ഭാര്‍ഗവി നിലയത്തിലെ നായിക വിജയ നിര്‍മ്മല അന്തരിച്ചു

0

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഭാർഗ്ഗവി നിലയത്തിലെ നായികാ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടി എന്നതിലുപരി മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ്. ശിവാജി ഗണേഷനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരില്‍ ഒരാളായിരുന്നു വിജയ നിര്‍മ്മല.

ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോഡ് വിജയ നിര്‍മ്മലയുടെ പേരിലാണ്. വ്യത്യസ്ത ഭാഷകളിലായി 44 സിനിമകളാണ് സംവിധാനം ചെയ്തത്.തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 -ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

https://youtu.be/tQO10CdixFY

നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാള സിനിമയാണ്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍.

റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

1971 ല്‍ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിര്‍മല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂര്‍ ഭാസി,വിന്‍സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന,കവിയൂര്‍ പൊന്നമ്മ എന്നിവര്‍ അഭിനയിച്ചു. 2009 ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

വിജയ കൃഷ്ണ മൂവീസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ച് 15 സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. തെലുഗു സൂപ്പർ സ്റ്റാർ കൃഷ്ണമൂര്‍ത്തിയാണ് ഭർത്താവ്. ഇദ്ദേഹത്തിനൊപ്പം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.