആസ്വാദകർക്ക് പ്രിയങ്കരമാണ്..ദേവദൂതൻ,മില്ലെനിയം സ്റ്റാർസ്,രണ്ടാം ഭാവം,ചന്ദ്രോത്സവം,എന്നീ പരാജയസിനിമകളെല്ലാം ഇന്ന് ഓർമിക്കപ്പെടുന്നതിന്റെ മുഖ്യകാരണം അതിലെ മനോഹരമായ ഗാനങ്ങൾ കൊണ്ട് കൂടിയാണ്.ലാൽജോസ്,സിബി മലയിൽ,കമൽ,ജോണി ആന്റണി,രഞ്ജിത് എന്നിവർ അദ്ദേഹത്തിന്റെ പ്രതിഭയെ മലയാളത്തിൽ നന്നായി ഉപയോഗിച്ചവരാണ്.മൊഴിമാറ്റചിത്രങ്ങളടക്കം പരിഗണിച്ചാൽ ഏതാണ്ട് 68ഓളം സിനിമകൾ മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടുണ്ട്.അദ്ദേഹം മലയാളത്തിൽ ചെയ്‌ത സിനിമകളിൽ തീർത്തും ശ്രദ്ധിക്കപ്പെടാതെ പോയത് കാക്കേ കാക്കേ കൂടെവിടെ എന്ന ചിത്രം മാത്രമാണെന്നറിയുമ്പോൾ മനസ്സിലാക്കാം ആ പ്രതിഭയുടെ യഥാർത്ഥ ആഴം എന്താണെന്ന്.2005ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖി എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ തമിഴിലും തന്റെ അധീശത്വം വിദ്യാസാഗർ ഒന്നു കൂടി ഊട്ടിയുറപ്പിച്ചു.മലയാളത്തിൽ സജീവമായ വേളയിൽ തന്നെ തമിഴിലും അദ്ദേഹം നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്.ദിൽ,ഗില്ലി,ദൂൾ,റൺ,വില്ലൻ,തിരുമലൈ,ചന്ദ്രമുഖി,അൻപേ ശിവം,മൊഴി,വേദം,മധുര,തിത്തിക്കുതേ,കുരുവി,പൂവെല്ലാം ഉൻവാസം,ജയം കൊണ്ടാൻ..തമിഴിലെ ഹിറ്റുകളുടെ നിര നീളുന്നു..ഉദിത് നാരായണൻ അടക്കമുള്ളവർക്ക് സ്ഥിരമായി അവസരം നൽകുന്നത് പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ഹിറ്റുകൾ തുടർച്ചയായി സൃഷ്ടിച്ചത് കൊണ്ട് തന്നെ അത്തരം ആരോപണങ്ങൾക്കെല്ലാം അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..മധു ബാലകൃഷ്ണൻ അടക്കമുള്ള മലയാളി ഗായകർക്ക് തമിഴിൽ മേൽവിലാസം ഉണ്ടാക്കി കൊടുത്തത് വിദ്യസാഗർ ഈണമിട്ട ഗാനങ്ങളാണ്..കഴിവുള്ള എല്ലാ പ്രതിഭകളെയും തന്റെ ചിത്രത്തിൽ സഹകരിപ്പിക്കാൻ മടി കാണിക്കാറില്ല എന്നതാണ് വിദ്യാസാഗറിന്റെ മറ്റൊരു സവിശേഷത.അർഹതക്കുള്ള അംഗീകാരമെന്ന കണക്ക് സ്വരാഭിഷേകം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

ഈ മനുഷ്യന്റെ ഒരു പാട്ടില്ലാതെയുള്ള മലയാളസിനിമാസംഗീതം അചിന്ത്യം..മലയാളി,ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമായാലും അവന്റെ ചുണ്ടില്‍ തത്തികളിക്കുന്ന ഒരു വിദ്യാസാഗർ മെലഡി,എന്തായാലും ഉണ്ടായിരിക്കും,മിക്കവാറും അത് അദ്ദേഹത്തിന്റെ പഴയൊരു ക്ലാസ് സോങ് തന്നെ ആയിരിക്കും.സമകാലികരായ മറ്റ് സംഗീത സംവിധായകരിൽ നിന്ന് വിഭിന്നമായി #വൈകാരികമായഒരു അടുപ്പം #വൈകാരികമായഒരു അഭിനിവേശം മലയാളത്തിൽ വിദ്യാജിയുടെ ഗാനങ്ങളോട് തോന്നുതെന്തേ എന്ന് പലവുരു ആലോചിച്ചിട്ടുണ്ട്..വീടിനുള്ളിലും പുറത്തുമെല്ലാം നാം ആഗ്രഹിച്ചും ആഗ്രഹിക്കാതെയും നിരവധി പാട്ടുകളുടെ അലകള്‍ ഇന്ന് നമ്മുടെ കാതുകളില്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്.എന്നാല്‍, ഒന്നോ രണ്ടോ ശ്രവണത്തോടെ തന്നെ വിസ്മൃതങ്ങളാകുന്നവയാണ് പുതിയ സിനിമാഗാനങ്ങളില്‍ ഭൂരിഭാഗവും എന്നതാണ് അവസ്ഥ.ഒരു പാട്ടിനെ കൂടുതല്‍ പരിചയപ്പെട്ടാല്‍,അവ പിന്നീട് കേള്‍ക്കുമ്പോള്‍ അരോചകമായി തോന്നുന്നുവെന്നാണ് ഇപ്പോഴുള്ള മിക്ക ചലച്ചിത്രഗാനങ്ങളിൽ ഭൂരിഭാഗവും നേരിടുന്ന യഥാർത്ഥ പ്രതിസന്ധി.ഗാനങ്ങൾ എപ്പോഴും കാലത്തിവർത്തിയാകണമെന്ന ബോധ്യം ഇന്ന് ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുന്നു.നായകനും നായികയും വിലകൂടിയ വേഷവിതാനങ്ങളോടെ ശരീരഭാഗങ്ങള്‍ ചലിപ്പിച്ചു ചെയ്യുന്ന നൃത്തത്തിന്,ആവശ്യമുള്ള ഒന്നാണ് സിനിമാപാട്ട് എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് സിനിമാസ്രഷ്ടാക്കളില്‍ ചിലരെങ്കിലും വച്ചുപുലര്‍ത്തുന്നതുവെന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. ഇപ്പോഴത്തെ തലമുറ ഇതാണ് ആവശ്യപ്പെടുന്നത് എന്നാണ് പലപ്പോഴും അവര്‍ ഇതിന് പറയുന്ന വിചിത്രമായ ന്യായം.എന്നാൽ സപ്തസ്വരജന്യമായ നമ്മുടെ സംഗീതം തുറന്നുതരുന്ന അപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി,ഡ്രം, ഹെവിമെറ്റല്‍സംഗീതം എന്നിവ കാര്യമായി ഉപയോഗിക്കാതെ എല്ലാതരം പ്രേക്ഷകരെ ആകർഷിക്കാനും ഒപ്പം കാലത്തെ അതിജീവിച്ച നിരവധി ഈണങ്ങൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞുവെന്നതുമാണ് വിദ്യാജിയുടെ ഏറ്റവും വലിയ സവിശേഷത.അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് കാഴ്ചയെക്കാള്‍,കേള്‍വിക്ക് വൈകാരികമായ ഉത്തേജനം പകർന്ന് തരാനും,കുറേക്കൂടി ആഴത്തില്‍ മനസ്സിനെ സ്വാധീനിക്കാനും കഴിയുമെന്നാണ് ഒരു അനുഭവസ്ഥനെന്ന നിലയിൽ എന്റെ(ഒരു പക്ഷേ എല്ലാവരുടെയും)പക്ഷം.സിനിമയിലെ ഒരു സിറ്റ്വേഷന്‍ എന്തു വികാരമാണോ പ്രേക്ഷകരിൽ ഉണ്ടാക്കേണ്ടത്,അവയെ തീവ്രമാക്കാനും അത്രമേൽ മികവുറ്റതാക്കനും വിദ്യാജിയുടെ പാട്ടിന് കഴിയുന്നതുകൊണ്ടായിരിക്കണം,മലയാളസിനിമയില്‍ അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് എക്കാലത്തും പ്രസക്തി ഉണ്ടായത്.അത് കൊണ്ടാണ് അദ്ദേഹത്തിന്റെ സംഗീതം മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായതും…അത് നമ്മോടു നേരിട്ടു സംവദിക്കുന്നവയാണ്…നമ്മളിലേക്കു തുളച്ചുകയറുന്നവയാണ്..ഒരു പരിചയപ്പെടുത്തലോ വിശദീകരണമോ ആവശ്യമില്ലാതെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയെ വര്‍ദ്ധിതമായ ഭാവസാന്ദ്രതയോടെ അദ്ദേഹത്തിന്റെ ഈണങ്ങൾ ആവാഹിക്കുന്നു

അവസരം ലഭിച്ചപ്പോഴൊക്കെ സൂപ്പർഹിറ്റുകൾ മാത്രം തീർത്ത ഈ മനുഷ്യനാണ് ഇപ്പോൾ സിനിമാക്കാർക്കിടയിൽ അവസരങ്ങളില്ലാതെ തീർത്തും അനഭിമതനായി തീർന്നിരിക്കുന്നത്.സുഗീതിന്റെ ദിലീപ് ചിത്രം #മൈസാന്റയും ജോണി ആന്റണിയുടെ ബിജു മേനോൻ ചിത്രം #ഡാനിയൽകേൾക്കുന്നുണ്ട് എന്ന സിനിമയും ലാൽജോസിന്റെ പേരിടാത്ത പുതിയ സിനിമയും ഈ പ്രതിഭയുടെ തിരിച്ചുവരവാകട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു..#വിദ്യാജിയുടെസംഗീതംശരിക്കുംഒരുലഹരിയാണ്…രാത്രിയിൽകൈവിരലുകൾ നെഞ്ചോട് ചേർത്ത് കിടക്കുമ്പോൾ കിനാവിലെ മോഹങ്ങൾക്ക് കൂട്ടായും കുറുമ്പായും മേമ്പൊടി ചാർത്തുന്ന സാഗരസംഗീതം????

ആദരവോടെ..ആശംസകളോടെ ഒരു കടുത്ത വിദ്യാജി ഭക്തൻ

വിദ്യാജിയുടെ ജനപ്രീതി നേടിയ 151 മലയാളചലച്ചിത്രഗാനങ്ങൾ..ലിസ്റ്റ് അപൂർണമാണ്.??

0️⃣1️⃣പിന്നേയും പിന്നെയും ആരോ കിനാവിന്റെ(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)

0️⃣2️⃣ഒരു രാത്രി കൂടി വിട വാങ്ങവേ(സമ്മർ ഇൻ ബത്ലഹേം)

0️⃣3️⃣വെണ്ണിലാ ചന്ദനക്കിണ്ണം(അഴകിയ രാവണൻ)

0️⃣4️⃣വരമഞ്ഞളാടിയ രാവിന്റെ(പ്രണയവർണങ്ങൾ)

0️⃣5️⃣മറന്നിട്ടുമെന്തിനോ(രണ്ടാം ഭാവം)

0️⃣6️⃣മിഴിയറിയാതെ വന്നു നീ(നിറം)

0️⃣7️⃣ദ്വാദശിയിൽ(മധുരനൊമ്പരക്കാറ്റ്)

0️⃣8️⃣അമ്പാടിപ്പയ്യുകൾ മേയും(ചന്ദ്രനുദിക്കുന്ന ദിക്കിൽ)

0️⃣9️⃣വാക്കിങ് ഇൻ ദി മൂൺലൈറ്റ്(സത്യം ശിവം സുന്ദരം)

1️⃣0️⃣കരളേ എൻ കൈ പിടിച്ചാൽ(ദേവദൂതൻ)

1️⃣1️⃣വാനം ചായും(അനാർക്കലി)

1️⃣2️⃣കരിമിഴിക്കുരുവിയെ കണ്ടീലാ(മീശമാധവൻ)

1️⃣3️⃣വെണ്ണിലാക്കൊമ്പിലെ രാപ്പാടി(ഉസ്താദ്)

1️⃣4️⃣മണിമുറ്റത്താവണിപ്പന്തൽ(ഡ്രീംസ്)

1️⃣5️⃣ആരാരും കാണാതെ(ചന്ദ്രോത്സവം)

1️⃣6️⃣കസവിന്റെ തട്ടമിട്ട്(കിളിച്ചുണ്ടൻ മാമ്പഴം)

1️⃣7️⃣തങ്കത്തിങ്കൾ കിളിയായ്(ഇന്ദ്രപ്രസ്ഥം)

1️⃣8️⃣മുന്തിരിച്ചേലുള്ള പെണ്ണേ(മധുരനൊമ്പരക്കാറ്റ്)

1️⃣9️⃣ആരൊരാൾ പുലർമഴയിൽ(പട്ടാളം)

2️⃣0️⃣എത്രയോ ജന്മമായ്(സമ്മർ ഇൻ ബത്ലഹേം)

2️⃣1️⃣മാണിക്യക്കല്ലാൽ(വർണപകിട്ട്)

2️⃣2️⃣കൂട്ടിമുട്ടിയ(പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)

2️⃣3️⃣പറയാൻ ഞാൻ മറന്നു(മില്ലേനിയം സ്റ്റാർസ്)

2️⃣4️⃣ആരോ വിരൽ മീട്ടി(പ്രണയവർണങ്ങൾ)

2️⃣5️⃣ശാരികേ നിന്നെ കാണാൻ(രാക്കിളിപ്പാട്ട്)

2️⃣6️⃣തെക്ക് തെക്ക് തെക്കേപ്പാടം(എഴുപുന്ന തരകൻ)

2️⃣7️⃣പ്രായം നമ്മിൽ മോഹം നൽകി(നിറം)

2️⃣8️⃣പ്രണയമണിത്തൂവൽ പൊഴിയും(അഴകിയ രാവണൻ)

2️⃣9️⃣വിളിച്ചതെന്തിന് നീ(ഗ്രാമഫോൺ)

3️⃣0️⃣തൊട്ടുരുമ്മിയിരിക്കാൻ(രസികൻ)

3️⃣1️⃣സുന്ദരിയേ സുന്ദരിയേ(ഒരു മറവത്തൂർ കനവ്)

3️⃣2️⃣ഒന്നാനാം കുന്നിന്മേലേ(കിളിച്ചുണ്ടൻ മാമ്പഴം)

3️⃣3️⃣വെള്ളിനിലാത്തുള്ളികളോ(വർണപ്പകിട്ട്)

3️⃣4️⃣കാത്തിരിപ്പൂ കണ്മണി(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)

3️⃣5️⃣സൂര്യനായ് തഴുകി(സത്യം ശിവം സുന്ദരം)

3️⃣6️⃣എന്താണിന്നെന്നോടൊന്നും ചോദിക്കല്ലേ(ഗോൾ)

3️⃣7️⃣പുന്നെല്ലിൻ കതിരോല(മെയ്ഡ് ഇൻ USA)

3️⃣8️⃣മഞ്ഞു പോലെ മാൻകുഞ്ഞ് പോലെ(ദോസ്ത്)

3️⃣9️⃣കണ്ണാടിക്കൂടും കൂട്ടി(പ്രണയവർണങ്ങൾ)

4️⃣0️⃣ചൂളമടിച്ചു കറങ്ങി നടക്കും(സമ്മർ ഇൻ ബത്ലഹേം)

4️⃣1️⃣യാത്രയായ് സൂര്യാങ്കുരം(നിറം)

4️⃣2️⃣താലിക്ക് പൊന്ന്(ദൈവത്തിന്റെ മകൻ)

4️⃣3️⃣പൂവേ പൂവേ പാലപ്പൂവേ(ദേവദൂതൻ)

4️⃣4️⃣കണ്ണിൽ കാശിത്തുമ്പകൾ(ഡ്രീംസ്)

4️⃣5️⃣ഒരു കുഞ്ഞുപൂവിന്റെ(ചന്ദ്രനുദിക്കുന്ന ദിക്കിൽ)

4️⃣6️⃣തൊട്ട് തൊട്ട് തൊട്ട്(ഡയമണ്ട് നെക്ലെസ്)

4️⃣7️⃣ഈ തണുത്ത മൺചുരങ്ങൾ (അനാർക്കലി)

4️⃣8️⃣ആഴക്കടലിന്റെ(ചാന്തുപൊട്ട്)

4️⃣9️⃣എന്റെ എല്ലാമെല്ലാമല്ലേ(മീശമാധവൻ)

5️⃣0️⃣കുന്നിമണിക്കൂട്ടിൽ(സമ്മർ ഇൻ ബത്ലഹേം(

5️⃣1️⃣ഓ ദിൽറുബാ(അഴകിയ രാവണൻ)

5️⃣2️⃣എന്തിനീ മിഴി രണ്ടും(ഓർഡിനറി)

5️⃣3️⃣മിന്നിത്തെന്നും നക്ഷത്രങ്ങൾ(നിറം)

5️⃣4️⃣രാരവേണൂ ഗോപബാലാ(മിസ്റ്റർ ബട്ലർ)

5️⃣5️⃣നിനക്കെന്റെ മനസ്സിലെ(ഗ്രാമഫോൺ)

5️⃣6️⃣ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ(പ്രണയവർണങ്ങൾ)

5️⃣7️⃣കനവുകളാടിയ കണ്ണിലിന്നൊരു(മുല്ല)

5️⃣8️⃣രാവേറെയായ് പൂവേ(റോക്ക് N റോൾ)

5️⃣9️⃣അവ്വ അവ്വ(സത്യം ശിവം സുന്ദരം)

6️⃣0️⃣ചിങ്ങമാസം വന്ന് ചേർന്നാൽ(മീശമാധവൻ)

6️⃣1️⃣വാർത്തിങ്കൾ തെല്ലല്ലേ(ഡ്രീംസ്)

6️⃣2️⃣എൻ ജീവനേ(ദേവദൂതൻ)

6️⃣3️⃣ഒരു പൂമഴയിലേക്കെന്ന പോലെ(ഗ്രാമഫോൺ)

6️⃣4️⃣ചിലമ്പൊലിക്കാറ്റേ(സി.ഐ.ഡി.മൂസ)

6️⃣5️⃣തൈ ഒരു തെനവയൽ(ചന്ദ്രനുദിക്കുന്ന ദിക്കിൽ)

6️⃣6️⃣ആരെഴുതിയാവോ(സ്പാനിഷ് മസാല)

6️⃣7️⃣പ്രഭാതത്തിലെ നിഴല് പോലെ(മധുരനൊമ്പരക്കാറ്റ്)

6️⃣8️⃣അനുപമസ്നേഹചൈതന്യമേ(വർണപപകിട്ട്)

6️⃣9️⃣ഒന്നാം കിളി പൊന്നാംകിളി(കിളിച്ചുണ്ടൻമാമ്പഴം)

7️⃣0️⃣നാടോടിപ്പൂന്തിങ്കൾ(ഉസ്താദ്)

7️⃣1️⃣കരുണാമയനേ(ഒരു മറവത്തൂർ കനവ്)

7️⃣2️⃣അനുരാഗവിലോചനനായി(നീലത്താമര)
7️⃣3️⃣ചന്ദ്രഹൃദയം(സത്യം ശിവം സുന്ദരം)

7️⃣4️⃣എങ്ങ് നിന്നെങ്ങു നിന്നീ(ഇലവങ്കോട് ദേശം)

7️⃣5️⃣പുലരിപ്പൂ പെണ്ണേ(എന്നും എപ്പോഴും)

7️⃣6️⃣ഓമനക്കോമള താമരപ്പൂവേ(ഒരു ഇന്ത്യൻ പ്രണയകഥ)

7️⃣7️⃣എന്തേ ഇന്നും വന്നീല(ഗ്രാമഫോൺ)

7️⃣8️⃣വെണ്ണക്കല്ലിൽ നിന്നെ കൊത്തി(പട്ടാളം)

7️⃣9️⃣മഞ്ഞു പെയ്യണ്(ചന്ദ്രനുദിക്കുന്ന ദിക്കിൽ)

8️⃣0️⃣ആകാശങ്ങളിൽ വാഴും(വർണപ്പകിട്ട്)

8️⃣1️⃣സുമംഗലിക്കുരുവീ(അഴകിയ രാവണൻ)

8️⃣2️⃣കിളിപ്പെണ്ണേ(ദോസ്ത്)

8️⃣3️⃣യദുവംശയാമിനീ(ദുബായ്)

8️⃣4️⃣മുറ്റത്തെത്തും തെന്നലേ(ചന്ദ്രോത്സവം)

8️⃣5️⃣മ മ മ മാരിമഴയെ(രസികൻ)

8️⃣6️⃣മാരിവില്ലിൻ ഗോപുരങ്ങൾ(സമ്മർ ഇൻ ബത്ലഹേം)

8️⃣7️⃣പമ്പാഗണപതി(പട്ടാളം)

8️⃣8️⃣നോക്കി നോക്കി നോക്കി(ജോമോന്റെ സുവിശേഷങ്ങൾ(

8️⃣9️⃣മായാദേവകിക്ക്(ചന്ദ്രനുദിക്കുന്ന ദിക്കിൽ)

9️⃣0️⃣എന്നെ മറന്നോ പൊന്നേ(എഴുപുന്ന തരകൻ)

9️⃣1️⃣ശുക്രിയാ(നിറം)

9️⃣2️⃣ദൂരെ മാമരക്കൊമ്പിൽ(വർണപ്പകിട്ട്)

9️⃣3️⃣ആരു തരും ഇനിയാരു തരും(മേക്കപ്പ് മാൻ)

9️⃣4️⃣കണ്ണിൻ വാതിൽ ചാരാതെ(മുല്ല)

9️⃣5️⃣മുത്താരം മുത്തല്ലേ(മിസ്റ്റർ ബട്ലർ)

9️⃣6️⃣ഓ മുംബൈ(മില്ലെനിയം സ്റ്റാർസ്)

9️⃣7️⃣തത്തമ്മപ്പേര്(ദോസ്ത്)

9️⃣8️⃣ആലിലക്കാവിലെ(പട്ടാളം)

9️⃣9️⃣വിളക്ക് കൊളുത്തി വരും(കിളിച്ചുണ്ടൻ മാമ്പഴം)

1️⃣0️⃣0️⃣ഇരുളിൽ ഒരു കൈത്തിരി(സ്പാനിഷ് മസാല)

1️⃣0️⃣1️⃣ഊരും പേരും പറയാതെ(താപ്പാന)

1️⃣0️⃣2️⃣പൈക്കുറുമ്പിയെ മേയ്ക്കും(ഗ്രാമഫോൺ)

1️⃣0️⃣3️⃣നിലാമലരേ നിലാമലരേ(ഡയമണ്ട് നെക്ലേസ്)

1️⃣0️⃣4️⃣സുൻ സുൻ സുന്ദരിത്തുമ്പീ(ഓർഡിനറി)

1️⃣0️⃣5️⃣നീലത്താമരേ(നീലത്താമര)

1️⃣0️⃣6️⃣ഓ മാമ മാമ ചന്ദാമാമ(റോക്ക് N റോൾ)

1️⃣0️⃣7️⃣മുന്തിരിപ്പാടം(കൊച്ചിരാജാവ്)

1️⃣0️⃣8️⃣ഒരു കുലപ്പൂ(പ്രണയവർണങ്ങൾ)

1️⃣0️⃣9️⃣ദും ദും ദും ദും ദൂരെയേതോ(രാക്കിളിപ്പാട്ട്)

1️⃣1️⃣0️⃣ശ്രുതിയമ്മ ലയമച്ഛൻ(മധുരനൊമ്പരക്കാറ്റ്)

1️⃣1️⃣1️⃣കൺഫ്യൂഷൻ(സമ്മർ ഇൻ ബത്ലഹേം)

1️⃣1️⃣2️⃣സാഹിബാ(അനാർക്കലി)

1️⃣1️⃣3️⃣മലർവാക കൊമ്പത്ത്(എന്നും എപ്പോഴും)

1️⃣1️⃣4️⃣വാളെടുക്കണം(ഒരു ഇന്ത്യൻ പ്രണയകഥ)

1️⃣1️⃣5️⃣ഒറ്റത്തുമ്പീ(പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)

1️⃣1️⃣6️⃣പെണ്ണേ പെണ്ണേ നിൻ(മീശ മാധവൻ)

1️⃣1️⃣7️⃣നിലാത്തുമ്പീ വരൂ(ദൈവത്തിന്റെ മകൻ)

1️⃣1️⃣8️⃣മഴവില്ലിൻ കൊട്ടാരത്തിൽ(ഇന്ദ്രപ്രസ്ഥം)

1️⃣1️⃣9️⃣ആതിര രാക്കുടിലിൽ(അപൂർവരാഗം)

1️⃣2️⃣0️⃣മേലേ വിണ്ണിൻ(എഴുപുന്ന തരകൻ)

1️⃣2️⃣1️⃣ഓക്കേലാ ഓക്കേലാ(വർണപ്പകിട്ട്)

1️⃣2️⃣2️⃣പക്കാല പാടാൻ വാ(ഡ്രീംസ്)

1️⃣2️⃣3️⃣ശ്രാവൺ ഗംഗേ(മില്ലേനിയം സ്റ്റാർസ്)

1️⃣2️⃣4️⃣ഓമനപ്പുഴ കടപ്പുറത്തിൻ(ചാന്ത്പൊട്ട്)

1️⃣2️⃣5️⃣പൊന്മുളം തണ്ട് മൂളും(ചന്ദ്രോത്സവം)

1️⃣2️⃣6️⃣മണിവാക പൂത്ത(താപ്പാന)

1️⃣2️⃣7️⃣വിണ്ണിലെ പൊയ്കയിൽ(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)

1️⃣2️⃣8️⃣മൊഹബത്ത്(അനാർക്കലി)

1️⃣2️⃣9️⃣സാജൻ(ഒരു ഇന്ത്യൻ പ്രണയകഥ)

1️⃣3️⃣0️⃣മധുമതി പൂ(ഗീതാഞ്ജലി)

1️⃣3️⃣1️⃣ഹയോ(സ്പാനിഷ് മസാല)

1️⃣3️⃣2️⃣മഞ്ഞിൻ വെള്ളി തൂവൽ(പാപ്പി അപ്പച്ചാ)

1️⃣3️⃣3️⃣മഞ്ചാടി മഴ പുഞ്ചിരിക്കൊഞ്ചലുകൾ(റോക്ക് N റോൾ)

1️⃣3️⃣4️⃣കണ്ണിൽ ഉമ്മ വച്ച്(ആലീസ് ഇൻ വണ്ടർലാൻഡ്)

1️⃣3️⃣5️⃣കുക്കൂ കുക്കൂ തീവണ്ടി(മില്ലേനിയം സ്റ്റാർസ്)

1️⃣3️⃣6️⃣തങ്കക്കുട്ടാ സിങ്കക്കുട്ടാ(കൊച്ചിരാജാവ്)

1️⃣3️⃣7️⃣കാണാപ്പൊന്നും തേടി(ചാന്ത്പൊട്ട്)

1️⃣3️⃣8️⃣ആ ഒരുത്തി അവളൊരുത്തി(അനാർക്കലി)

1️⃣3️⃣9️⃣ആറുമുഖൻ മുന്നിൽ(മുല്ല)

1️⃣4️⃣0️⃣മൂളിപ്പാട്ടും പാടി(മേക്കപ്പ് മാൻ)

1️⃣4️⃣1️⃣അല്ലിയമ്പലായ്(സിദ്ധാർത്ഥ)

1️⃣4️⃣2️⃣മഞ്ഞുമാസപ്പക്ഷീ(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)

1️⃣4️⃣3️⃣കന്നിനിലാപെൺകൊടിയേ(ഒരു മറവത്തൂർ കനവ്)

1️⃣4️⃣4️⃣പൊട്ട് തൊട്ട പൊന്നുമണീ(ആലീസ് ഇൻ വണ്ടർലാൻഡ്)

1️⃣4️⃣5️⃣ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്(ചാന്ത്പൊട്ട്)

1️⃣4️⃣6️⃣കണ്ണിൽ കണ്ണിൽ മിന്നും(3 ഡോട്ട്‌സ്)

1️⃣4️⃣7️⃣ആരോടും ആരാരോടും(ഭയ്യാ ഭയ്യാ)

1️⃣4️⃣8️⃣ചില് ചില് ചിലമ്പൊലി താളം(ഉസ്‌താദ്‌)

1️⃣4️⃣9️⃣ഈ കടലിന്(മറിയം മുക്ക്)

1️⃣5️⃣0️⃣കസ്തൂരിപ്പൂങ്കാറ്റേ(കിളിച്ചുണ്ടൻ മാമ്പഴം)

1️⃣5️⃣1️⃣അക്കരെ നിന്നൊരു(സ്പാനിഷ് മസാല)